റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ക്ക് ആശ്വാസം, നികുതി ഇളവ് അനുവദിക്കാന്‍ കേന്ദ്രം; നീക്കം വ്യാപക വിമര്‍ശനത്തിന് പിന്നാലെ
രണ്ട് ഓപ്ഷനുകള്‍ അനുവദിക്കാനാണ് ഭേദഗതി
റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ മൂലധന ആദായ നികുതിയില്‍ വരുത്തിയ മാറ്റത്തിന്റെ ആഘാതം കുറയ്ക്കാന്‍ ധനകാര്യ ബില്ലില്‍ ഭേദഗതിക്ക് ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. പഴയ രീതി തുടരാന്‍ ഓപ്ഷന്‍ അനുവദിക്കാനാണു ഭേദഗതി. അതായത് ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയോ ആനുകൂല്യമില്ലാതെ 12.5 ശതമാനം നികുതിയോ അടച്ചാല്‍ മതി. 2024 ജൂലൈ 23 വരെ വസ്തുവോ കെട്ടിടമോ വാങ്ങിയ വ്യക്തികള്‍ക്ക് മാത്രമാണ് ഇവ വില്‍ക്കുമ്പോള്‍ നല്‍കുന്ന നികുതിയില്‍ ആനുകൂല്യം ലഭിക്കുക. രണ്ടു ഓപ്ഷനുകള്‍ പരിഗണിച്ച് അനുയോജ്യമായത് തിരഞ്ഞെടുക്കാം. 2024 ജൂലൈയ്ക്ക് ശേഷം വസ്തുവോ കെട്ടിടമോ വാങ്ങുന്നവര്‍ ഇന്‍ഡെക്‌സേഷനില്ലാതെ 12.5 ശതമാനം നികുതി നല്‍കണം.
ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹന്‍ദാസ് പൈ ഉള്‍പ്പെടെയുള്ളവര്‍ ബജറ്റ് നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. എടുത്തുചാട്ടമായിപ്പോയെന്നും മധ്യവര്‍ഗക്കാരെ ഉള്‍പ്പെടെ ഇത് അസ്വസ്ഥമാക്കുമെന്നും മോഹന്‍ദാസ് പൈ നരേന്ദ്ര മോദിയേയും ധനമന്ത്രിയേയും ഉള്‍പ്പെടെയുള്ളവരെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.
സമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇതേകുറിച്ച് വിമര്‍ശനം ഉന്നയിച്ചത്.
ഈ സാഹചര്യത്തിലാണ് രണ്ട് ഓപ്ഷനുകളില്‍ നേട്ടമുള്ളത് തിരഞ്ഞെടുക്കാന്‍ നികുതിയ ദായകരെ അനുവദിക്കുന്നവിധത്തില്‍ നിയമഭേദഗതി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത്.