കാറുകളുടെ വില 80,000 രൂപ വരെ ഉയര്‍ന്നേക്കും, കാരണം ഇതാണ്

വില വര്‍ധിക്കുന്നത് ഹൈബ്രിഡ് മോഡലുകളുടെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍

Update:2022-10-18 14:34 IST

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യത്തെ കാറുകളുടെ വില 25,000-80,000 രൂപവരെ ഉയരും. രാജ്യം ബിഎസ് VI രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതാണ് കാറുകളുടെ വില ഉയര്‍ത്തുന്ന ഘടകം. നിലവില്‍ ലാബുകളിലൂടെ നടത്തുന്ന പൊല്യൂഷന്‍ ടെസ്റ്റിന് പകരം കാറുകള്‍ ഓടുന്ന സമയം തന്നെ മലിനീകരണം അളക്കുന്ന Real Standard Emission ബിഎസ് VIന്റെ ഭാഗമാണ്.

ഈ സൗകര്യം കാറുകളില്‍ ഉള്‍ക്കൊള്ളിക്കുന്നതോടെ കാറുകളുടെ നിര്‍മാണച്ചെലവ് ഉയരും. ഡീസല്‍ കാറുകളുടെ വില 75,000-80,000 രൂപവരെ ഉയരും. പെട്രോള്‍ കാറുകളുടെ വില 25,000-30,000 രൂപ വരെ ആവും ഉയരുക. അതേ സമയം കാര്‍ നിര്‍മാതാക്കള്‍, ഉയരുന്ന തുകയുടെ എത്ര ശതമാനം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും എന്ന് വ്യക്തമല്ല.

ഡീസല്‍ കാറുകളുടെ വില വര്‍ധിക്കുന്നത് ഹൈബ്രിഡ് മോഡലുകളുടെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വില്‍പ്പനയുടെ 19 ശതമാനത്തോളം മാത്രമാണ് ഡീസല്‍ കാറുകളുടെ വിപണി. എസ്‌യുവി വിഭാഗത്തിലും ഡീസല്‍ കാറുകളുടെ വിഹിതം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. പ്രീമിയം എസ്‌യുവി സെഗ്മെന്റില്‍ മാത്രമാണ് കമ്പനികള്‍ ഡീസല്‍ മോഡലുകള്‍ കമ്പനികള്‍ നിലനിര്‍ത്തുന്നത്.

Tags:    

Similar News