പ്രതീക്ഷയോടെ ടൂറിസം; നവംബര്‍ 15 മുതല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയിലേക്കെത്താം

ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലെത്തുന്നവര്‍ക്ക് ഒക്ടോബര്‍ 15 മുതലെത്താം.

Update:2021-10-08 19:03 IST

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ചാര്‍ട്ടേഡ് എയര്‍ക്രാഫ്റ്റ് ഒഴികെയുള്ള വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നവംബര്‍ 15 മുതല്‍ യാത്ര ചെയ്യാനാകും.

ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം അറിയിക്കുന്ന എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും വിദേശ ടൂറിസ്റ്റുകളും കാരിയറുകളും ലാന്‍ഡിംഗ് സ്റ്റേഷനുകളിലെ മറ്റ് പങ്കാളികളും പാലിക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
വിദേശ വിനോദസഞ്ചാരികള്‍ക്ക് വിസ നല്‍കുന്നത് പുനരാരംഭിക്കാനുള്ള നീക്കത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും സ്വാഗതം ചെയ്തു. കൂടാതെ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിനും ഗുണകരമാകും
പുതിയ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്കും ഗുണകരമാകുമെന്ന് കേരളത്തില്‍ നിന്നുള്ളവരും പറയുന്നു. ആലോക് ട്രാവല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ആനന്ദ് പറയുന്നത് നവംബര്‍ കഴിഞ്ഞ് 2022 ന്റെ ആദ്യത്തോട്കൂടിയായിരിക്കും കേരളത്തിലെ ടൂറിസം മേഖലയില്‍ ഇത് പ്രകടമാകൂ എന്നാണ്. ''കാരണം, ഇപ്പോഴുള്ള വിലക്ക് നീങ്ങിയാലും രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ ഭയപ്പെടുത്തുന്നുണ്ട്. ഹോട്ടലുകളില്‍ നിന്നുള്ള ബുക്കിംഗ് എടുത്താലും പിന്നീട് ക്യാന്‍സലേഷന്‍ വന്നാല്‍ മുഴുവന്‍ പണം തിരികെ ലഭിക്കണമെന്നില്ല. മാത്രമല്ല തിരികെ ലഭിച്ചാലും അടുത്ത ബുക്കിംഗില്‍ അത് ഉള്‍ച്ചേര്‍ക്കുകയാകും നടക്കുക. അത് പലര്‍ക്കും ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി കൂട്ടുകയേ ഉള്ളൂ''. അദ്ദേഹം വിശദമാക്കി.
വിദേശ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത്‌കൊണ്ടുള്ള ഇപ്പോഴുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ആഗോള തലത്തില്‍ ടൂറിസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കും. അത് ആഭ്യന്തര ടൂറിസം വളര്‍ച്ചയെയും ഒരുപോലെ സഹായിക്കുമെന്നതിനാല്‍ കേരളത്തിനും സഹായകരമാകുമെന്ന് മേഖലയിലുള്ളവര്‍ കരുതുന്നു.


Tags:    

Similar News