ആരെയും പറഞ്ഞുവിടില്ല, പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് ടിസിഎസ്

മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ശമ്പളവര്‍ധനവ് ഉണ്ടാവുമെന്നും കമ്പനി വ്യക്തമാക്കി

Update:2023-02-20 11:56 IST

ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രമുഖ ഐടി കമ്പനി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). ആരെയും പറഞ്ഞുവിടില്ലെന്നാണ് ടിസഎസിന്റെ മുഖ്യ എച്ച്ആര്‍ ഓഫീസര്‍ മിലിന്ദ് ലക്കഡ് (Milind Lakkad) അറിയിച്ചത്. ഒരിക്കല്‍ നിയമനം നല്‍കിയാല്‍ പിന്നെ ദീര്‍ഘകാല കരിയറിനായി ജീവനക്കാരെ പരിശീലിപ്പിക്കുന്നതാണ് ടിസിഎസിന്റെ രീതിയെന്നും അദ്ദേഹം അറിയിച്ചു.

മാന്ദ്യഭീഷണിയെ തുടര്‍ന്ന് ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് ടിസിഎസ് നിലപാട് വ്യക്തമാക്കിയത്. ആവശ്യത്തിലധികം നിയമനങ്ങള്‍ നടത്തിയത് കൊണ്ടാണ് കമ്പനികള്‍ക്ക് ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നതെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിന്ന് പുറത്തായവര്‍ക്ക് ടിസിഎസ് നിയമനം നല്‍കും.

ആറുലക്ഷത്തിലധികം വരുന്ന ടിസിഎസ് ജീവനക്കാര്‍ക്ക് മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ശമ്പളവര്‍ധനവ് ഉണ്ടാവുമെന്നും മിലിന്ദ് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 10,846 കോടി രൂപയായിരുന്നു ടിസിഎസിന്റെ അറ്റാദായം. 67 രൂപയുടെ പ്രത്യേക ലാഭവിഹിതവും 8 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ നേരിയ ഇടിവോടെ 3497.75 രൂപയിലാണ് (11.30 AM) ടിസിഎസ് ഓഹരികളുടെ വ്യാപാരം.

Tags:    

Similar News