ആര്‍ബിഐ ഇനിയും റീപോ നിരക്കുകള്‍ ഉയര്‍ത്തിയേക്കും, സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതെന്തെല്ലാം?

50 ബിപിഎസ് വരെയാകും നിരക്കുയര്‍ത്തുക. പലിശ വര്‍ധനവും പ്രതീക്ഷിക്കാം

Update:2022-09-26 15:31 IST

റിസര്‍വ് ബാങ്ക് പണപ്പെരുപ്പത്തിനെതിരെയുള്ള നിരക്കുയര്‍ത്തല്‍ തുടരുകയാണ്. സെപ്റ്റംബര്‍ 30 ന് നടക്കുന്ന ധനനയ അവലോകനയോഗത്തിലാകും പ്രഖ്യാപനം ഉണ്ടായിരിക്കുക എന്നതാണ് ഇപ്പോള്‍ അറിയുന്നത്. നടക്കാനിരിക്കുന്ന ധന നയ യോഗത്തില്‍ ആര്‍ബിഐ 50 ബിപിഎസ് വരെ നിരക്കുകള്‍ ഉയര്‍ത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. മെയ് മുതലുള്ള മൂന്നു നിരക്കുയര്‍ത്തലില്‍ 5.40 ശതമാനത്തിലാണ് നിലവില്‍ റീപോ നിരക്കുകള്‍ നില്‍ക്കുന്നത്.

ഫെഡറല്‍ പലിശ നിരക്ക് വര്‍ധന പ്രതീക്ഷിത്തതിലും അധികമായിരുന്നു. ആഗോള ഇക്വിറ്റി വിപണികളെയും ബോണ്ട് വിപണികളെയും ഫെഡ് നിരക്കുയര്‍ത്തല്‍ ബാധിച്ചിരുന്നു. ആഗോളതലത്തില്‍ നിരക്ക് വര്‍ധന തുടരാത്തതിനാല്‍ ഇന്ത്യന്‍ വിപണികള്‍ ഉള്‍പ്പെടെയുള്ള ആഗോള ഇക്വിറ്റി വിപണികള്‍ തല്‍ക്കാലം അസ്ഥിരമായി തുടരുമെന്നും വിദഗ്ധര്‍ കരുതുന്നു.
പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെങ്കിലും, ഇന്ത്യയില്‍ നിന്നുള്ള മൂലധന ഒഴുക്കിന്റെ ആഘാതം ആര്‍ബിഐയെ ആശങ്കപ്പെടുത്തുന്നതായി വിദഗ്ധര്‍ പറയുന്നു. നിരക്ക് വര്‍ധനയെ കുറിച്ചും പലിശ ചെലവുകള്‍, ഉപഭോക്തൃ ആവശ്യം മുതലായവയെ ബാധിക്കുന്നതിനെ കുറിച്ചും ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആഗോള ഓഹരികള്‍ താഴ്ന്നിരുന്നു. ഇന്ത്യന്‍ ഓഹരിസൂചികയിലും ആഗോള ചലനങ്ങള്‍ വലിയ രീതിയില്‍ പ്രകടമാണ്.
ഇക്കണോമിക് ടൈംസ് പോലുള്ളവരുടെ സര്‍വേ പ്രകാരം പങ്കെടുത്ത 20 ബാങ്കുകളില്‍ വലിയ രണ്ട് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നത് നിരക്കുയര്‍ത്തല്‍ 60 ബിപിഎസ് എത്തിയേക്കുമെന്നാണെങ്കിലും മറ്റ് ചില ബാങ്കുകള്‍ യുഎസ് ഫെഡ് നിരക്കുയര്‍ത്തലിനുശേഷം ഇത് 15 ബിപിഎസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ഥിരവരുമാനം പ്രതീക്ഷിക്കുന്നവര്‍ അറിയാന്‍
ആഗോള വളര്‍ച്ചാ മാന്ദ്യവും ചരക്ക് വിലയിടിവും മൂലം ബോണ്ട് വരുമാനം കുറഞ്ഞതായി കാണാം. 2022 ജൂണ്‍ പകുതി മുതല്‍ ഇന്ത്യന്‍ ബോണ്ടിന്റെ വരുമാനം കുറയുകയാണ്. 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് വരുമാനം 2022 ജൂണില്‍ 7.6% ആയി ഉയര്‍ന്നു. ജൂണ്‍ അവസാനത്തോടെ ഇത് 7.45%, ജൂലൈ അവസാനത്തില്‍ 7.32% വും, ഓഗസ്റ്റ് അവസാനത്തോടെ 7.24% എന്നിങ്ങനെ കുറഞ്ഞ് സെപ്തംബര്‍ രണ്ടാം വാരത്തില്‍ 7.07% എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ചില നേട്ടങ്ങള്‍ കൊണ്ട് നിലവില്‍ ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 7.22% വ്യാപാരം നടക്കുന്നു.
ചില ഡെറ്റ് മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാര്‍ വിശ്വസിക്കുന്നത് ഇന്ത്യയിലെ നിരക്ക് ചക്രം അതിന്റെ അവസാനത്തോടടുത്താണെന്നാണ്. ഈ വര്‍ഷാവസാനത്തോടെ റിപ്പോ നിരക്ക് ഏകദേശം 6% ആയി ഉയരുമെന്ന് വിപണി ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. കുറച്ച് കാലത്തേക്ക് ആ നിരക്ക് തുടരുമെന്നും കരുതുന്നു. എന്നിരുന്നാലും, ഫെഡില്‍ നിന്നും മറ്റ് സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുമുള്ള ബാഹ്യ സാമ്പത്തിക അന്തരീക്ഷം പ്രതികൂലമായി തുടരുകയാണെങ്കില്‍, 2022 വര്‍ഷത്തിനു ശേഷവും ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തിയേക്കാം.


Tags:    

Similar News