സംരംഭങ്ങളുടെ ഈ ചെലവുകളെ കുറിച്ച് അറിയാമോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കണം

ഓരോ കമ്പനിയുടെയും സാമ്പത്തിക രേഖകള്‍ സൂചിപ്പിക്കുന്നത് എന്തൊക്കെയാണ്? ചെലവും വരവും നിയന്ത്രിച്ചു നിര്‍ത്തേണ്ടത് എങ്ങനെയാണ്... കഴിഞ്ഞ ആഴ്ചയിലെ ലേഖനത്തിന്റെ തുടര്‍ച്ച...

Update:2020-10-20 16:22 IST

Read Article In English

എന്താണ് സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്‌മെന്റ് (SCM)?

ഉത്തരം: ഒരു സംരംഭം അതിന്റെ ഗുണനിലവാരത്തെ ബാധിക്കാത്ത തരത്തില്‍ ചെലവുകള്‍ ഗണ്യമായി കുറച്ചു കൊണ്ടുവന്ന് മത്സരക്ഷമത മെച്ചപ്പെടുത്തുകയെന്നതാണ് സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്‌മെന്റിലൂടെ ഉദ്ദേശിക്കുന്നത്. ചെലവുകള്‍ നിയന്ത്രിക്കുന്നതിനും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിലും സഹാകരമാകുന്നു എന്നതാണ് അതിന്റെ പ്രസക്തി. ഉദാഹരണത്തിന്, ഫെറോ-അലോയ് ഉല്‍പ്പാദനം നടത്തുന്ന ഒരു കമ്പനി തൊഴിലാളി ചെലവുകള്‍ കുറയ്ക്കുന്നതിനേക്കാള്‍ വൈദ്യുതിയുടെയും അസംസ്‌കൃത വസ്തുക്കളുടെയും ചെലവ് കുറയ്ക്കുകയാകും കൂടുതല്‍ ഫലപ്രദമാകുക. അതേസമയം, ഐറ്റി സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം മനുഷ്യവിഭവ ശേഷിയുടെ ചെലവ് കുറയ്ക്കുകയാകും കൂടുതല്‍ നേട്ടമാകുക. വരുമാനത്തില്‍ നിന്ന് ഈ അടിസ്ഥാന ചെലവുകള്‍ കിഴിച്ചാല്‍ ലഭിക്കുന്നതാണ് EBITDA.

എന്താണ് EBITDA? അത് എങ്ങനെ അപഗ്രഥനം ചെയ്യാം?

ഉത്തരം: ബിസിനസില്‍ EBITDA (Earnings before Interest Tax Depreciation & Amortisation) യുടെ പ്രധാന്യം വലുതാണ്. ഒരു സ്ഥാപനത്തിന്റെ EBITDA നെഗറ്റീവ് ആണെങ്കില്‍ ആ സ്ഥാപനത്തിന്റെ അടിസ്ഥാന ചെലവുകള്‍ക്കുള്ള വരുമാനം പോലും ലഭ്യമാകുന്നില്ലെന്നാണ് അര്‍ത്ഥം. ഒരു സംരംഭത്തിനും അതേ നിലയില്‍ കൂടുതല്‍ കാലം മുന്നോട്ട് പോകാനാകില്ല. ഇതേ സ്ഥിതി തുടര്‍ന്നാല്‍ കമ്പനി പാപ്പരായി മാറും. അതിനുള്ള മികച്ച ഉദാഹരണം, അടുത്തിടെ ലൈസന്‍സ് നേടിയ ഇന്ത്യയിലെ പുതിയ ടെലികോം കമ്പനികളാണ്. അവയില്‍ പലതിനും നെഗറ്റീവ് EBIDTA ആയിരുന്നതു കൊണ്ടുതന്നെ പതിയെ അവ അടച്ചുപൂട്ടേണ്ടി വന്നു.
EBITDA പോസിറ്റീവ് ആയി നിര്‍ത്തുക എന്നതാണ് ഏതൊരു ബിസിനസ് യൂണിറ്റിന്റെയും പ്രാഥമികാവശ്യമാണ്. അടിസ്ഥാന ചെലവുകള്‍ക്ക് പുറമേ ഡി ആന്‍ഡ് എ പോലുള്ള പ്രവര്‍ത്തന ചെലവുകളും കണ്ടെത്തേണ്ടതുണ്ട്.

