ഗൂഗിളിലും തൊഴിലാളി യൂണിയന്‍, ഐ ടി കമ്പനികള്‍ക്ക് ഇത് അപായ സൂചനയോ?

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ രൂപമെടുത്തിരിക്കുന്ന തൊഴിലാളി യൂണിയന്‍ ഐ ടി കമ്പനികള്‍ക്ക് നല്‍കുന്നത് അപായ സൂചനയോ?

Update:2021-01-05 11:11 IST

ഗൂഗിളിന്റെ മാതൃകമ്പനിയായി ആല്‍ഫബെറ്റിലും തൊഴിലാളി യൂണിയന്‍. അല്‍ഫബെറ്റിലെ 200ലധികം ജീവനക്കാരും കരാറുകാരും ചേര്‍ന്നാണ് തൊഴിലാളി യൂണിയന്‍ രൂപികരിച്ചിരിക്കുന്നത്. ജോലിസ്ഥലത്തെ തുല്യതയും ധാര്‍മ്മിക ബിസിനസ്സ് രീതികളും പ്രോത്സാഹിപ്പിക്കുന്നതിനായാണ് യൂണിയന്‍ തുടങ്ങിയതെന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ പറഞ്ഞു.

ആല്‍ഫബെറ്റിലെ എല്ലാ അമേരിക്കന്‍, കനേഡിയന്‍ തൊഴിലാളികള്‍ക്കും, മുഴുവന്‍ സമയ ജോലിക്കാര്‍ക്കും താല്‍ക്കാലിക തൊഴിലാളികള്‍ക്കും വെണ്ടര്‍മാര്‍ക്കും മറ്റ് കരാറുകാര്‍ക്കും യൂണിയനില്‍ പ്രവര്‍ത്തിക്കാം.

'ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍' എന്ന സംഘടനയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം അംഗങ്ങളുടെ ശമ്പളത്തിന്റെ ഒരു ശതമാനം യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. തൊഴിലാളി പണിമുടക്ക് ഉണ്ടായാല്‍ അംഗങ്ങളുടേം സംഘാടകരുടെയും വേതനം, ഇവന്റുകള്‍, നിയമപരമായ പിന്തുണ എന്നിവക്ക് ഈ ഫണ്ട് ഉപയോഗിക്കും.

ഗൂഗിള്‍ ജീവനക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തി വന്ന പല വിഷയങ്ങളിലൂന്നിയുള്ള നിരവധി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് അല്‍ഫബെറ്റിലെ തൊഴിലാളികള്‍ ഒരു സമര സംഘടനയുമായി രംഗത്ത് വന്നതെന്നത് ശ്രദ്ധേയമാണ്.

പൊതുവെ ഐ ടി മേഖലയിലെ കമ്പനികളില്‍ തൊഴിലാളി യൂണിയനുകള്‍ കുറവാണെങ്കിലും ഗൂഗിളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചു മുന്നോട്ടു വരുന്ന കാഴ്ച കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ കാണുകയുണ്ടായി. ലൈംഗിക അതിക്രമ പരാതികളെ ഗൂഗിള്‍ കൈകാര്യം ചെയ്ത രീതിയും അമേരിക്കന്‍ പട്ടാളവുമായി അനുബന്ധിച്ച ജോലികളും ഒക്കെ ജീവനക്കാര്‍ വിമര്‍ശനവിധേയമാക്കിയിരുന്നു.

എന്നാല്‍ പുതുതായി രൂപം കൊണ്ട തൊഴിലാളി സംഘടന ശമ്പളം, തൊഴില്‍ സാഹചര്യങ്ങള്‍ എന്ന വിഷയങ്ങളില്‍ ഉടനെ ഒരു ഇടപെടല്‍ നടത്തില്ല എന്നാണ് സൂചനകള്‍. പകരം, ഭാവിയിലെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് കൂടുതല്‍ ഔപചാരികമായ ഒരു ഘടന സൃഷ്ടിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.

തൊഴിലാളികള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാമെന്നും ദുരുപയോഗം, പ്രതികാരം, വിവേചനം എന്നിവയൊന്നും ഭയപ്പെടാതെ ന്യായമായ വേതനത്തില്‍ അവരുടെ ജോലി ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ യൂണിയന്‍ പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ എഞ്ചിനീയര്‍മാരായ പരുള്‍ കൗളും ചെവി ഷായും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞു.
ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ ആണ് കൗള്‍. ഷാ വൈസ് ചെയറും.

ഇത് കൂടാതെ കമ്പനി നയങ്ങളില്‍ പ്രതിഷേധിക്കുകയും ഒരു യൂണിയന്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് നിരവധി തൊഴിലാളികളെ കമ്പനി നിയമവിരുദ്ധമായി ചോദ്യം ചെയ്യുകയും പിരിച്ചു വിടുകയും ചെയ്തുവെന്ന ആരോപണം യുഎസ് ലേബര്‍ റെഗുലേറ്റര്‍ ഗൂഗിളിനെതിരെ ഇതിനോടകം തന്നെ ഉന്നയിച്ചിട്ടുമുണ്ട്. എന്നാല്‍ തങ്ങള്‍ നിയമപരമായി മാത്രമേ ഇതില്‍ ഇടപെട്ടിട്ടുള്ളുവെന്നണ് കമ്പനിയുടെ പ്രതികരണം.

ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗങ്ങള്‍ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് ഓഫ് അമേരിക്ക ലോക്കല്‍ 1400 എന്നതിന്റെ ഭാഗമാകും. അതില്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സ്, എടി ആന്‍ഡ് ടി എന്നിവയിലെ ജീവനക്കാരും ഉള്‍പ്പെടുന്നു.

ഇതിനിടെ ഗൂഗിളിന്റെ മാനവ വിഭവശേഷി ഡയറക്ടര്‍ കാരാ സില്‍വര്‍സ്‌റ്റൈന്‍ ജീവനക്കാരെ 'പിന്തുണയ്ക്കുന്നതും പ്രതിഫലദായകവുമായ ഒരു ജോലിസ്ഥലം സൃഷ്ടിക്കാന്‍ കമ്പനി എല്ലായ്‌പ്പോഴും കഠിനമായി പരിശ്രമിച്ചു' എന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

'തീര്‍ച്ചയായും ഞങ്ങളുടെ ജീവനക്കാര്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്ന തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ എല്ലായ്‌പ്പോഴും ചെയ്തതുപോലെ ഞങ്ങളുടെ എല്ലാ ജീവനക്കാരുമായും നേരിട്ട് സംസാരിക്കുന്നത് തുടരും,' അവര്‍ കൂട്ടിച്ചേര്‍ത്തു.

താരതമ്യേന തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കാത്ത ഐ ടി പോലെ ഉള്ള മേഖലകളിലേക്ക് യൂണിയനുകളുടെ കടന്നുകയറ്റം സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.


Tags:    

Similar News