യുദ്ധം പുകയുമ്പോള്‍ ഇന്ത്യന്‍ തേയില വ്യവസായത്തിനും പൊള്ളുന്നു

കയറ്റുമതി മാര്‍ഗങ്ങള്‍ അടഞ്ഞാല്‍ ചെലവ് വര്‍ധിക്കും, വില കൂടും

Update:2024-10-05 16:58 IST

Image : Canva

പശ്ചിമേഷ്യയില്‍ യുദ്ധം പുകയുമ്പോള്‍ ഇന്ത്യന്‍ തേയില വ്യവസായത്തിനും തിരിച്ചടി. ഇന്ത്യന്‍ തേയിലയുടെ പ്രധാന കയറ്റുമതി ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. യുദ്ധം കനക്കുന്നതോടെ കയറ്റുമതി നിലക്കുമെന്ന ആശങ്കയിലാണ് തേയില കമ്പനികള്‍. കയറ്റുമതി മാര്‍ഗങ്ങളില്‍ തടസമുണ്ടാകുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. വിലക്കയറ്റത്തിനും ഇത് ഇടയാക്കുമെന്നാണ് വ്യാപാര മേഖലയില്‍ നിന്നുള്ള സൂചനകള്‍. ഷിപ്പിംഗ് ചാര്‍ജുകള്‍, ഇന്‍ഷുറന്‍സ് ചെലവുകള്‍ എന്നിവയും വര്‍ധിക്കാം.

കഷ്ടകാലം വന്നത് നല്ല കാലത്ത്

അറബ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതിയില്‍ വലിയ കുതിപ്പുണ്ടാകുന്ന കാലത്താണ് യുദ്ധം കരിനിഴല്‍ വീഴ്ത്തുന്നത്. 2023 നെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ തേയില കയറ്റുമതിയില്‍ 22.8 ശതമാനം വര്‍ധനയാണുണ്ടായത്. 9.8 കോടി കിലോയില്‍ നിന്ന് 12.1 കോടിയായി വര്‍ധിച്ചു. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് പുറമെ ഇറാന്‍, ഇറാഖ്, യു.എ.ഇ എന്നിവയാണ് ഇന്ത്യന്‍ തേയിലയുടെ പ്രധാന ആവശ്യക്കാര്‍. ഇറാനിലേക്കുള്ള കയറ്റുമതി ഒരു ഇടവേളക്ക് ശേഷം വീണ്ടും സജീവമായി വരികയാണ്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാത്രം 50 ലക്ഷം കിലോ തേയിലയാണ് കയറ്റുമതി ചെയ്തത്. ഇറാനിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യന്‍ കമ്പനികള്‍ ഏറെ മുന്നോട്ടു പോയിരുന്നതായും ഈ വര്‍ഷം റെക്കോര്‍ഡ് നേട്ടമുണ്ടാക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ഇന്ത്യ ടീ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അന്‍ഷുമാന്‍ കനോരിയ ചൂണ്ടിക്കാട്ടി. യുദ്ധം നീണ്ടു പോയാല്‍ കണക്കു കൂട്ടലുകള്‍ തെറ്റുമെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. അതേസമയം, നിലവില്‍ കയറ്റുമതിക്ക് വെല്ലുവിളികള്‍ ഇല്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് ഉറ്റുനോക്കുകയാണെന്നും ഇന്ത്യന്‍ ടീ അസോസിയേഷന്‍ ചെയര്‍മാന്‍ ഹേമന്ദ് ബംഗൂര്‍ പറഞ്ഞു.

Tags:    

Similar News