WHO നീക്കം പെപ്‌സിയും കൊക്കക്കോളയും അടക്കമുള്ള കമ്പനികളെ ബാധിച്ചേക്കും
മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് പകരം സീറോ-ആല്‍ക്കഹോളിക്ക് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്
സോഫ്റ്റ് ഡ്രിങ്കുകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടുത്തിടെയാണ് ലോകാരോഗ്യ സംഘടന (WHO), സോഫ്റ്റ് ഡ്രിങ്കുകളുടെ നികുതി ഉയര്‍ത്തണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെട്ടത്. 10 ശതമാനം നികുതി ഉയര്‍ത്തുക വഴി മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ വില്‍പ്പന 16 ശതമാനത്തോളം കുറയുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
അതേ സമയം ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘട പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദ്ദേശങ്ങളെ എതിര്‍ത്ത് ഇന്ത്യ ബിവറേജ് അസോസിയേഷന്‍ രംഗത്തെത്തി. നികുതി ഉയര്‍ത്തുന്നത് കൊണ്ട് ഉപഭോഗം കുറയില്ലെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍. സോഫ്റ്റ് ഡ്രിങ്കുകളുടെ ജിഎസ്ടി 18 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം ശക്തമാവുമ്പോഴാണ് ഡബ്ല്യുഎച്ച്ഒയുടെ നിലപാട് പുറത്തുവരുന്നത്. കാര്‍ബണേറ്റഡ് ബിവ്‌റേജുകള്‍ക്ക് നിലവില്‍ 40 ശതമാനമാണ് രാജ്യത്ത് നികുതി ഈടാക്കുന്നത്.
സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ല എന്നും ഉപഭോഗം ക്യാന്‍സര്‍ സാധ്യത ഉയര്‍ത്തുമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടില്‍ ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടിയിരുന്നു. 2022ലെ കണക്കുകള്‍ അനുസരിച്ച് 7-7.5 ബില്യണ്‍ ലിറ്റര്‍ സോഫ്റ്റ് ഡ്രിങ്കാണ് കമ്പനികള്‍ വിറ്റത്. വിപണി സജീവമാവുന്ന സാഹചര്യത്തില്‍ ഡബ്ല്യൂഎച്ച്ഒ നിലപാട് തിരിച്ചടിയാണെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.
അതേ സമയം ആഗോളതലത്തില്‍ മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് പകരം സീറോ-ആല്‍ക്കഹോളിക്ക് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. യുറോപ്യന്‍ യൂണിയനില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് 2025ഓടെ 25 ശതമാനം കുറയ്ക്കുമെന്ന് പെപ്‌സികോ നേരത്തെ അറിയിച്ചിരുന്നു.