ബിപിസിഎല്‍ ഓഹരി വിറ്റ് 74,000 കോടി കേന്ദ്രത്തിനു കിട്ടുമ്പോള്‍ രാജ്യത്തിനു നഷ്ടമാകുന്നത് 4.46 ലക്ഷം കോടി

Update: 2019-12-11 07:59 GMT

പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിന് 74,000 കോടി രൂപ ലഭിക്കുമ്പോള്‍ രാജ്യത്തിന് 4.46 ലക്ഷം കോടി രൂപ നഷ്ടമാകുമെന്ന കണക്ക് പുറത്ത്. മൊത്തത്തിലുള്ള ബിപിസിഎല്‍ ആസ്തിയുടെ വിപണി വില 9 ലക്ഷം കോടി കവിയുമെന്ന പൊതുമേഖലാ ഓഫീസര്‍മാരുടെ അസോസിയേഷന്റെ കണക്കനുസരിച്ചുള്ള നഷ്ടമാണിത്.

സര്‍ക്കാരിന്റെ കൈയിലുള്ള 53.29 ശതമാനം ഓഹരിക്കാണ് ഇപ്പോഴത്തെ നീക്കമനുസരിച്ച്  30 ശതമാനം പ്രീമിയം ഉള്‍പ്പെടെ 74,000 കോടി രൂപ പ്രതീക്ഷിക്കുന്നത്. അസോസിയേഷന്‍ അവതരിപ്പിച്ച കണക്കുകൂട്ടല്‍ അനുസരിച്ചാകട്ടെ 53.29 % ഓഹരിക്ക് ഏകദേശം 5.2 ലക്ഷം കോടി രൂപ മൂല്യം വരും. ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരാഷ്ട്ര കമ്പനി ഓഫീസേഴ്സ് അസോസിയേഷന്‍സ് എന്നിവയുടെ പിന്തുണയുള്ളതാണ് പൊതുമേഖലാ ഓഫീസര്‍മാരുടെ അസോസിയേഷന്‍.

ആസ്തിയുടെ ആകെ മൂല്യം 7,50,730 കോടി രൂപ വരുമെന്ന് അസോസിയേഷന്‍ കണക്കാക്കുന്നു. ശുദ്ധീകരണ ശേഷിക്ക് 1,76,500 കോടി, ടെര്‍മിനലുകള്‍ക്ക് 80,000 കോടി, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ക്ക് 1,50,870 കോടി, പൈപ്പ്‌ലൈനുകള്‍ക്ക് 11,120 കോടി, ബ്രാന്‍ഡ് മൂല്യത്തിന് 22,700 കോടി, അപ്സ്ട്രീം ബിസിനസ്സിന് 46,000 കോടി, ഗ്യാസ് ബിസിനസ്സിന് 98,500 കോടി,സംയുക്ത സംരംഭങ്ങള്‍ക്ക് 82,440 കോടി,ക്രോസ് ഹോള്‍ഡിംഗുകള്‍ക്ക്  53,000 കോടി,  എല്‍പിജി ഇന്‍സ്റ്റലേഷനുകള്‍ക്ക് 7,800 കോടി ,ഭൂമിവില 5,200 കോടി രൂപ , ഏവിയേഷന്‍ സ്റ്റേഷനുകള്‍ക്ക് 8 2,800 കോടി, ലൂബ്രിക്കന്റ് ബിസിനസിന് 1,800 കോടി, സ്ഥാവര ജംഗമങ്ങള്‍ക്ക് 2,000 കോടി, ഇതര ആസ്തികള്‍ക്ക് 6,300 കോടി രൂപ എന്നിങ്ങനെയാണ് വിഭജനം. കണ്‍ട്രോള്‍ പ്രീമിയം 30% ഇനത്തില്‍ 252,25,218 കോടി ചേര്‍ത്താല്‍ മൊത്തം തുക 9,75,980 കോടി വരെ ഉയരും.

ഈ നിലയ്ക്ക് അസോസിയേഷന്റെ കണക്കനുസരിച്ച് 5.2 ലക്ഷം കോടി രൂപ മൂല്യം വരുന്ന 53.29 % ഓഹരികള്‍ കേവലം 74,000 കോടി രൂപയ്ക്കു വിറ്റ് കമ്പനിയുടെ നിയന്ത്രണം കൈമാറുമ്പോള്‍ രാജ്യത്തിനു സംഭവിക്കുന്ന നഷ്ടം 4.46 ലക്ഷം കോടി രൂപ വരും.രാജ്യത്തെ എണ്ണ വ്യവസായ മേഖലയില്‍ ബിപിസിഎല്ലിന് 24 ശതമാനം വിപണി വിഹിതമുണ്ട്. 3.37 ലക്ഷം കോടി വിറ്റുവരവില്‍ 7,132 കോടി രൂപയാണ് ലാഭം.

ഇക്കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാട്ടി ബിപിസിഎല്‍ ഏതെങ്കിലും സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരാഷ്ട്ര കമ്പനി ഓഫീസേഴ്സ് അസോസിയേഷന്‍സ് എന്നിവയുടെ കണ്‍വീനര്‍ ആയ മുകുല്‍ കുമാര്‍ പറഞ്ഞു.സര്‍ക്കാരിന് മുന്നില്‍ തങ്ങള്‍ ബദല്‍ സാധ്യതകള്‍ അവതരിപ്പിക്കും.ഓഹരി വിറ്റഴിക്കല്‍ കമ്പനിക്ക് അല്ലെങ്കില്‍ രാജ്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ല. കമ്പനിയുടെ ഉല്‍പാദനക്ഷമത, മത്സരശേഷി, വരുമാനം നേടാനുള്ള കഴിവ്, സാങ്കേതികവിദ്യ, മാനവശക്തി എന്നിവ വര്‍ദ്ധിപ്പിക്കാനുപകരിക്കുന്നതല്ല ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യവത്കരിക്കാനുള്ള തീരുമാനം കമ്പനികള്‍ക്കിടയിലെ മത്സരബുദ്ധി വര്‍ധിപ്പിക്കുമെന്നും അതുവഴി ഉപഭോക്താവിന് ലാഭമുണ്ടാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഈ തീരുമാനം കൊണ്ട് കൊള്ളലാഭം കൊയ്യാനും, വിഭവങ്ങള്‍ ചൂഷണം ചെയ്യാനും മാത്രമേ സ്വകാര്യ ഓഹരി ഉടമകള്‍ ശ്രമിക്കൂവെന്ന് ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേര്‍സ്, കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരത്മ കമ്പനീസ് എന്നിവയുടെ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നിലവില്‍ ബിപിസിഎല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ കമ്പനിക്ക് മൂന്ന് ഓയില്‍ റിഫൈനറികളുണ്ട്. കേരള സര്‍ക്കാര്‍ ബിപിസിഎല്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഇതിന് എതിരാണ്. മഹാരാഷ്ട്രയിലും കോണ്‍ഗ്രസിനു മുന്‍കയ്യുള്ള സഖ്യസര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ ബിപിസിഎല്‍ വില്‍പ്പനയ്ക്ക് എതിരായുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ വഴിയൊരുങ്ങി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News