എന്താണ് ഡി ആന്‍ഡ് എ ചെലവുകള്‍?

ഉത്തരം: depreciation and amortisation എന്നതാണ് ഡി ആന്‍ഡ് എയുടെ പൂര്‍ണരൂപം. നിരന്തരമായ ഉപയോഗം മൂലം മെഷിനറി ഉള്‍പ്പടെയുള്ള വിവിധ ആസ്തികളുടെ മൂല്യശോഷണമാണ് തേയ്മാനം (depreciation) കൊണ്ട് ഉദ്ദേശിക്കുന്നത്. പഴക്കമേറുന്നതും കാലഹരണപ്പെടുന്നതും മൂലവും മൂല്യനഷ്ടം ഉണ്ടാകുന്നു. തേയ്മാന ചെലവുകള്‍ക്ക് നിശ്ചിത തുക ഓരോ വര്‍ഷവും മാറ്റിവെച്ചാല്‍ മെഷിനറികള്‍ മാറ്റിസ്ഥാപിക്കുന്നതിനായുള്ള തുക കണ്ടെത്താനാകും.
തേയമാനം പോലെ തന്നെയാണ് Amortisation. പ്രധാന വ്യത്യാസം തേയ്മാനം എന്നത് സ്പര്‍ശവേദ്യമായ ആസ്തികളിലാണ് ഉണ്ടാകുന്നതെങ്കില്‍ സ്പര്‍ശവേദ്യമല്ലാത്ത ആസ്തികളിലാണ് Amortisation ബാധകമാകുക എന്നതു മാത്രമാണ്. ഡി ആന്‍ഡ് എ ചെലവുകള്‍ എന്നത് മറ്റു പ്രവര്‍ത്തന ചെലവുകളില്‍ നിന്ന് വ്യത്യസ്തമാണ് എന്നതാണ് പ്രധാനം.

മറ്റു പ്രവര്‍ത്തന ചെലവുകളില്‍ നിന്ന് ഡി ആന്‍ഡ് എ വ്യത്യസ്തമാകുന്നതെങ്ങനെ?

ഉത്തരം: മറ്റു ചെലവുകളില്‍ നിന്ന് വ്യത്യസ്തമായി ഡി ആന്‍ഡ് എ ചെലവുകള്‍ കമ്പനികള്‍ പണമായി ചെലവിടുന്നവയല്ല. ഉദാഹരണത്തിന് കൂലി സ്ഥാപനങ്ങള്‍ പണമായി ചെലവിടുന്നവയാണ്. അതേപോലെ അസംസ്‌കൃത വസ്തുക്കളുടെ വില, പരസ്യത്തിനുള്ള ചെലവുകള്‍ എന്നിവയെല്ലാം സ്ഥാപനം നേരിട്ട് ചെലവഴിക്കുന്നു. എന്നാല്‍ ഡി ആന്‍ഡ് എ ചെലവുകള്‍ ഒരാള്‍ക്കോ സ്ഥാപനത്തിനോ നല്‍കുന്നവയല്ല. അതുകൊണ്ടു തന്നെ അത് പണച്ചെലവ് എന്ന വിഭാഗത്തില്‍ പെടുന്നില്ല.
EBITDA യില്‍ നിന്ന് ഡി ആന്‍ഡ് എ കിഴിക്കുമ്പോള്‍ പലിശയ്ക്ക് മുമ്പുള്ള വരുമാനത്തി(Earnings before Interest)ലെത്തുന്നു. EBIT എന്നതിനെ പ്രവര്‍ത്തന വരുമാനം എന്നും വിളിക്കുന്നു. EBIT ല്‍ നിന്ന് സാമ്പത്തിക ചെലവുകള്‍ കിഴിക്കുക.

എന്താണ് സാമ്പത്തിക ചെലവുകള്‍?

