ചെറുകിടക്കാര്‍ക്ക് ബാങ്കുകള്‍ വായ്പയായി അനുവദിച്ചത് 2.46 ലക്ഷം കോടി രൂപ
എമര്‍ജന്‍സി ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമില്‍ 92 ലക്ഷം ചെറുകിടക്കാര്‍ക്കാണ് വായ്പ അനുവദിച്ചത്
എംഎസ്എംഇ (Micro, Small and Medium Enterprises) മേഖലയ്ക്കുള്ള എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം പ്രകാരം ബാങ്കുകള്‍ 2.46 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 92 ലക്ഷം ചെറുകിടക്കാര്‍ക്കാണ് വായ്പ അനുവദിച്ചത്.
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ നടപ്പാക്കല്‍ ഏജന്‍സിയായ നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി (എന്‍സിജിടിസി) അറിയിച്ചതനുസരിച്ച്, 2021 ഫെബ്രുവരി 28 വരെ ഇസിഎല്‍ജിഎസിന് കീഴില്‍ അനുവദിച്ച വായ്പയുടെ തുക 2.46 ലക്ഷം കോടി രൂപയാണ്- അദ്ദേഹം രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു.
2021 ഫെബ്രുവരി 28 വരെ 92.27 ലക്ഷം വായ്പക്കാര്‍ക്ക് ഇസിഎല്‍ജിഎസിന് കീഴില്‍ ഗ്യാരന്റി നല്‍കിയിട്ടുണ്ടെന്ന് എന്‍സിജിടിസി അറിയിച്ചു, അതില്‍ 87.50 ലക്ഷം വായ്പക്കാര്‍ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്എംഇ), 4.77 ലക്ഷം വായ്പക്കാര്‍ മറ്റ് ബിസിനസ് സംരംഭങ്ങള്‍ക്കുമാണ് വായ്പയെടുത്തിട്ടുള്ളത്.
'സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ' പദ്ധതി ആരംഭിച്ചതിന് ശേഷം 2021 ജനുവരി 31 വരെ 1,10,019 വായ്പകളാണ് നല്‍കിയിട്ടുള്ളത്. പുതുതായി ബിസിനസ് ആരംഭിക്കുന്നതിനും വിപുലീകരണത്തിനുമായി 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ഈ പദ്ധതിയിലൂടെ വായ്പയായി നല്‍കുന്നതെന്നും അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു.