കേരളത്തില്‍ ഇനിയും അദാനി പദ്ധതികളാകാം, ഉപാധികള്‍ക്ക് വിധേയമെന്നും മന്ത്രി പി. രാജീവ്

മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം, റോബോട്ട് നിർമ്മാണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം നിക്ഷേപം സ്വാഗതം ചെയ്യുന്നു

Update:2024-12-09 12:53 IST

Image Courtesy: Canva

അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികൾ ചർച്ച ചെയ്യുന്നതിനോട് കേരളം വിമുഖത കാണിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അതേസമയം സംസ്ഥാനത്തെ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന സാഹചര്യമുണ്ടാകേണ്ടതുണ്ട്. കരാർ ഉറപ്പിക്കാൻ ഇന്ത്യയില്‍ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം നേരിടുന്നതിനാല്‍, അദാനി ഗ്രൂപ്പുമായി ഇടപഴകുന്നതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.
അദാനി ഗ്രൂപ്പ് യു.എസ് കോടതിയില്‍ കുറ്റപത്രം നേരിടുന്ന സാഹചര്യത്തില്‍ എന്ത് മാറ്റങ്ങളാണ് ഉണ്ടായത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സംസ്ഥാനത്തിന് കൂടുതൽ വരുമാനം നല്‍കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
വൈദ്യുതി, ജലവിതരണം പോലുളള മേഖലകളില്‍ സ്വകാര്യവൽക്കരണം സംസ്ഥാനം പ്രോത്സാഹിപ്പിക്കില്ല. സംസ്ഥാനത്ത് വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് എതിരല്ല. അതേസമയം പാരിസ്ഥിതിക ആശങ്കകൾ കേരളത്തിന് പ്രധാനമാണ്. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ വരാൻ സർക്കാർ അനുവദിക്കില്ല. മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം, റോബോട്ട് നിർമ്മാണം, സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം നിക്ഷേപം സ്വാഗതം ചെയ്യുകയാണ്.
വിജ്ഞാനാധിഷ്‌ഠിത മേഖലകളുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി കേരളത്തെ ഉടൻ പ്രഖ്യാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടു പോകുകയാണ്. ബിസിനസ് ചെയ്യാൻ എളുപ്പമുള്ള സംസ്ഥാനങ്ങളില്‍ ദേശീയതലത്തിൽ ഒന്നാം സ്ഥാനമാണ് കേരളത്തിനുളളത്.
സംസ്ഥാനത്ത് ഉയർന്ന വേതന നിലവാരമുളളതായി വ്യവസായികള്‍ക്ക് ചിലപ്പോള്‍ തോന്നാം. എന്നാൽ ഉൽപ്പാദനം വര്‍ധിപ്പിക്കാന്‍ സഹായകരമായ രീതിയില്‍ അവർക്ക് ശരിയായ ലാഭവിഹിതം ലഭിക്കുമെന്ന് സംസ്ഥാനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

Similar News