ഡി.സി.ബി ബാങ്കിന്റെ മേധാവിയായി‌ കോഴിക്കോട് സ്വദേശി പ്രവീൺ അച്യുതൻ കുട്ടി

ബാങ്കിം​ഗ് രം​ഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തന സമ്പത്തുണ്ട് പ്രവീൺ അച്യുതൻ കുട്ടിക്ക്

Update:2024-01-19 12:28 IST

Image : Praveen Achuthan Kutty/DCB Bank and Canva

മുംബൈ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്കിന്റെ (ഡി.സി.ബി/DCB) മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒയായി മലയാളിയായ പ്രവീൺ അച്യുതൻ കുട്ടിയെ നിയമിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി. 2024 ഏപ്രിൽ 29ന് അദ്ദേഹം ചുമതലയേൽക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം.

കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രവീണിന് ബാങ്കിം​ഗ് രം​ഗത്ത് 32 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. റീറ്റെയ്ൽ, എസ്.എം.ഇ ബാങ്കിം​ഗ് എന്നീ മേഖലകളിൽ വൈദ​ഗ്ദ്ധ്യമുള്ള അദ്ദേഹം കഴിഞ്ഞ 16 വർഷമായി ഡി.സി.ബി ബാങ്കിന്റെ നേതൃനിരയിലുണ്ട്. ബാങ്കിന്റെ റീറ്റെയ്ൽ, എസ്.എം.ഇ., അ​ഗ്രി ബാങ്കിം​ഗ് മേധാവിയായിരിക്കേയാണ് അദ്ദേഹത്തെ തേടി പുതിയ ദൗത്യമെത്തുന്നത്.
ഡി.സി.ബി ബാങ്കിൽ എത്തുംമുമ്പ് അദ്ദേഹം സിറ്റി ബാങ്കിലായിരുന്നു. ന്യൂയോർക്കിൽ അമേരിക്ക-കാനഡ എന്നിവിടങ്ങൾക്കായുള്ള എൻ.ആർ.ഐ ബിസിനസ് മേധാവിയായി പ്രവർത്തിച്ചശേഷമാണ് അദ്ദേഹം ഡി.സി.ബി ബാങ്കിലെത്തിയത്. ബി.ഐ.ടി തിരുച്ചിറപ്പള്ളിയിൽ നിന്ന് എം.ബി.എ ബിരുദം സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് പ്രവീൺ അച്യുതൻ കുട്ടി.
മുരളി നടരാജന്റെ പിൻ​ഗാമി
ഡി.സി.ബി ബാങ്കിന്റെ നിലവിലെ എം.ഡി ആൻഡ് സി.ഇ.ഒയായ മുരളി നടരാജന്റെ പ്രവർത്തന കാലാവധി ഏപ്രിൽ 28ന് അവസാനിക്കും. 2009 മേയിലാണ് മുരളി എം.ഡി ആൻഡ് സി.ഇ.ഒ ആയത്. തുടർന്ന് പുനർ‌നിയമനങ്ങളും അദ്ദേഹത്തിന് തത്‍സ്ഥാനത്ത് ലഭിച്ചു. 2021 ഏപ്രിൽ 28നാണ് അവസാനമായി മൂന്നുവർഷത്തേക്ക് കൂടി പുനർനിയമനം നൽകിയത്.
ഇന്ന് 0.30 ശതമാനം താഴ്ന്ന് 148.85 രൂപയിലാണ് ഡി.സി.ബി ബാങ്കിന്റെ ഓഹരികളിൽ വ്യാപാരം പുരോ​ഗമിക്കുന്നത്.
Tags:    

Similar News