ഉത്തരം: സാമ്പത്തിക ചെലവുകള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് നല്‍കേണ്ട പലിശയാണ്. കമ്പനി എടുത്ത വായ്പയ്ക്ക് നല്‍കേണ്ടതാണ് പലിശ. ഓരോ സ്ഥാപനവും സ്വീകരിച്ചിരിക്കുന്ന സാമ്പത്തിക നയത്തിനനുസരിച്ചാണ് വായ്പാ എടുക്കുന്നത്. ചില സ്ഥാപനങ്ങള്‍ അവരുടെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയില്‍ നിന്ന് വായ്പയ്ക്ക് നല്‍കേണ്ട പലിശ കിഴിക്കുന്നു. അപ്പോള്‍ ലഭിക്കുന്നതാണ് അറ്റപലിശ. അറ്റപലിശയ്ക്ക് പുറമേ, കമ്മീഷന്‍, പ്രോസസിംഗ് ഫീ തുടങ്ങിയ ചാര്‍ജുകളും നല്‍കേണ്ടി വരും. EBIT ല്‍ നിന്ന് ഇത്തരം സാമ്പത്തിക ചെലവുകള്‍ കിഴിക്കുമ്പോള്‍ നികുതി പൂര്‍വ വരുമാനത്തില്‍ (EBT) എത്തുന്നു. EBT യില്‍ നിന്ന് നമ്മള്‍ നിയമപരമായ ചെലവുകള്‍ കിഴിക്കുന്നു.

എന്താണ് നിയമപരമായ ചെലവുകള്‍?

ഉത്തരം: നിയമപരമായ ചെലവുകളില്‍ മുഖ്യം നികുതിയാണ്. സ്ഥാപനങ്ങള്‍ പ്രത്യക്ഷ കോര്‍പ്പറേറ്റ് നികുതി അടയ്ക്കുന്നു. മിക്ക രാജ്യങ്ങളിലും കമ്പനികളുടെ നേട്ടത്തിന്മേല്‍ (അതായത് ലാഭം) കോപറേറ്റ് നികുതി അടക്കുകയാണ് ചെയ്യുക. ഇന്ത്യയുടെ കാര്യത്തില്‍ ഇത് 33 ശതമാനമാണ്. എന്നിരുന്നാലും മികച്ച നികുതി നയം ഉണ്ടാക്കുകയാണെങ്കില്‍ നികുതി ഭാരം ഗണ്യമായി കുറയ്ക്കാനാകും. മികച്ച നികുതി ആസൂത്രണത്തിലൂടെ പല ഇന്ത്യന്‍ കമ്പനികളും 33 ശതമാനത്തിലും കുറഞ്ഞ നികുതി മാത്രമാണ് നല്‍കുന്നത്.
EBT യില്‍ നിന്ന് നികുതി കുറച്ചാല്‍ നികുതി ശേഷ വരുമാന(EAT)മായി.

EAT എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു?

കമ്പനികളുടെ ലാഭനഷ്ടങ്ങള്‍ കണക്കാക്കുന്നത് EAT ലൂടെയാണ്. കമ്പനികളുടെ നേട്ടം എന്നനിലയിലാണ് നികുതി ശേഷ വരുമാനത്തെ കണക്കാക്കുക. പി & എല്‍ സ്റ്റേറ്റ്‌മെന്റിന്റെ (പ്രൊഫിറ്റ് & ലോസ് സ്‌റ്റേറ്റ്‌മെന്റ്) ഏറ്റവും അടിയിലാണ് ഇത് രേഖപ്പെടുത്തുക എന്നതു കൊണ്ട് ബോട്ടംലൈന്‍ എന്നും ഇതിനെ വിളിക്കുന്നു. സ്ഥാപനം നേടുന്ന ലാഭത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. സ്ഥാപന ഉടമ അതായത് ഓഹരിയുടമകളാണ് ഇതിന്റെ അവകാശി. സ്ഥാപനത്തിന് ഇത് ഡിവിഡന്റുകളായി (വിതരണം ചെയ്യപ്പെടുന്ന ലാഭം) വിതരണം ചെയ്യാം. ബിസിനസിന്റെ വളര്‍ച്ചയ്ക്കായി ഈ ലാഭം ബിസിനസില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്യാം. ഒരു മിശ്ര ഡിവിഡന്റ് പോളിസിയാണ് സാധാരണയായി സ്ഥാപനങ്ങള്‍ പിന്തുടരാറ്. ലാഭത്തിന്റെ ഒരു വിഹിതം ഓഹരിയുടമകള്‍ക്ക് ഡിവിഡന്റായി നല്‍കുകയും മറ്റൊരു ഭാഗം ബിസിനസിന്റെ ഭാവി വളര്‍ച്ചയ്ക്കായി അതേ ബിസിനസില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.
ഇന്ത്യയില്‍ EAT എന്നത് നികുതി ശേഷ ലാഭം (PAT) അല്ലെങ്കില്‍ അറ്റലാഭം എന്നാണ് പൊതുവേ അറിയപ്പെടുന്നത്.

