അംബാനി-അദാനി സംയുക്ത സംരംഭം വരുന്നൂ, അദാനിക്കമ്പനിയുടെ ഓഹരി വാങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരായ ഇരുവരും ഒരു സംരംഭത്തിനായി ഒന്നിക്കുന്നത് ആദ്യം
ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരും വ്യവസായ പ്രമുഖരുമായ മുകേഷ് അംബാനിയും ഗൗതം അദാനിയും ആദ്യമായി ഒരു പദ്ധതിക്കായി കൈകോര്‍ക്കുന്നു. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവര്‍ നിയന്ത്രിക്കുന്ന വൈദ്യുതോത്പാദന കമ്പനിയുടെ ഓഹരികളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കിയത്.
അദാനി പവറിന്റെ ഉപകമ്പനിയായ മഹാന്‍ എനര്‍ജെന്‍ കമ്പനിയുടെ മദ്ധ്യപ്രദേശിലെ പ്ലാന്റിന്റെ 26 ശതമാനം ഓഹരികളാണ് റിലയന്‍സ് വാങ്ങിയത്. ഇതോടെ 10 രൂപ മുഖവിലയുള്ള 5 കോടി ഓഹരികൾ റിലയന്‍സിന്റെ സ്വന്തമായി. ഈ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന 500 മെഗാവാട്ട് വൈദ്യുതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനുള്ള ധാരണാപത്രത്തിലും അദാനി ഗ്രൂപ്പുമായി റിലയന്‍സ് ഒപ്പുവച്ചു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് വെവ്വേറെ സമര്‍പ്പിച്ച കത്തിലാണ് ഇരു കമ്പനികളും ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്തിപ്പെരുമ
മുകേഷ് അംബാനിയും ഗൗതം അദാനിയും ഗുജറാത്തില്‍ നിന്നുള്ളവരാണ്. ഇരുവരുടെയും കമ്പനികളുടെ പ്രവര്‍ത്തന സാന്നിദ്ധ്യം വ്യത്യസ്തമായിരുന്നതിനാല്‍ വിപണിയില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍, ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന സ്ഥാനം അടുത്തിടെ ഇരുവരും മാറിമാറി സ്വന്തമാക്കിയിരുന്നു. ബ്ലൂംബെര്‍ഗിന്റെ നിലവിലെ കണക്കുപ്രകാരം 11,300 കോടി ഡോളര്‍ (9.41 ലക്ഷംകോടി രൂപ) ആസ്തിയുമായി ലോക സമ്പന്നപട്ടികയില്‍ 11-ാം സ്ഥാനത്ത് മുകേഷ് അംബാനിയുണ്ട്. 9,900 കോടി ഡോളര്‍ (8.24 ലക്ഷംകോടി രൂപ ) ആസ്തിയുള്ള ഗൗതം അദാനി 14-ാം സ്ഥാനത്താണ്.
അംബാനിയുടെ മുഖ്യ പ്രവര്‍ത്തനമണ്ഡലം ഓയില്‍ ആന്‍ഡ് ഗ്യാസ്, റീറ്റെയ്ല്‍, ടെലികോം എന്നിവയാണെങ്കില്‍ അദാനിയുടേത് അടിസ്ഥാനസൗകര്യ വികസനം, തുറമുഖം, വിമാനത്താവളം, കല്‍ക്കരി, പുനരുപയോഗ ഊര്‍ജം എന്നിവയാണ്.
ഇനി പരസ്പരം പോരാട്ടമോ?
ഇതുവരെ അംബാനിയുടെയും അദാനിയുടെയും പ്രവര്‍ത്തനമേഖല വ്യത്യസ്തമായിരുന്നു. എന്നാല്‍, ഇരു വ്യവസായ ഗ്രൂപ്പുകളും ഇപ്പോള്‍ മുഖ്യശ്രദ്ധ പതിപ്പിക്കുന്ന സുപ്രധാന മേഖലയാണ് പുനരുപയോഗ ഊര്‍ജം (റിന്യൂവബിള്‍ എനര്‍ജി). 2030ഓടെ ലോകത്തെ ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി കമ്പനിയാകാനുള്ള ശ്രമങ്ങളാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്.
സ്വദേശമായ ഗുജറാത്തിലെ ജാംനഗറിലാകട്ടെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 4 ഗിഗാഫാക്ടറികളാണ് ഒരുക്കുന്നത്. ഇതില്‍ വമ്പന്‍ സോളാര്‍, ബാറ്ററി, ഗ്രീന്‍ ഹൈഡ്രജന്‍, ഫ്യുവല്‍ സെല്‍ പദ്ധതികളാണുണ്ടാവുക. അദാനിയും മൂന്ന് വലിയ ഗിഗാഫാക്ടറികള്‍ ഒരുക്കുന്നുണ്ട്. സോളാര്‍ മൊഡ്യൂളുകള്‍, വിന്‍ഡ് എനര്‍ജി, ഹൈഡ്രജന്‍ ഇലക്ട്രോലൈസേഴ്‌സ് എന്നിവയ്ക്കുള്ള ഫാക്ടറികളായിരിക്കും അത്.
നേരത്തേ 5ജി സ്‌പെക്ട്രം ലേലത്തിലും അദാനി ഗ്രൂപ്പ് പങ്കെടുത്തപ്പോള്‍ അത് റിലയന്‍സ് ജിയോയെ വെല്ലുവിളിക്കാനാകുമെന്ന പ്രതീതി ഉയര്‍ന്നിരുന്നു. എന്നാല്‍, സ്വന്തം ബിസിനസ് ആവശ്യങ്ങള്‍ക്കാണ് സ്‌പെക്ട്രം വാങ്ങിയതെന്ന് പിന്നീട് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ടെലികോം മേഖലയിലേക്കും അദാനി ഗ്രൂപ്പ് ചുവടുവയ്ക്കുന്ന കാലം വിദൂരമല്ലെന്നാണ് വിലയിരുത്തലുകള്‍.
മറ്റൊന്ന്, ഇരു വ്യവസായ ഭീമന്മാര്‍ക്കും ഇന്ത്യയുടെ മാദ്ധ്യമമേഖലയിലും കണ്ണുകളുണ്ടെന്നതാണ്. നിലവില്‍ ഇന്ത്യയിലെ പ്രമുഖ ടിവി ചാനലുകളിലൊന്നായ എന്‍.ഡി.ടിവി അദാനി ഗ്രൂപ്പിന്റെ സ്വന്തമാണ്.
റിലയന്‍സിനാകട്ടെ നെറ്റ്‌വര്‍ക്ക്18 എന്ന ഉപസ്ഥാപനത്തിന് കീഴില്‍ നിരവധി മാദ്ധ്യമസ്ഥാപനങ്ങളുമുണ്ട്. ഇടിവി, സി.എന്‍.ബി.സി, എംടിവി, മണികണ്‍ട്രോള്‍, വയാകോം തുടങ്ങിയവ അതിലുള്‍പ്പെടുന്നു.