ഈ സമയത്ത് ഉപഭോക്താവിന്റെ വിശ്വാസം എങ്ങനെ നേടാം? ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാള്‍ പറയുന്നു

Update: 2020-05-22 13:15 GMT

പെട്ടെന്നുണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ പകച്ചുനില്‍ക്കുകയാണ് രാജ്യത്തെ ഭൂരിഭാഗം ബിസിനസുകളും. കഷ്ടപ്പെട്ടുണ്ടാക്കിയ തങ്ങളുടെ ബിസിനസും ഉപഭോക്താക്കളും നഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന അവസ്ഥ. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനമെന്ന് ആമസോണ്‍ ഇന്ത്യയുടെ കണ്‍ട്രി ഹെഡായ അമിത് അഗര്‍വാള്‍ പറയുന്നു.

ഉപഭോക്താക്കളുടെ വിശ്വാസം, പുതുമ കണ്ടെത്തല്‍, ആധുനികസാങ്കേതികവിദ്യ എന്നീ മൂന്ന് കാര്യങ്ങളാണ് കോവിഡിന് ശേഷമുള്ള ലോകത്ത് ഇ-കൊമേഴ്‌സ് കമ്പനികളുടെ നിലനില്‍പ്പിന് നിര്‍ണ്ണായകഘടകമാകുകയെന്ന് അമിത് അഗര്‍വാള്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍ പത്രമായ മിന്റ് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍:

$ ശരി ചെയ്യുക, ആരും ഇല്ലാത്തപ്പോഴും

ആരും നിങ്ങളെ നോക്കാനില്ലാത്തപ്പോഴും നല്ലത് ചെയ്യുക വഴി നിങ്ങള്‍ക്ക് വിശ്വാസം നേടാനാകും. കാരണം ആരെങ്കിലും നോക്കാനുള്ളപ്പോള്‍ ശരിയായി ചെയ്യുക വളരെ എളുപ്പമാണ്. കോവിഡിന് ശേഷമുള്ള ലോകത്ത് ഉപഭോക്താക്കള്‍ തേടുന്നത് ഈ വിശ്വാസമായിരിക്കും. സുരക്ഷിതത്വത്തിന്റെ വിശ്വാസം. അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുമെന്ന വിശ്വാസം.

$ വാഗ്ദാനങ്ങള്‍ പാലിക്കുക

നിങ്ങള്‍ക്ക് പാലിക്കാനാകും എന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവൂ. നാം നല്‍കുന്ന വാഗ്ദാനം എന്തുവില കൊടുത്തും നാം പാലിക്കുകയും വേണം. വാഗ്ദാനം പാലിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍ അതിന്റെ മൂലകാരണം എത്രയും വേഗം കണ്ടെത്തി എവിടെയാണ് തെറ്റുപറ്റിയതെന്ന് മനസിലാക്കി തിരുത്തേണ്ടത് പരമപ്രധാനമാണ്. ഇത് വളരെ, വളരെ പ്രധാനമാണ്.

$ സാങ്കേതികവിദ്യ മുറുകെപ്പിടിക്കുക

നിങ്ങള്‍ ഓണ്‍ലൈന്‍ ആയി ബിസിനസ് ചെയ്യുന്നവരാകട്ടെ, ഓഫ്‌ലൈന്‍ ആയി ചെയ്യുന്നവരാകട്ടെ, ഉപഭോക്താവിനെ ലക്ഷ്യമിട്ടുള്ള ബിസിനസുകളെല്ലാം സാങ്കേതികവിദ്യയെ മുറുകെപ്പിടിക്കേണ്ടത് അത്യാവശ്യമാണ്. വില്‍പ്പനക്കാര്‍ ആമസോണിന്റെ ലോക്കല്‍ ഷോപ്പ്‌സ് പദ്ധതിപോലെയുള്ള പുതിയ സാങ്കേതികവിദ്യകളേക്ക് മാറി ആഗോള ബ്രാന്‍ഡുകളായി മാറുമെന്ന് ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ട്.

ലോക്ഡൗണ്‍ കാലത്ത് അവശ്യസാധനങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിയന്ത്രണം ഉണ്ടായിരുന്നതുകൊണ്ട് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലെയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ബിസിനസിനെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവശ്യേതര ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന ആരംഭിച്ചതോടെ ഇവരുടെ ഡിമാന്റില്‍ 50 ശതമാനം വര്‍ദ്ധനയുണ്ടായി. ''ഡിമാന്റില്‍ കുതിച്ചുചാട്ടമുണ്ടായെന്ന് വ്യക്തമാണ്. കുറച്ചുനാളായി വാങ്ങാന്‍ കഴിയാതിരുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താവ് കാത്തിരിക്കുകയായിരുന്നു. ഇതില്‍ കുറച്ച് ഡിമാന്റ് നിലനില്‍ക്കും. വില്‍പ്പനക്കാര്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി നഷ്ടപ്പെട്ട ഡിമാന്റിന്റെ കുറച്ചുഭാഗമെങ്കിലും വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.'' അമിത് അഗര്‍വാള്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News