ഇനിയും ഓഹരികള്‍ വില്‍ക്കണോ....ചോദ്യവുമായി ഇലോണ്‍ മസ്‌ക്

കഴിഞ്ഞ ആഴ്ച ടെസ്‌ലയിലെ 1.1 ബില്യണ്‍ ഡോളറിൻ്റെ ഓഹരികള്‍ മസ്‌ക് വിറ്റിരുന്നു;

Update:2021-11-15 14:51 IST

കൂടുതല്‍ ഓഹരികള്‍ വില്‍ക്കണോ എന്ന് യുഎസ് സെനറ്റര്‍ ബെര്‍നി സാൻ്റെഴ്‌സനോട് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയാണ് മസ്‌ക് മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ബെര്‍നി സാൻ്റെഴ്‌സനോട് ചോദ്യം ഉന്നയിച്ചത്. അതിസമ്പന്നരില്‍ നിന്ന് ന്യായമായ നികുതി നമ്മള്‍ ആവശ്യപ്പെടണം എന്ന സാൻ്റെഴ്‌സൻ്റെ ട്വീറ്റിനോടാണ് മസ്‌കിൻ്റെ പ്രതികരണം.

താങ്കള്‍ ജീവിച്ചിരിക്കുന്ന കാര്യം ഞാന്‍ മറന്നുപോയെന്നും കൂടുതല്‍ ഓഹരികള്‍ വില്‍ക്കണോ എന്നുമായിരുന്നു മസ്‌കിൻ്റെ മറു ട്വീറ്റ്. അതിസമ്പന്നരുടെമേല്‍ കൂടുതല്‍ നികുതി ചുമത്താനുള്ള യുഎസ് സെനറ്റിൻ്റെ നിര്‍ദ്ദേശം വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സാൻ്റെഴ്‌സൻ്റെ ട്വീറ്റ്.
5 ബില്യണ്‍ ഡോളറിലധികം സര്‍ക്കാര്‍ സഹായം മസ്‌കിൻ്റെ കീഴിലുള്ള ടെസ്‌ലയ്ക്കും സ്‌പെയ്‌സ് എക്‌സിനും ലഭിച്ചിട്ടുണ്ടെന്ന് ലോസ് ആഞ്ചെലസ് ടൈംസ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ രാജ്യങ്ങള്‍ ഇലക്ട്കിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന നികുതി ഇളവുകളും മറ്റും ടെസ്ലയ്ക്ക് വലിയതോതില്‍ ഗുണം ചെയ്യുന്നുമുണ്ട്.
ലോക സമ്പന്നരില്‍ ഒന്നാമനായ മസ്‌ക് കഴിഞ്ഞ ആഴ്ച ടെസ്‌ലയിലെ 1.1 ബില്യണ്‍ ഡോളറിൻ്റെ ഓഹരികള്‍ വിറ്റിരുന്നു. ഓഹരി വില്‍ക്കുന്നതിനെ സംബന്ധിച്ച് ട്വിറ്റര്‍ പോള്‍ നടത്തിയതിന് ശേഷമായിരുന്നു വില്‍പ്പന. വ്യക്തിഗത നികുതി അടയ്ക്കാനായിരുന്നു ഓഹരികള്‍ വിറ്റത്. നിലവില്‍ ടെസ്‌ലയുടെ 70 ദശലക്ഷത്തിലധികം ഓഹരികള്‍ മസ്‌കിൻ്റെ കൈവശമുണ്ട്. ഏകദേശം 183 ബില്യണ്‍ ഡോളറാണ് ഈ ഓഹരികളുടെ മൂല്യം.


Tags:    

Similar News