ഇന്ത്യൻ ഐറ്റി മേഖലയിലെ ആദ്യ 'ഹോസ്റ്റൈൽ ടേക്ക്ഓവർ' പൂർണം, എൽ&ടി ലക്ഷ്യം നേടിയത് 4 മാസം കൊണ്ട്

Update:2019-06-27 12:03 IST

ബെംഗളൂരു ആസ്ഥാനമായ ഐറ്റി കമ്പനി മൈൻഡ്ട്രീയിലെ 60 ശതമാനം ഓഹരികളും കൺസ്ട്രക്ഷൻ രംഗത്തെ അതികായന്മാരായ ലാർസൻ & ടർബോ (എൽ&ടി) യുടെ നിയന്ത്രണത്തിൽ വന്നതോടെ ഇന്ത്യൻ ഐറ്റി മേഖലയിലെ ആദ്യ 'ഹോസ്റ്റൈൽ ടേക്ക്ഓവർ' പൂർണമായിരിക്കുകയാണ്. മൈൻഡ്ട്രീയുടെ ബോർഡിലും മാനേജ്മെന്റിലും എൽ &ടി യ്ക്ക് പൂർണ നിയന്ത്രണം ഇതോടെ ലഭിക്കും.

വെറും നാലുമാസം കൊണ്ടാണ് മൈൻഡ്ട്രീ പ്രൊമോട്ടർമാരുടെ എതിർപ്പിനെ മറികടന്ന് എൽ&ടി ഈ ലക്ഷ്യം നേടിയത്. കൃത്യമായി പ്ലാൻ ചെയ്ത സ്ട്രാറ്റജിയാണ് എൽ&ടിയെ ഇതിന് സഹായിച്ചത്.

എന്താണ് ഹോസ്റ്റൈൽ ടേക്ക് ഓവർ?

പ്രൊമോട്ടർമാരുടെ സഹകരണമില്ലാതെ ഒരു കമ്പനിയെ മറ്റൊരു കമ്പനി ഏറ്റെടുക്കുന്നതിനാണ് ഹോസ്റ്റൈൽ ടേക്ക് ഓവർ എന്ന് പറയുന്നത്. മൈൻഡ്ട്രീയുടെ കാര്യത്തിൽ ഓപ്പൺ മാർക്കറ്റ്, ഓഹരിയുടമകൾക്കുള്ള ഓപ്പൺ ഓഫർ എന്നിവ വഴിയാണ് എൽ &ടി ഏറ്റെടുക്കൽ നടത്തിയത്. സേവനമേഖലയിൽ ഇത്തരം ഏറ്റെടുക്കൽ അപൂർവമാണ്. കാരണം കമ്പനിയുടെ സ്ഥാപക-പ്രൊമോട്ടർമാരുടെ വൈദഗ്ധ്യം സേവനമേഖലയ്ക്ക് പ്രധാനമാണ്.

സിദ്ധാർഥയുടെ ഓഹരി വാങ്ങി തുടക്കം

മാർച്ചിൽ കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാർഥയ്ക്ക് മൈൻഡ്ട്രീയിൽ ഉണ്ടായിരുന്ന 20.32 ശതമാനം ഓഹരി വാങ്ങിക്കൊണ്ടാണ് കമ്പനി ഏറ്റെടുക്കലിനു തുടക്കമിട്ടത്. പിന്നാലെ ഓഹരിയൊന്നിന് 980 രൂപ എന്നനിരക്കിൽ കമ്പനിയുടെ 31 ശതമാനം ഷെയറുകൾ വാങ്ങാനുള്ള ഓപ്പൺ ഓഫറും നൽകി.

എല്‍&ടി മുന്നോട്ടു വെച്ച ഓഫറിനെതിരെ മൈൻഡ്ട്രീയുടെ സ്ഥാപകർ തന്നെ രംഗത്തെത്തി. പക്ഷേ, വിപണിയിൽ നിന്ന് ഓഹരി തിരികെ വാങ്ങാനുള്ള കാര്യത്തിൽ തീരുമാനമെടുക്കാൻ പക്ഷെ മൈൻഡ്ട്രീയ്ക്കായില്ല. ഇത് എൽ&ടിയ്ക്ക് സഹായകരമായി.

ഓപ്പൺ ഓഫർ അവസാനിക്കുന്ന ജൂൺ 28ന് രണ്ടു ദിവസം മുൻപേതന്നെ 31 ശതമാനം ഓഹരിയും നേടി ലക്ഷ്യം കാണാൻ എൽ &ടി യ്ക്ക് സാധിച്ചു. 4,988.82 കോടി രൂപയ്ക്കാണ് ഈ ഓഹരികൾ കമ്പനി ഏറ്റെടുത്തത്.

50.9 ദശലക്ഷം ഓഹരികൾ വാങ്ങാനുള്ള എൽ & ടിയുടെ ഓപ്പൺ ഓഫർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് മൈൻഡ്ട്രീയുടെ വലിയ ഓഹരിയുടമകളാണ്.

സിംഗപ്പൂർ ആസ്ഥാനമായ നളന്ദ കാപിറ്റൽ (10.61%), യുടിഐ മ്യൂച്വൽ ഫണ്ട് (2.97%), അമാൻസ ഹോൾഡിങ്‌സ് (2.77%), ആരോഹി അസറ്റ് മാനേജ്മെന്റ് (2.74%), ഫ്രാങ്ക്‌ലിൻ ടെംപ്ലെറ്റൺ (1.06%) എന്നിവരാണ് ഇതിൽ പ്രധാനികൾ.

പ്രൊമോട്ടർമാരായിരുന്ന എൻ കൃഷ്ണകുമാർ, എൻ എസ് പാർത്ഥസാരഥി, സുബ്രതോ ബാഗ്ച്ചി, റോസ്‌തോ രാവണൻ എന്നിവർക്കും അവരുടെ കുടുംബത്തിനും കമ്പനിയിൽ 13.32 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ഇത് എൽ &ടിയ്ക്ക് വിൽക്കാൻ അവർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.

സിദ്ധാർത്ഥയുടെ 20.32 ശതമാനം ഓഹരി വാങ്ങിയതിന് തൊട്ടുപിന്നാലെ ഓപ്പൺ മാർക്കറ്റിൽ നിന്ന് അധിക ഓഹരി വാങ്ങി എൽ &ടി തങ്ങളുടെ ഹോൾഡിങ് 28.9 ശതമാനമാക്കിയിരുന്നു. ഇത്തരത്തിൽ 15 ശതമാനം വരെ കമ്പനിക്ക് വാങ്ങാം.

ഓപ്പൺ ഓഫർ അവസാനിക്കുന്ന ജൂൺ 28 ന് ശേഷം ബാക്കിയുള്ള 6 ശതമാനം വാങ്ങുന്ന കാര്യം കമ്പനി പരിഗണിക്കുമെന്നാണ് അറിയുന്നത്. എല്ലാ ടാർജറ്റുകളും നേടിക്കഴിയുമ്പോൾ, 10,800 കോടി രൂപ മൂല്യമുള്ള മൈൻഡ്ട്രീയുടെ 66.32 ശതമാനം ഓഹരികളും എൽ &ടി യുടെ കയ്യിലെത്തും.

Similar News