സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി: റിപ്പോര്‍ട്ട് നിഷേധിച്ച് ശാലിനി വാര്യര്‍
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്റെ കാലാവധി കഴിഞ്ഞ മേയ് 31ന് അവസാനിച്ചിരുന്നു
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) പദവിക്കായി അപേക്ഷ നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫെഡറല്‍ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍.
വാര്‍ത്ത അവാസ്തവവും നിരുത്തരവാദപരവുമാണെന്നും പദവിക്കായി അപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ട് ശാലിനി വാര്യര്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും സ്റ്റോക്ക് എക്സ്‌ചേഞ്ചുകള്‍ക്ക് അയച്ച കത്തില്‍ ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി.
ശാലിനി വാര്യര്‍
ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ശാലിനി, 25 വര്‍ഷക്കാലം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് 2015 നവംബറില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സി.ഒ.ഒ) ഫെഡറല്‍ ബാങ്കിലെത്തിയത്. ഫെഡറല്‍ ബാങ്കില്‍ ഡിജിറ്റല്‍ സ്ട്രാറ്റജിക്ക് നേതൃത്വം നല്‍കുകയായിരുന്നു ദൗത്യം. 2020 ഫെബ്രുവരിയിൽ എക്സിക്യുട്ടീവ് ഡയറക്ടറായി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയില്‍ അംഗമായ ശാലിനി 1989ലെ ഒന്നാം റാങ്കുടമയാണ്. ബ്രൂണെയില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ സി.ഇ.ഒയും കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവിയുമായിരുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് വേണം പുതിയ എം.ഡി
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്റെ കാലാവധി കഴിഞ്ഞ മേയ് 31ന് അവസാനിച്ചിരുന്നു. അദ്ദേഹം തന്നെ ആഭ്യര്‍ത്ഥിച്ചതിനാല്‍ രണ്ടാമൂഴം നല്‍കില്ലെന്നും പുതിയ എം.ഡിയെ കണ്ടെത്തുമെന്നും ബാങ്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പുതിയ എം.ഡിക്കായി യോഗ്യരായവരുടെ ചുരുക്കപ്പട്ടിക സജ്ജമായെന്നും പേരുകള്‍ ഉടന്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കുമെന്നും കഴിഞ്ഞമാസം സൗത്ത് ഇന്ത്യന്‍ ബാങ്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തായാലും, പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒയുടെ നിയമനം വൈകില്ലെന്നാണ് സൂചനകള്‍.
നിലവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം പുരോഗമിക്കുന്നത് 0.40 ശതമാനം താഴ്ന്ന് 22.28 രൂപയിലാണ്. ഫെഡറല്‍ ബാങ്ക് ഓഹരിയുള്ളത് 1.46 ശതമാനം നേട്ടത്തോടെ 128.65 രൂപയിൽ.