കുടിശിക ₹1,000 കോടി, കനിയാതെ സര്‍ക്കാരും; സപ്ലൈകോ അടച്ചുപൂട്ടലിലേക്ക്
കുടിശിക വീട്ടിയില്ലെങ്കില്‍ സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാരും;
സര്‍ക്കാരില്‍ നിന്ന് അടിയന്തരമായി പണം ലഭിച്ചില്ലെങ്കില്‍ കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയില്‍ സപ്ലൈകോ. ഭക്ഷ്യവസ്തുക്കള്‍ നല്‍കിയ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും നല്‍കാനുള്ള സപ്ലൈകോയുടെ കുടിശിക 650 കോടിയില്‍ നിന്ന് 750 കോടിയായി ഉയര്‍ന്നു. ഇതിനൊപ്പം ഓണക്കാലത്തെ 350 കോടിയുടെ ബില്ലും കൂടി ചേര്‍ന്നപ്പോള്‍ കുടിശിക തുക 1,000 കോടി കവിഞ്ഞു. അടിയന്തരമായി 250 കോടിയെങ്കിലും കിട്ടിയാലെ കച്ചവടം തുടരാനാകൂ എന്ന് സപ്ലൈകോ ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
വില വര്‍ധനയും സഹായിക്കില്ല
നിലവില്‍ സ്ബസിഡിയിനത്തില്‍ നല്‍കുന്ന 13 ഇനം ഭക്ഷ്യധാന്യങ്ങളുടെ വില ഉയര്‍ത്തി തത്കാലം പിടിച്ചു നില്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു സപ്ലൈകോ. വില വര്‍ധനയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജനരോഷം ഉയര്‍ന്നതു മൂലം തല്‍കാലത്തേക്ക് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നവകേരള യാത്ര കഴിയുന്നത് വരെ വില വര്‍ധന വേണ്ടെന്നാണ് തീരുമാനം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തില്‍ വില വര്‍ധന നടപ്പാക്കിയാല്‍ പോലും സപ്ലൈകോയ്ക്ക് മുന്നോട്ടു പോകുക പ്രയാസമായിരിക്കും.