528 കി.മീറ്റര്‍ റേഞ്ച്; കിയ ഇവി6 എത്തി

100 യൂണീറ്റുകള്‍ മാത്രം വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് ഇതുവരെ 355 ബുക്കിംഗുകളാണ് ലഭിച്ചത്

Update:2022-06-02 16:46 IST

ഇന്ത്യയില്‍ 100 യൂണീറ്റുകള്‍ മാത്രം വില്‍പ്പനയ്ക്ക് എത്തുന്ന കിയയുടെ ഇലക്ട്രിക് മോഡല്‍  ഇവി6 (Kia EV6) അവതരിപ്പിച്ചു. 59.95 ലക്ഷം രൂപയാണ് ഈ ഹൈ-എന്‍ഡ് പ്രീമിയം ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ് ഷോറും വില. 4വീല്‍ ഡ്രൈവ് മോഡലിന് 64.94 ലക്ഷം രൂപ മുതലാണ് വില. സെപ്റ്റംബറിലാണ് വാഹനം ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

ഇതുവരെ 355 ബുക്കിംഗുകളാണ് ഇവി6ന് ലഭിച്ചത്. മെയ് 26 മുതല്‍ 3 ലക്ഷം രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാനുള്ള അവസരം കിയ നല്‍കിയിരുന്നു. ഹ്യൂണ്ടായിയുടെ ഇവി പ്ലാറ്റ്‌ഫോമില്‍ ( Electric- Global Modular Platform) ആണ് ഇവി6 എത്തുന്നത്. വാഹനത്തില്‍ ഉപയോഗിക്കുന്ന 77 Kwh ബാറ്ററി ഒറ്റച്ചാര്‍ജില്‍ 528 കി.മീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കാന്‍ 5.2 സെക്കന്‍ഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജിടി, ജിടി -ലൈന്‍ (ഓള്‍ വീല്‍ ഡ്രൈവ്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ജിടി 229 hp പവരും 350 nm ടോര്‍ക്കും നല്‍കുമ്പോള്‍ ജിടി-ലൈന്‍ 347 hp പവറും 605 nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 800 വോള്‍ട്ട് അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് ആണ് ഇവി6ന് കിയ നല്‍കിയിരിക്കുന്നത്. 350 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിട്ടില്‍ 80 ശതമാനം വരെ ബാറ്റിറി ചാര്‍ജ് ചെയ്യാം. മൂന്ന് വര്‍ഷത്തെ വാറന്റിയും 8 വര്‍ഷത്തെ പ്രത്യേക ബാറ്ററി കവറേജും ഇവി6ന് കമ്പനി നല്‍കും. മൂണ്‍സ്‌കേപ്പ്, സ്‌നോ-വൈറ്റ് പേള്‍, റണ്‍വേ റെഡ്, അറോറ ബ്ലാക്ക് പേള്‍, യാച്ച് ബ്ലൂ എന്നീ നിറങ്ങളിലാണ് വാഹനം എത്തുന്നത്.

Tags:    

Similar News