പ്രളയാനന്തരം ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം: സംരംഭകർക്ക് പുത്തൻ അറിവ് പകർന്ന് ധനം സെമിനാർ

Update: 2018-09-06 13:36 GMT

പ്രളയത്തിന്റെ ആഘാതം നേരിടാൻ സംരംഭകർക്കായി ധനം ഒരുക്കിയ 'റൈസ് ആൻഡ് റിബിൽഡ്‌' ശിൽപശാല പുത്തൻ അറിവും ഉണർവും പകരുന്ന ഒരു അനുഭവമായി.

ഇൻഷുറൻസ്, ജിഎസ്ടി, ബാങ്കിംഗ് എന്നീ മേഖലകളിലെ വിദഗ്ധർ പരിപാടിയിൽ സംസാരിച്ചു. നഷ്ടം നേരിട്ട ബിസിനസുകാർ ഉന്നയിച്ച സംശയങ്ങൾക്ക് വിശദമായ മറുപടിയും ലഭിച്ചു.

ബിസിനസിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്ന വിഷയത്തെക്കുറിച്ച് യെസ്കലേറ്റർ മാനേജ് മെന്റ് ആൻഡ് ഫിനാൻഷ്യൽ കൺസൾട്ടന്റെസ് CEO ജിസ് പി കൊട്ടുകാപ്പള്ളി സംസാരിച്ചു. എല്ലാം തികഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തതിന് ശേഷം ബിസിനസ് പുനരാരംഭിക്കാം എന്ന് ചിന്തിക്കരുത്. എത്രയും പെട്ടെന്ന് ബിസിനസ് ഓപ്പറേഷൻസ് പുനരാരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബിസിനസുകൾക്ക് കൃത്യമായ ദുരന്ത നിവാരണ പദ്ധതി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വിന്‍വയസ് ടെക്‌നോ സൊലൂഷന്‍സിന്റെ സി.ഇ.ഒയും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് കോച്ചുമായ പി.കെ ഷിഹാബുദീന്‍ സംസാരിച്ചത്.

പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യവസായങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് വിവരിച്ചത് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ ജോണ്‍ ഫിലിപ്പ് ആണ്.

പ്രളയ സംബന്ധമായി ബാങ്കുകൾ നൽകുന്ന സ്കീമുകൾ വ്യവസായ സമൂഹത്തിന് എങ്ങനെ കൈത്താങ്ങാവുമെന്നതിനെക്കുറിച്ചുള്ള സെഷൻ നയിച്ചത് സംസ്ഥാന തല ബാങ്കിംഗ് സമിതിയെ പ്രതിനിധീകരിച്ച് കനറ ബാങ്കിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീ സാബു മേച്ചേരിയാണ്.

ജിഎസ്ടിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി പറഞ്ഞത് ജിഎസ്ടി വിദഗ്ധനായ അഡ്വ. കെ എസ് ഹരിഹരൻ ആണ്.

നഷ്ടങ്ങളെ മറികടന്ന് മുൻപോട്ട് പോകാൻ സംരംഭകർക്ക് പ്രചോദനം നൽകുന്ന സെഷൻ ആയിരുന്നു റോള്‍ഡന്റ് റിജുവനേഷന്റെ സ്ഥാപകനും പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. വിപിൻ റോൾഡൻറ് നയിച്ചത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, സംരംഭകരുടെ ആഗോള സംഘടനയായ ടൈയുടെ കേരള ചാപ്റ്റര്‍, കേരള മാനേജ്‌മെന്റ് അസോസിയേഷന്‍, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി,

ഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ GOPIOയുടെ കേരള ചാപ്റ്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

മറ്റ് ജില്ലകളിലും സംരംഭകർക്കായി ഇത്തരത്തിൽ സൗജന്യ സെമിനാറുകൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.

Similar News