ഫെഡറല്‍ ബാങ്ക് വീണ്ടും ലയന വിവാദത്തില്‍!

കോട്ടക് മഹീന്ദ്രയുമായി ലയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഫെഡറല്‍ ബാങ്ക്

Update:2022-09-05 13:51 IST

Image Courtesy: Vijay/Dhanam

കേരളത്തില്‍ നിന്നുള്ള ഫെഡറല്‍ ബാങ്കും ദേശീയ തലത്തിലെ സ്വകാര്യ ബാങ്കുമായി ലയിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍. മുംബൈ ആസ്ഥാനമായ കോട്ടക് മഹീന്ദ്ര ബാങ്കുമായാണ് പ്രാരംഭ ലയന ചര്‍ച്ചകള്‍ നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിഎന്‍ബിസിയും പിന്നീട് മണി കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളുമാണ് ലയന സൂചന സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നത്. ലയനം സംബന്ധിച്ച് ഏതാനും ദിവസങ്ങളില്‍ ഉറപ്പുവരുമെന്ന് വിവരങ്ങള്‍ അറിയുന്നവര്‍ സൂചന നല്‍കിയിരുന്നു. അതേസമയം ഇപ്പോള്‍ ഫെഡറല്‍ ബാങ്ക് ഇതേക്കുറിച്ച് പ്രസ്താവന ഇറക്കിയിരിക്കുകയാണ്.

'ഫെഡറല്‍ ബാങ്കും മറ്റൊരു സ്വകാര്യ ബാങ്കും തമ്മിലുള്ള ലയനത്തിന്റെ വാര്‍ത്ത ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' എന്നാണ് ഫെഡറല്‍ ബാങ്ക് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. ഇന്നുവരെ സെബി റെഗുലേഷന്‍സ് ആക്റ്റ് 2015 പ്രകാരം റിപ്പോര്‍ട്ട് ചെയ്യേണ്ട വിവരങ്ങള്‍ ഒന്നും തന്നെ തങ്ങളുടെ പക്കല്‍ ഇപ്പോള്‍ ഇല്ല എന്നാണ് ബാങ്ക് പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകളെ ബാങ്ക് തീര്‍ത്തും നിഷേധിക്കുന്നില്ല.




 


ഫെഡറല്‍ ബാങ്കിനെക്കുറിച്ചുള്ള ലയന വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നു. മുമ്പും കേരളത്തില്‍ നിന്നും നിരവധി ബാങ്കുകള്‍ ദേശീയ തല ബാങ്കുകളുമായി ലയിച്ചിട്ടുണ്ട്. കൊച്ചിന്‍ ബാങ്ക്, പറവൂര്‍ സെന്‍ട്രല്‍ ബാങ്ക്, ലോര്‍ഡ് കൃഷ്ണ ബാങ്ക്, എസ്ബിടി എന്നിവ അവയില്‍ ചിലതാണ്.

ബാങ്കുകളുടെ ലയനം മുമ്പ് കേരളത്തില്‍ വലിയ സമരങ്ങള്‍ അടക്കമുള്ള എതിര്‍പ്പുകള്‍ക്ക് വഴിവച്ചിരുന്നു. ഇനി ഭാവിയില്‍ ലയനം നടന്നാല്‍ തന്നെ വലിയ എതിര്‍പ്പുകള്‍ വരാനുള്ള സാധ്യത കുറവാണ്. മുമ്പ് ബാങ്ക് ജീവനക്കാരുമായി ഉപഭോക്താക്കള്‍ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നുവെങ്കില്‍ ഇന്ന് അത്തരം ആവശ്യകതകള്‍ പലരും ഡിജിറ്റലാക്കിയിരിക്കുകയാണ്.

ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്ന ബാങ്കുകളിലൊന്നാണ് ഫെഡറല്‍ ബാങ്ക്. ഡിജിറ്റല്‍ ബാങ്കിംഗ്് ശക്തി പ്രാപിച്ചതിനാല്‍ തന്നെ ബാങ്ക് ജീവനക്കാരുടെ എണ്ണം ബാങ്കുകള്‍ക്ക് പ്രശ്‌നമല്ലാതെയുമായിരിക്കുന്നു. ഇതിനാല്‍ തന്നെ ബാങ്കിന്റെ ലയന വാര്‍ത്തകള്‍ വന്നാലും വലിയ എതിര്‍പ്പുകള്‍ക്ക് സാധ്യതയില്ല.

ശക്തരായ ഓഹരി ഉടമകള്‍ ഇല്ല എന്നുള്ളതും ബാങ്കിന്റെ ലയനത്തിന് ഭാവിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കില്ല. അതേസമയം കേരളത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ഫെഡറല്‍ ബാങ്കും കേരളത്തിന് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പല ഇടപാടുകാരും ജീവനക്കാരും.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News