ചെറുകിട സംരംഭകര്‍ ഇനി തീര്‍ച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍

Update: 2020-05-15 02:30 GMT

ലോക്ക്ഡൗണ്‍ കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭകനുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ ഇനിയും വിവരിക്കേണ്ടതില്ല. വരവ് ഒന്നുമില്ലാതെ ചെലവുകള്‍ മാത്രമുള്ള കാലത്തിലൂടെ സംരംഭകര്‍ കടന്നുപോവുകയാണ്.

ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തേജകപാക്കേജുകളും പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു. കോവിഡ് കാലം സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭകര്‍ സ്വയം പരിഷ്‌കരണത്തിനുള്ള കാലമായി കണക്കാക്കണം. എങ്കില്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളു.

സംരംഭത്തിലും വേണം സാനിറ്റൈസേഷന്‍ കാലം

സംരംഭങ്ങളിലെ സാനിറ്റൈസേഷന്‍ എന്നതുകൊണ്ട് കമ്പനിയും ഓഫീസ് പരിസരവും തൂത്തുവൃത്തിയാക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. നിങ്ങളുടെ സംരംഭത്തെ ഫ്യൂച്ചര്‍ റെഡിയാക്കുക എന്നതാണ്. പ്രതിസന്ധികളുടെ കാലത്ത് അതിജീവനത്തിനായി ചില മാര്‍ഗങ്ങളുണ്ട്.

1. മൂലധന, പ്രവര്‍ത്തന മൂലധനപര്യാപ്തയെ കുറിച്ച് ശരിയായ അവബോധം ഉണ്ടായിരിക്കുക.

2. കാഷ് ഫ്‌ളോയുടെ പ്രാധാന്യം മനസിലാക്കുക

3. മൂലധനമായാലും വായ്പയായാലും കാര്യക്ഷമതയോടെ ഉപയോഗിക്കാന്‍ പഠിക്കുക.

4. സംരംഭത്തിന്റെ ട്രേഡ് കോണ്‍ട്രാക്റ്റുകള്‍, ട്രേഡ് പോളിസികള്‍ പുനഃരവലോകനം ചെയ്യുക.

5. വ്യക്തിഗത ചെലവും ബിസിനസ് ചെലവും പ്രത്യേകമായി വെയ്ക്കാന്‍ ശ്രദ്ധിക്കുക.

6. ഒഴിച്ചുകൂടാനാവാത്ത ബിസിനസ് ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി - വസ്തു ഇടപാടുകള്‍ നടത്താതെ ഇരിക്കുക.

7. അനിയന്ത്രിതമായി കടം കൊടുത്ത് സെയ്ല്‍സ് വര്‍ധിപ്പിക്കാതെ ഇരിക്കുക.

8. ക്രെഡിറ്റ് സെയ്ല്‍സ് നടത്തേണ്ടി വന്നാല്‍ ഉപഭോക്താവിന്റെ / ഗുണഭോക്താവിന്റെ നിലവിലെ ധനസ്ഥിതിയെ കുറിച്ച് വിശ്വാസയോഗ്യമായ വിവരങ്ങള്‍ ശേഖരിക്കുക.

9. ലാഭത്തോത് അല്‍പ്പം കുറഞ്ഞാലും കാഷ് സെയ്ല്‍സ് പ്രോത്സാഹിപ്പിക്കുക.

10. കാഷ് ഡിസ്‌കൗണ്ട് ആകര്‍ഷണീയമാക്കുക.

11. കരാറുകള്‍ ലംഘിക്കാതിരിക്കുക.

12. ടാക്‌സ്, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം മുതലായ നിര്‍ബന്ധമായി അടക്കേണ്ട കാര്യങ്ങളിലും ബാങ്ക് ഇടപാടുകളിലും രേഖകളിലും സുതാര്യതയും സത്യസന്ധതയും പുലര്‍ത്തുക.

13. ശ്രദ്ധക്കുറവുകൊണ്ടോ അന്തിമ തിയതികള്‍ ഗൗരവമായി എടുക്കാത്തതുകൊണ്ടോ വരുന്ന പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക.

