പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ആര്‍ബിഐ ഗവര്‍ണര്‍
ഡിമാന്‍ഡ് വര്‍ധിച്ചത് മൂലം ഇന്ത്യയിലെ വായ്പ വളര്‍ച്ച റെക്കോര്‍ഡ് ഉയരത്തിലാണ്. ഡിജിറ്റല്‍ കറന്‍സിക്കായി ബാങ്കിംഗ് മേഖല ഏത്രത്തോളം സജ്ജമാണെന്ന് ആര്‍ബിഐ വിലയിരുത്തും
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നവംബര്‍ 16ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വായ്പാ വളര്‍ച്ചയുടെ സുസ്ഥിരത എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് ഗവര്‍ണറുടെ ഈ കൂടിക്കാഴ്ച. വര്‍ധിച്ചു വരുന്ന വായ്പ വളര്‍ച്ചയ്ക്കിടയിലും മന്ദഗതിയിലുള്ള നിക്ഷേപ വളര്‍ച്ചയുടെ പ്രശ്‌നം ബാങ്കര്‍മാരുമായി അദ്ദേഹം ചര്‍ച്ച ചെയ്യും.
ഡിമാന്‍ഡ് വര്‍ധിച്ചത് മൂലം ഇന്ത്യയിലെ വായ്പ വളര്‍ച്ച ഇന്ന് റെക്കോര്‍ഡ് ഉയരത്തിലാണ്. 18 ശതമാനം വായ്പാ വളര്‍ച്ചയെ അപേക്ഷിച്ച് നിക്ഷേപങ്ങള്‍ 9.5 ശതമാനം മാത്രമാണ് വളര്‍ന്നത്. നിലവില്‍ വിലക്കയറ്റം തടയാന്‍ ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തുകയാണ്. ഇതുവരെ ആര്‍ബിഐ റിപ്പോ നിരക്ക് 190 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന അടുത്ത പണനയ യോഗത്തില്‍ റിപ്പോ നിരക്ക് ഇനിയും ഉയര്‍ത്തിയേക്കും.
നിക്ഷേപ വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം സാങ്കേതികവിദ്യാ നവീകരണം ബാങ്കിംഗില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 75 ജില്ലകളില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആര്‍ബിഐ ഗവര്‍ണര്‍ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി ചര്‍ച്ച നടത്തിയേക്കും. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നതിന് മുമ്പ് ബാങ്കിംഗ് മേഖല എത്രത്തോളം സജ്ജമാണെന്നുള്ളതും ആര്‍ബിഐ അവലോകനം ചെയ്യും.