പ്രൊഫിറ്റ് & ലോസ് സ്‌റ്റേറ്റ്‌മെന്റിന്റെ ഘടന

 Format of P & L (Profit & Loss Statement)
 INCOME
LessExpenses
 EBITDA (Earnings Before Interest, Tax, Depreciation & Amortisation)
LessD & A    (Depreciation & Amortisation)
 EBIT       (Earnings Before Interest and Tax)
LessInterest
 EBT        (Earnings Before Tax)
LessTax
 EAT        (Earnings After Tax)
  

1. വിറ്റുവരവ് കൂട്ടുന്നതിനായി മാത്രം ഒരിക്കലും ബിസിനസ് ചെയ്യരുത്. ന്യായമായ ലാഭം മാത്രം നേടുക എന്നത് പ്രധാനമാണ്. വിറ്റ് പണം വാങ്ങുക എന്നതാണ് പരമപ്രധാനം.

2. ഓര്‍ക്കുക:

വില്‍പ്പന വ്യാപ്തിയാണ് ആത്മസംതൃപ്തി
ലാഭമാണ് യാഥാര്‍ത്ഥ്യം
പണമാണ് വിവേകം

പ്രധാന നാഴികക്കല്ലുകള്‍

1. എത്രയും വേഗം EBITDA പോസിറ്റീവ് ആക്കുക
2. EBITDA പോസിറ്റീവ് ആയാലുടന്‍ ബ്രേക്ക് ഈവന്‍ ആകാന്‍ പരിശ്രമിക്കുക

ശ്രദ്ധിക്കുക: ബ്രേക്ക് ഈവന്‍ എന്നാല്‍ എല്ലാ ചെലവുകളും കഴിച്ച് ലാഭത്തിലും നഷ്ടത്തിലുമല്ലാത്ത അവസ്ഥ

3. ലാഭം നേടാന്‍ ബ്രേക്ക് ഈവന്‍ പോയ്ന്റിന് മുകളില്‍ കടക്കുക. ലാഭം നേടിത്തുടങ്ങിയാല്‍ പേബാക്ക് പിരീഡ് കുറച്ചുകൊണ്ടു വരുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക

ശ്രദ്ധിക്കുക: സംരംഭത്തില്‍ നിക്ഷേപിച്ച മൂലധനം തിരികെ ലഭിക്കാനുള്ള സമയമാണ് പേബാക്ക് പിരീഡ്.

4. ഓര്‍ക്കുക, നമ്മള്‍ എപ്പോഴും നല്‍കുന്നത് കണ്‍സോളിഡേറ്റഡ് പി & എല്‍ സ്‌റ്റേറ്റ്‌മെന്റ് ആണ്. സ്ഥാപനത്തിന്റെ എല്ലാ ബിസിനസും ചേര്‍ന്നതാണ് കണ്‍സോളിഡേറ്റഡ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

5. എല്ലാ ബിസിനസ് മേഖലയുടെയും ആകെ പ്രകടനത്തെയാണ് കണ്‍സോളിഡേറ്റര് പി & എല്‍ സ്‌റ്റേറ്റ്‌മെന്റ് കാട്ടുന്നത്. ഇത് സ്ഥാപനത്തെ കുറിച്ചുള്ള മൊത്തത്തിലുള്ള ചിത്രമാണ് നല്‍കുന്നത് എന്നതിനാല്‍ മാനേജര്‍മാര്‍ ഓരോ വിഭാഗത്തിന്റെയും പ്രത്യേകം റിപ്പോര്‍ട്ട് ആവശ്യപ്പെടണം.

6. ഒരു സ്ഥാപനത്തിന്റെ ബിസിനസ് പല വിധ ഉല്‍പ്പന്നങ്ങളും മേഖലകളായും തിരിച്ചിരിക്കും. ഇവയെ ബിസിനസ് സെഗ്മെന്റുകള്‍ എന്ന് അറിയപ്പെടുന്നു.