14. കോവിഡ് ഏല്‍പ്പിച്ച പ്രതിസന്ധിയെ മറികടക്കുക എന്നതിലുപരിയായി ഈ സന്ദര്‍ഭം സംരംഭത്തെ സാങ്കേതികമായും ഉല്‍പ്പാദനപരവുമായും വളരാനുള്ള അവസരമാക്കി മാറ്റുക.

പാക്കേജ് രേഖകളില്‍ മാത്രം പോര

അതിനിടെ എംഎസ്എംഇ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള ഉത്തേജക പാക്കേജ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകള്‍ വഴി ധനസഹായം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.

എംഎസ്എംഇ വായ്പ വിതരണം പ്രത്യേക വൈദഗ്ധ്യം ആവശ്യമായ പ്രവര്‍ത്തിയാണ്. വ്യക്തിഗത വായ്പ എന്ന പോലെ ഇതിനെ സമീപിക്കരുത്. ഓരോ മേഖലയെ കുറിച്ചും അതിന്റെ ട്രേഡ് സര്‍ക്കിള്‍, കാഷ് ഫ്‌ളോ എന്നതിനെ കുറിച്ചെല്ലാം വേണ്ടത്ര അവഗാഹമുള്ളവരെ വേണം ധനകാര്യ സ്ഥാപനങ്ങള്‍ എംഎസ്എംഇ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കേണ്ടത്. എത്രയോ എസ്എംഇകള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും ആ മേഖലയെ കുറിച്ചുള്ള അറിവില്ലായ്മയും മൂലം ഇപ്പോഴും നഷ്ടമാകുന്നത്.

സംരംഭങ്ങള്‍ സ്വയം വിശകലനത്തിന് തയ്യാറാകണം

ഇനി ഇതുവരെ ചെയ്ത ബിസിനസ് രീതികള്‍ പോര. സാങ്കേതിക മികവ് ഉയര്‍ത്തല്‍ നിര്‍ബന്ധമായി ചെയ്തിരിക്കണം. സിഡ്ബിയുടെ ഇപ്പോഴുള്ള സ്‌കീമുകള്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യകള്‍ അതിവേഗം മാറുമ്പോള്‍, സംരംഭകര്‍ക്ക് ഈ രംഗത്ത് പരിഷ്‌കരണം നടപ്പാക്കാന്‍ വേണ്ട പിന്തുണയും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കേണ്ടിയിരിക്കുന്നു.

ഓരോ പ്രതിസന്ധിയും ഒരായിരം അവസരങ്ങള്‍ തുറന്നുതരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത്, തദ്ദേശീയ വ്യവസായങ്ങള്‍ക്ക് ശക്തിപകരാനും പ്രോത്സാഹനമേകാനും ഉതകുന്ന ഒന്നാണ്.

അടുത്ത കുറച്ചുനാളുകള്‍ എംഎസ്എംഇകള്‍ക്ക് കൂടുതല്‍ മത്സരക്ഷമതയും ഉല്‍പ്പാദനക്ഷമതയും കൈവരിക്കാവുന്ന ഘട്ടമാണ്. കുറഞ്ഞ ചെലവില്‍ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാവുന്ന സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. ഈ സൗകര്യങ്ങള്‍ സംരംഭകര്‍ ഉപയോഗപ്പെടുത്തണം.

വ്യാപാരവും വ്യവസായവും ഇതുവരെ എങ്ങനെ ചെയ്‌തോ ഇനി ആ രീതി പറ്റില്ല. മാറ്റങ്ങള്‍ സംരംഭകര്‍ തിരിച്ചറിയണം. കൂടുതല്‍ മത്സരക്ഷമത ആര്‍ജ്ജിച്ചാല്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂ. മാറ്റങ്ങളോട് മുഖംതിരിച്ചാല്‍ ഇനി രക്ഷയില്ല. പുതിയ രീതികളോട് അനുകൂലമായി പ്രതികരിച്ച് മുന്നേറാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്.

(രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കില്‍ എംഎസ്എംഇ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനമനുഷ്ഠിച്ച പ്രൊഫഷണലാണ് പി പി ജോസഫ്. ഇപ്പോള്‍ സെഞ്ചുറിയന്‍ ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Similar News