പുതിയ ഏറ്റെടുക്കല്‍, വലിയ പദ്ധതികള്‍; ചുവടുമാറ്റാന്‍ ലെന്‍സ്‌കാര്‍ട്ട്
ജപ്പാന്‍ കണ്ണട ബ്രാന്‍ഡിലെ ഓഹരികള്‍ സ്വന്തമാക്കുന്നതിലൂടെ ലെന്‍സ്‌കാര്‍ട്ട് ലക്ഷ്യം വയ്ക്കുന്നതെന്ത്?
ജപ്പാന്‍ കണ്ണട ബ്രാന്‍ഡായ ഓണ്‍ഡേയ്സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യന്‍ കണ്ണട റീട്ടെയ്‌ലറായ ലെന്‍സ്‌കാര്‍ട്ട് (Lenskart). സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ലെന്‍സ്‌കാര്‍ട്ട് ഓണ്‍ഡേയ്സിലെ L Catterton Asia, Mitsui & Co, Principal Investments എന്നിവയുടെ ഓഹരികളാണ് സ്വന്തമാക്കുന്നത്.
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഓണ്‍ഡേയ്സിന്റെ മൂല്യം ഏകദേശം 400 മില്യണ്‍ ഡോളറാണ്. ഏറ്റെടുക്കലുകള്‍ക്ക് ശേഷവും സഹസ്ഥാപകരായ ഷുജി തനാകയുടെയും ടേക്ക് ഉമിയാമയുടെയും നേതൃത്വത്തില്‍ ഒരു പ്രത്യേക ബ്രാന്‍ഡായായിരിക്കും ഓണ്‍ഡേയ്സ് പ്രവര്‍ത്തിക്കുക. ഈ ഏറ്റെടുക്കലോടെ സിംഗപ്പൂര്‍, തായ്ലന്‍ഡ്, തായ്വാന്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ ഏഷ്യയിലെ 13 വിപണികളിലേക്ക് സാന്നിധ്യമുറപ്പാക്കാനാണ് ലെന്‍സ്‌കാര്‍ട്ട് ലക്ഷ്യമിടുന്നത്. ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ഡേയ്സ് 1989ലാണ് സ്ഥാപിതമായത്. 2013-ല്‍ ആദ്യത്തെ വിദേശ സ്റ്റോറുകള്‍ തുറന്ന ഓണ്‍ഡേയ്സിന് ജപ്പാന് പുറമെ ഒരു ഡസന്‍ രാജ്യങ്ങളിലായി 460 സ്റ്റോറുകളുണ്ട്.
കണ്ണടയില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഓമ്നി-ചാനല്‍ കമ്പനിയായി മാറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ലെന്‍സ്‌കാര്‍ട്ട് ജാപ്പനീസ് ഡയറക്ട്-ടു-കണ്‍സ്യൂമര്‍ കണ്ണട ബ്രാന്‍ഡായ ഓണ്‍ഡേയ്സിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നത്. ബന്‍സാല്‍, അമിത് ചൗധരി, നേഹ ബന്‍സാല്‍, സുമീത് കപാഹി എന്നിവര്‍ ചേര്‍ന്ന് 2008-ല്‍ സ്ഥാപിച്ച ലെന്‍സ്‌കാര്‍ട്ടിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം കൂടാതെ, കണ്ണടകളുടെ നിര്‍മാണം, വിതരണം
എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മൊത്തവ്യാപാര വിഭാഗമുണ്ട്.
അടുത്തിടെ, ലെന്‍സ്‌കാര്‍ട്ട് അതിന്റെ ഉല്‍പ്പന്നങ്ങള്‍ Nykaa, Myntra, Tata Cliq എന്നിവയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കി അതിന്റെ ഓണ്‍ലൈന്‍ സാന്നിധ്യം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.