കൊച്ചിയില്‍ മറ്റൊരു താജ് വിവാന്റ വരുന്നു; കേരളത്തില്‍ ഹോട്ടല്‍ ചെയ്ന്‍ വികസിപ്പിച്ച് ഐ.എച്ച്.സി.എല്‍

നിലവില്‍ 18 ഹോട്ടലുകളാണ് ഗ്രൂപ്പിന് കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്

Update:2023-11-22 21:46 IST

Image courtesy: vivanta

കൊച്ചിയില്‍  മറ്റൊരു താജ് ഹോട്ടല്‍ കൂടി എത്തുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രികരെ പ്രധാനമായും ലക്ഷ്യമിട്ട് കൊണ്ട് ആലുവയിലായിരിക്കും പുതിയ താജ് വിവാന്റ ഹോട്ടല്‍ എത്തുക. താജ് ഉള്‍പ്പെടെയുള്ള ഹോട്ടല്‍ ചെയ്ന്‍ നടത്തുന്ന ഐ.എച്ച്.സി.എല്‍ (The Indian Hotels Company Limited) ഗ്രൂപ്പിന് കീഴില്‍ കൊച്ചിയില്‍ തുറക്കുന്ന ഏഴാമത്തെ ഹോട്ടലാണ് ഇത്. 

കേരളത്തില്‍ താജ്, സെലെക്ഷന്‍സ് (SeleQtions), വിവാന്റ ബൈ താജ്, ജിഞ്ചര്‍ തുടങ്ങി വിവിധ ബ്രാന്‍ഡുകളില്‍ ആകെ 18 ഹോട്ടലുകളാണ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ അഞ്ചെണ്ണം ഇപ്പോള്‍ നിര്‍മാണത്തിലുള്ളവയാണ്.

താജിന്റെ പ്രൗഢി

ഹോട്ടല്‍ പേള്‍ ഡ്യൂണ്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആലുവയില്‍ പുതിയ വിവാന്റ ബൈ താജ് പ്രവര്‍ത്തിക്കുക. എറണാകുളം എം.ജി റോഡിലെ ജിഞ്ചര്‍ ഹോട്ടലിന് ശേഷം പേള്‍ ഡ്യൂണ്‍സുമായി കൈകോര്‍ത്ത് കൊണ്ടുള്ള ഐ.എച്ച്.സി.എല്ലിന്റെ രണ്ടാമത്തെ പ്രോജക്റ്റാണ് ഇത്. 4,500 sq.mt ഹോട്ടലില്‍ 95 മുറികള്‍, സ്വിമ്മിംഗ് പൂള്‍, സ്പാ, ബാര്‍ റസ്റ്റോറന്റ് എന്നിവയുണ്ടാകും.

കൂടുതൽ നഗരങ്ങളിൽ ജിഞ്ചർ ഹോട്ടലുകൾ ഉൾപ്പെടെ വൻ പദ്ധതികളാണ് ഐ.എച്ച്.സി.എല്‍ ഗ്രൂപ്പിന് കേരളത്തിലുള്ളത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി അടുത്ത  രണ്ടര വർഷത്തിൽ  100 ജിഞ്ചർ ഹോട്ടലുകളാക്കാനുള്ള പദ്ധതിയുണ്ട് ഗ്രൂപ്പിന്. നിലവിൽ ഇത് 82 എണ്ണമാണ്. 

Tags:    

Similar News