തുടര്‍ച്ചയായ ഏഴാം മാസവും പുതിയ ഉപഭോക്താക്കള്‍, ഓഗസ്റ്റില്‍ ജിയോ നേടിയത് 6.49 ലക്ഷം പേരെ

ജുലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്

Update:2021-10-21 14:15 IST

രാജ്യത്തെ ടെലികോം രംഗത്ത് മുന്നേറ്റം തുടര്‍ന്ന് റിലയന്‍സ് ജിയോ. ഓഗസ്റ്റില്‍ പുതുതായി 6.49 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ നേടിയത്. അതേസമയം, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഭാരതി എയര്‍ടെല്‍ 1.38 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ഓഗസ്റ്റില്‍ നേടിയതെന്നും ടെലികോം റെഗുലേറ്റര്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത് തുടര്‍ച്ചയായ ഏഴാം മാസമാണ് റിലയന്‍സ് ജിയോ പരമാവധി വയര്‍ലെസ് വരിക്കാരെ ചേര്‍ക്കുന്നത്. മുമ്പത്തെ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് ജിയോയ്ക്കുണ്ടായത്. ജുലൈയില്‍ പുതുതായി 6.52 ദശലക്ഷം പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഓഗസ്റ്റില്‍ ഇത് 0.65 ദശലക്ഷമായി കുറഞ്ഞു. ഭാരതി എയര്‍ടെല്ലിന്റെ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിലും കുറവുണ്ടായി. ജൂലൈയില്‍ 1.94 ദശലക്ഷം ഉപഭോക്താക്കളെ പുതുതായി ലഭിച്ചപ്പോള്‍ ഓഗസ്റ്റില്‍ 1.38 ലക്ഷം വരിക്കാരെ മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. അതേസമയം, വോഡഫോണ്‍ ഐഡിയയുടെ ഉപഭോക്താക്കളുടെ നഷ്ടം തുടരുകയാണ്. ജൂലൈയില്‍ 1.43 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടമായപ്പോള്‍ ഓഗസ്റ്റില്‍ ഇത് 8.33 ലക്ഷമായി കുറഞ്ഞു.
കൂടാതെ, രാജ്യത്തെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റില്‍ 1186.72 ദശലക്ഷമായി കുറഞ്ഞതായും ട്രായിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ 1186.84 ദശലക്ഷമായിരുന്നു മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം.


Tags:    

Similar News