ഒഎന്‍ഡിസി കേരളത്തിലേക്ക്‌; ആദ്യം എത്തുക കണ്ണൂരും തൃശൂരും

ഈ മാസം തന്നെ സേവനം അവതരിപ്പിക്കാനാണ് ഒഎന്‍ഡിസി ലക്ഷ്യമിടുന്നത്

Update:2022-07-11 17:06 IST

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഒഎന്‍ഡിസി നെറ്റ്‌വര്‍ക്ക് കേരളത്തിലേക്ക് എത്തുന്നു. ആദ്യം നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവുന്നത് കണ്ണൂര്‍, തൃശൂര്‍ നഗരങ്ങളാണ്. ഈ മാസം അവസാനത്തോടെ സേവനം അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒഎന്‍ഡിസി സിഇഒ ടി കോശി ഇക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു.

കേരളത്തിലെ വിവിധ നഗരങ്ങളിലെ കച്ചവടക്കാര്‍ക്ക് ഒഎന്‍ഡിസിയുടെ ഭാഗമാവാന്‍ സാധിക്കുമെന്നും ഇതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ഈ മാസം ആദ്യം ടി കോശി ധനം ഓണ്‍ലൈനോട് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ രണ്ട് പ്രദേശങ്ങള്‍ കൂടാതെ ചെന്നൈയിലും മറ്റൊരു നഗരത്തിലും ഈ ആഴ്ച അവസാനത്തോടെ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കും.

ഇതോടെ ഒഎന്‍ഡിസിയുടെ ഭാഗമാവുന്ന നഗരങ്ങളുടെ എണ്ണം പത്തിലേക്ക് ഉയരും. ന്യൂഡല്‍ഹി, ബംഗളൂരു, കോയമ്പത്തൂര്‍, ഭോപ്പാല്‍, ഷില്ലോങ്, ലഖ്‌നൗ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഒഎന്‍ഡിസി സേവനങ്ങള്‍ ലഭിക്കുന്നത്.ഒഎന്‍ഡിസിയുടെ ഭാഗമാവുന്ന നഗരങ്ങളുടെ എണ്ണം 75-100 ആയി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്.

ഒന്നിലധികം നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലോജിസ്റ്റിക്ക് സേവനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഒഎന്‍ഡിസി. ലോജിസ്റ്റിക് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതോടെ എത്തുന്നതോടെ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിലുള്ള ആരില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാധനങ്ങല്‍ വാങ്ങാന്‍ സാധിക്കും.

വിവിധ ആപ്ലിക്കേഷനുകള്‍ ( buyer applications ) ഒഎന്‍ഡിസി നെറ്റ്വര്‍ക്കിന്റെ ഭാഗമാവും. ഫോണ്‍പേയിലും ഗൂഗിള്‍ പേയിലും തുടങ്ങി ബാങ്ക് ആപ്ലിക്കേഷനുകളില്‍ വരെ ലഭ്യമാകുന്ന യുപിഐ സേവനം പോലെ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ സേവനങ്ങളും ഭാവിയില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കും. ആപ്ലിക്കേഷന്‍ ഏതായാലും ഉപഭോക്താക്കള്‍ക്ക് ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിലെ വില്‍പ്പനക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. നിലവില്‍ പേയ്ടിഎം ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ്

ഒരു ഇ-കൊമേഴ്‌സ് (E- Commerce Company) കമ്പനികളുടെയും സഹായമില്ലാതെ തന്നെ ഒഎന്‍ഡിസിയിലൂടെ വലിയ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകാമെന്നതാണ് ചെറുകിട സംരംഭകരെ സംബന്ധിച്ചുള്ള നേട്ടം. കൂടുതല്‍ സേവനങ്ങള്‍ വിവിധ വില നിലവാരത്തില്‍ ലഭിക്കുമെന്നതാണ് ഒന്‍ഡിസി പ്ലാറ്റ്ഫോം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം. പ്രാദേശിക തലത്തില്‍ ചെറുകിട കച്ചവടക്കാര്‍ ഒഎന്‍ഡിസിയുടെ ഭാഗമാവുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഡെലിവറിയും സാധ്യമാവും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് വമ്പന്‍ ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന മത്സരം നേരിടാന്‍ ചെറുകിട കച്ചവടക്കാരെ പ്ലാറ്റ്‌ഫോം പ്രാപ്തരാക്കും എന്നാണ് വിലയിരുത്തല്‍.

Tags:    

Similar News