7. ഇതിലൂടെ ഓരോ ബിസിനസ് സെഗ്മെന്റിന്റേയും ലാഭക്ഷമത ലഭ്യമാകുന്നു. ഓരോ ബിസിനസ് സെഗ്മെന്റിന്റെയും പ്രകടനം അപഗ്രഥനം ചെയ്യാനും മെച്ചപ്പെടുത്താനും മാനേജര്‍മാര്‍ക്ക് ഇതിലൂടെ കഴിയുന്നു. അത് മൊത്തത്തില്‍ ബിസിനസിന് മെച്ചപ്പെടുത്തുന്നു.

8. സ്ഥാപനത്തിന്റെ കോസ്റ്റ് ഡ്രൈവേഴ്‌സ് എന്തെന്ന് തിരിച്ചറിയുക. സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്‌മെന്റിന്റെ തുടക്കം അതിലൂടെയാണ്.

9. കോസ്റ്റ് ഡ്രൈവറുകള്‍ കുറയ്ക്കുന്നതിലൂടെ ചെലവ് പരമാവധി ലാഭിക്കാനുകം. ഉദാഹരണത്തിന് തൊഴിലാളികളെ കുറയ്ക്കുന്നത് എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരേ ഫലമായിരിക്കില്ല നല്‍കുക. ഈ തന്ത്രം കൂടുതല്‍ ഫലപ്രദമാകുന്നത് തൊഴിലാളികള്‍ കൂടുതലുള്ള ബിസനസുകളെയാണ്.

Read Article In English

Previous Articles in Malayalam:

നിങ്ങളുടെ കമ്പനിയുടെ സാമ്പത്തിക ജാതകം വായിക്കാന്‍ അറിയുമോ?

ചെറുകിട സംരംഭങ്ങള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികളോട് മത്സരിക്കാം ഈ അഞ്ചു മാര്‍ഗങ്ങളിലൂടെ

നിങ്ങള്‍ ഇപ്പോള്‍ ചെലവ് ചുരുക്കുന്നത് ഇങ്ങനെയാണോ?

പുതിയ നിക്ഷേപം നടത്തും മുമ്പ് നിങ്ങള്‍ ഇത് അറിയണം!

ഇപ്പോള്‍ പണം കണ്ടെത്താന്‍ ഇതാണ് വഴി

ഒരു പുതിയ ഉപഭോക്താവിനായി നിങ്ങള്‍ക്കെന്ത് ചെലവ് വരും?

രൂപയുടെ മൂല്യം ഇനിയും ഉയരുമോ, അതോ താഴുമോ?

വെല്ലുവിളികള്‍ അതിജീവിക്കാന്‍ ഡാര്‍വിന്‍ തിയറിയും !

ബിസിനസുകാരെ നിങ്ങള്‍ സംരംഭത്തിന്റെ ‘സ്‌ട്രെസ് ടെസ്റ്റിംഗ്‌’ നടത്തിയോ?

പലിശ നിരക്ക് ഇനിയും കുറയുമോ?

ഇപ്പോള്‍ ബിസിനസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

കസ്റ്റമറെ ചേര്‍ത്തു നിര്‍ത്താന്‍ ഇങ്ങനെയും ചില വിദ്യകളുണ്ട്

വെല്ലുവിളികളെ മറികടന്ന് വളരാന്‍ മാന്ത്രിക ‘C’ വിദ്യ

Previous Articles in English:

Financial Statements: Profit & Loss

COMPETITION: SEVEN “C” MODEL TO SURVIVE AND GROW IN THESE CHALLENGING TIMES

COST CONTROL MEASURES: SEVEN “C” MODEL TO SURVIVE AND GROW IN THESE CHALLENGING TIMES

CAPITAL EXPENDITURE : SEVEN “C” MODEL TO SURVIVE AND GROW IN THESE CHALLENGING TIMES

Why is Rupee Unusually Appreciating Against the Dollar?

MEASURING CUSTOMER ACQUISITIONS COSTS (CAC)

Why is Rupee Unusually Appreciating Against the Dollar?

Adapt to survive and grow in challenging times

Have you stress tested your business?

Will interest rates decrease further

“Survival must be the immediate short-term strategy”

How to keep your customers close in troubled times

Seven “C” Model to survive and grow in these challenging times

Similar News