വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് വീണ്ടും വില കുറച്ച് ഓല ഇലക്ട്രിക്; വില പെട്രോള്‍ സ്‌കൂട്ടറിനേക്കാള്‍ കുറവ്
ഫെബ്രുവരിയില്‍ കമ്പനി ചില ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചിരുന്നു;
വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് വീണ്ടും വില കുറച്ച് പ്രമുഖ വൈദ്യുത വാഹന കമ്പനിയായ ഓല ഇലക്ട്രിക്. ഇത്തവണ ഓല ഇലക്ട്രിക്കിന്റെ എസ് 1 എക്‌സ് (Ola S1X) വേരിയന്റുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഈ ശ്രേണിയില്‍ നിലവില്‍ ഏറ്റവും വിലകുറഞ്ഞ മോഡലിന് ഇപ്പോള്‍ വെറും 69,999 രൂപ മാത്രമാണുള്ളത്.
പുതുക്കിയ വില ഇങ്ങനെ
ഓല എസ് 1 എക്‌സ് 4kWh വേരിയന്റിന്റെ വില 1.09 ലക്ഷം രൂപയില്‍ നിന്ന് 99,999 രൂപയ്‌ലേക്ക് (എക്‌സ് ഷോറൂം) കുറച്ചു. നികുതി ഉള്‍പ്പെടെ മറ്റ് ചാര്‍ജുകളും കൂടി ചേരുന്നതോടെ കൊച്ചിയില്‍ ഇതിന് 1.16 ലക്ഷം രൂപ (ഓണ്‍-റോഡ്) വരും. 3 kWh വേരിയന്റിന് 84,999 രൂപയാണ് (എക്‌സ് ഷോറൂം) നിലവിലെ വില. കൊച്ചിയില്‍ ഇതിന് ഒരു ലക്ഷം രൂപ (ഓണ്‍-റോഡ്) വരും.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
അതേസമയം 2 kWh ബാറ്ററിയുമായി വരുന്ന ഓല എസ് 1 എക്‌സിനാണ് ഏറ്റവും കുറഞ്ഞ വിലയുള്ളത്. 69,999 രൂപ (എക്‌സ് ഷോറൂം). കൊച്ചിയില്‍ ഇത് 85,172 രൂപയ്ക്കാണ് (ഓണ്‍-റോഡ്) ലഭിക്കുക. ഓല 10,000 രൂപയാണ് ഈ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്ക് കുറച്ചത്. ഓല എസ് 1 എക്‌സ് നിലവില്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാണ്. ഇവയുടെ വിതരണം അടുത്തയാഴ്ച മുതല്‍ ആരംഭിക്കും.
സവിശേഷതകള്‍ ഏറെ
ഓല എസ് 1 എക്‌സിന് 5-ഇഞ്ച് സ്‌ക്രീന്‍, 34 എല്‍ ബൂട്ട് സ്പേസ്, ഐക്കണിക് ഓല ഹെഡ്ലാമ്പ് തുടങ്ങിയവ മാറ്റേകുന്നു. 4 kWh മോഡല്‍ 190 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 3, 2 kWh മോഡലുകള്‍ യഥാക്രമം 143 കിലോമീറ്റർ, 95 കിലോമീറ്റർ റേഞ്ചും. ഏറ്റവും പ്രാധന സവിശേഷത 3, 2 kWh മോഡലുകള്‍ താക്കോലോടുകൂടിയാണ് വരുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓല എസ് 1 എക്‌സ് +, എസ് 1 എയര്‍, എസ് 1 പ്രൊ എന്നിവയുടെ വില കുറച്ചിരുന്നു.
മറ്റ വാഹനങ്ങളുമായി താരതമ്യം ചെയ്താല്‍
വിലയുടെ കാര്യത്തില്‍ മറ്റൊരു പ്രമുഖ വൈദ്യുത സ്‌കൂട്ടറായ എഥര്‍ 450 എക്‌സിന്റെ വില 1.40 ലക്ഷമാണ് (എക്‌സ് ഷോറൂം). കൊച്ചിയില്‍ ഇതിന് 1.56 ലക്ഷം രൂപ (ഓണ്‍-റോഡ്) വരും. ടി.വി.എസ് ഐക്യൂബിന് 1.47 ലക്ഷം രൂപയും (എക്‌സ് ഷോറൂം). കൊച്ചിയില്‍ 1.55 ലക്ഷം രൂപയും (ഓണ്‍-റോഡ്) വരും. ഇനി പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ സുസൂക്കി ആക്‌സസ് 125ന് 85,275 രൂപയാണ് വില (എക്‌സ് ഷോറൂം). കൊച്ചിയില്‍ 1.05 ലക്ഷവും (ഓണ്‍-റോഡ്).
ആക്ടീവയ്ക്ക് വില 80,334 രൂപയാണ് (എക്‌സ് ഷോറൂം). കൊച്ചിയില്‍ 98,335 രൂപയും (ഓണ്‍-റോഡ്). ഈ വാഹനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഓല എസ് 1 എക്‌സിന്റെ (2 kWh) വിലയാണ് ഏറ്റവും കുറഞ്ഞു നിൽക്കുന്നത്.