ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് ടി.സി.എസ് തന്നെ; ആദ്യ 10ല്‍ എല്‍.ഐ.സിക്ക് ഇടമില്ല

75 കമ്പനികളുടെ മൊത്തം ബ്രാന്‍ഡ് മൂല്യം 30.73 ലക്ഷം കോടി രൂപ

Update: 2023-09-29 06:20 GMT

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡെന്ന സ്ഥാനം നിലനിറുത്തി രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്). കാന്താര്‍സ് ബ്രാന്‍ഡ്‌സ് ഇന്ത്യ (Kantar’s BrandZ India) റാങ്കിംഗ് ഡേറ്റ പ്രകാരം 4,300 കോടി ഡോളറാണ് (3.5 ലക്ഷം കോടി) ടി.സി.എസിന്റെ ബ്രാൻഡ് മൂല്യം.

രാജ്യത്തെ ഏറ്റവും മുന്നിലുള്ള 75 ബ്രാന്‍ഡുകളുടെ മൊത്തം മൂല്യം 37,000 കോടി ഡോളറാണ് (ഏകദേശം 30.73 ലക്ഷം കോടി രൂപ ). കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറവുണ്ടായിട്ടുണ്ട്. ആഗോള കമ്പനികളുമായി നോക്കുമ്പോള്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പ്രകടനം മികച്ചതാണ്. ആഗോള ബ്രാന്‍ഡുകളുടെ മൂല്യത്തില്‍ 20 ശതമാനമാണ് ഇടിവ്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, എയര്‍ടെല്‍ എന്നിവയാണ് ടി.സി.എസിനു തൊട്ടു പിന്നിലുള്ളത്. എച്ച്.സി.എല്‍ ടെക് ആദ്യ 10ല്‍ ഇടപിടിച്ചപ്പോള്‍ എല്‍.ഐ.സി 11-ാം സ്ഥാനത്തേക്ക് പോയി.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്, റിലയന്‍സ് ജിയോ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് അഞ്ച് മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.
75 ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പട്ടികയിലേക്ക് ഫോണ്‍പേ(21), ക്രെഡ്(48), ഷെയര്‍ചാറ്റ്(67), സ്റ്റാര്‍(71) എന്നിവ പുതിയതായി ഇടംപിടിച്ചിട്ടുണ്ട്.

Tags:    

Similar News