ഫോറെക്‌സ്, സ്റ്റോര്‍ വാല്യു,സ്മാര്‍ട്ട് കാർഡ്: ഫീസ് രൂപയിൽ തന്നെ വാങ്ങണമെന്ന് റിസര്‍വ് ബാങ്ക്
വിദേശത്തു പോകുമ്പോൾ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതാണ് ഇത്തരം കാര്‍ഡുകള്‍
ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡുകള്‍, സ്റ്റോര്‍ വാല്യു കാര്‍ഡുകള്‍, യാത്രാ കാര്‍ഡുകള്‍ എന്നിവയില്‍ ഈടാക്കുന്ന ചാര്‍ജുകള്‍ രൂപയിലായിരിക്കണമെന്ന് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). പൊതുവെ വിദേശ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതാണ് ഇത്തരം കാര്‍ഡുകള്‍. പണപിടപാടുകള്‍ക്കുള്ള ഫീസ് ചില ബാങ്കുകള്‍ വിദേശ കറന്‍സിയിലാണ് ഈടാക്കുന്നതെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു. രൂപയില്‍ തന്നെ ഫീസ് ഈടാക്കാനും രേഖപ്പെടുത്താനുമാണ് നിര്‍ദേശം
അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡുകള്‍
ആര്‍.ബി.ഐയുടെ 2005 ജൂണ്‍ 14ലെ വിജ്ഞാപനമനുസരിച്ച് വിദേശ വിനിമയ ഇടപാട് നടത്താന്‍ അധികാരമുള്ള ബാങ്കുകള്‍ അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡുകള്‍ (ഐ.ഡി.സി) ഇഷ്യൂ ചെയ്യുന്നു. ഇത് ഏതൊരു ഇന്ത്യന്‍ പൗരനും വിദേശ സന്ദര്‍ശനത്തിനിടെ പണമിടപാട് നടത്തുന്നതിന് (അനുവദനീയമായ പരിധിയില്‍) ഉപയോഗിക്കാം. കോള്‍-ബാക്ക് സേവനങ്ങള്‍, വിദേശ കറന്‍സി പിന്‍വലിക്കല്‍ തുടങ്ങി ചില പണമിടപാടുകള്‍ ഇതില്‍ അനുവദനീയമല്ല.
സ്റ്റോര്‍ വാല്യു കാര്‍ഡ്/ചാര്‍ജ് കാര്‍ഡ്/സ്മാര്‍ട്ട് കാര്‍ഡ്
വ്യക്തിഗതമോ വാണിജ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ചില അംഗീകൃത ഡീലര്‍ ബാങ്കുകള്‍ സ്റ്റോര്‍ വാല്യു കാര്‍ഡുകള്‍, ചാര്‍ജ് കാര്‍ഡുകള്‍, സ്മാര്‍ട്ട് കാര്‍ഡുകള്‍ എന്നിവ നല്‍കുന്നുണ്ട്. ഈ കാര്‍ഡുകള്‍ വിദേശ വ്യാപാര സ്ഥാപനങ്ങളില്‍ പണമിടപാട് നടത്താനും എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും ഉപയോഗിക്കാം. ഇത്തരം കാര്‍ഡുകള്‍ നല്‍കുന്നതിന് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല.