ജിഡിപി കണക്കാക്കുന്ന രീതിയ്ക്ക് മാറ്റം വേണം, എല്ലാവരേയും ഉൾക്കൊള്ളണം: ടോം ജോസ്

Update: 2019-06-28 15:19 GMT

ലോകമൊട്ടാകെ സാമ്പത്തിക വളർച്ച അളക്കാൻ ഉപയോഗിക്കുന്ന സൂചികയായ ജിഡിപി കണക്കുകൂട്ടുന്ന രീതിയിൽ പിഴവുകളുണ്ടെന്നും അവ പല ഘടകങ്ങളും കണക്കിലെടുക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസ്. കൊച്ചിയില്‍ ധനം ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്ന പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നില്ല. എന്നാൽ മനുഷ്യ ജീവിതം ദുസ്സഹമാക്കുന്ന പല നിർമാണ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടുതാനും. ഈ രീതിയ്ക്ക് മാറ്റം വരണമെന്ന് ടോം ജോസ് പറഞ്ഞു.

പ്രകൃതിയോടും മനുഷ്യ സമൂഹത്തോടും യുദ്ധം പ്രഖ്യാപിക്കാത്ത വിധത്തിലുള്ള ക്യാപിറ്റലിസം ആണ് ഇന്ന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പത്ത് നേടുന്നതുകൊണ്ടായില്ല, എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളികള്‍ക്കുള്ളിലെ അവസരങ്ങള്‍ കണ്ടെത്താനാണ് എന്നും സംരംഭകര്‍ ശ്രമിക്കേണ്ടതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ അരുണ്‍ കുമാര്‍ പറഞ്ഞു. ശുഭാപ്തിവിശ്വാസമാണ് ഒരു സംരംഭകന്റെ വിജയത്തെ നയിക്കുന്നതെന്നും അരുണ്‍ കുമാര്‍ സ്വന്തം ബിസിനസ് സ്ട്രാറ്റജികള്‍ വ്യക്തമാക്കി കൊണ്ട് വിശദീകരിച്ചു.

സമി സബിന്‍സ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് മജീദ് പ്രത്യേക പ്രഭാഷണം നിര്‍വഹിച്ചു.

ചടങ്ങില്‍ വെച്ച് ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബിന് ടോം ജോസ് ഐ എ എസ് സമ്മാനിച്ചു.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ മധു എസ് നായര്‍ ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2018 അവാര്‍ഡും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് ധനം എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരവും ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസില്‍ നിന്ന് ഏറ്റുവാങ്ങി.

ധനം എസ്എംഇ എന്റര്‍പ്രൈസ് ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരത്തിന് അര്‍ഹരായ മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സജീവ് മഞ്ഞില, ധനം വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ 2018 അവാര്‍ഡ് എം.ഒ.ഡി സിഗ്നേച്ചര്‍ ജൂവല്‍റി സ്ഥാപകയും ചീഫ് ഡിസൈനറുമായി ആശ സെബാസ്റ്റ്യന്‍ മറ്റത്തിലിനും ടോം ജോസ് ഐ എ എസ് സമ്മാനിച്ചു.

ധനം പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ ഏബ്രഹാം ചടങ്ങിന് സ്വാഗതം പറഞ്ഞു. മാനേജര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇവന്റ്‌സ് പോള്‍ ജോര്‍ജ് ചിറമ്മല്‍ നന്ദി പ്രകാശിപ്പിച്ചു.

Similar News