പട്ടിക തേടി സുപ്രീം കോടതി: തീരദേശ മേഖലയില്‍ ഭീതി

Update: 2020-02-11 06:23 GMT

തീരദേശ പരിപാലന നിയമം ലംഘിച്ചു കേരളത്തില്‍ പണിത മുഴുവന്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക ഹാജരാക്കാന്‍ സുപ്രീം കോടതി നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശം സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്തും തീരദേശ മേഖലയിലും വിതച്ച പരിഭ്രാന്തിക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു. 26,000 ത്തിലധികം നിയമ ലംഘനങ്ങളുടെ താല്‍ക്കാലിക പട്ടിക എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ചു ധാരണയിലെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു കര്‍ശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട് പട്ടിക ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലുള്ള റിപ്പോര്‍ട്ട് പ്രകാരം നിയമലംഘനം നടത്തി നിര്‍മ്മിച്ചത് പത്തു ജില്ലകളില്‍ 26,330 കെട്ടിടങ്ങളാണ്. മരടില്‍ത്തന്നെ ഇരുനൂറിലധികം അനധികൃത നിര്‍മാണങ്ങള്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.

പാറശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരദേശത്തെ മുഴുവന്‍ നിര്‍മാണങ്ങളുടെയും കണക്ക് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഒന്നര മാസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നിര്‍ധന വിഭാഗക്കാരുടെ ആയിരക്കണക്കിനു വീടുകളും കടകളും നിരവധി ആരാധനാലയങ്ങളും വിദ്യാലയങ്ങളുമടക്കം പരിസ്ഥിതി ലോല മേഖലയിലാണെന്നത് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് ചര്‍ച്ച ചെയ്യുന്നതിനും കര്‍മപദ്ധതി തീരുമാനിക്കുന്നതിനുമാണ് മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിരിക്കുന്നത്. അന്തിമ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനം കൂടുതല്‍ സമയം തേടാന്‍ സാധ്യതയുണ്ട്. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വശദമായ റിപ്പോര്‍ട്ട് സംസ്ഥാനം കോടതിയെ അറിയിക്കും. 26,000 ത്തിലധികം ആളുകള്‍ക്ക് നോട്ടീസ് നല്‍കുന്നത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന കാര്യവും ബോധ്യപ്പെടുത്തും. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ പട്ടികയുടെ പേരില്‍ സംസ്ഥാനത്ത് അഭൂതപൂര്‍വമായ സാമൂഹിക,സാമ്പത്തിക, നിയമ പ്രതിസന്ധിയാണു പടരുന്നത്.

കരട് പട്ടിക സംസ്‌കരിച്ച് അന്തിമ രൂപം നല്‍കുന്നതിന് മുമ്പായി കെട്ടിടങ്ങളെ വാസയോഗ്യമെന്നും വാണിജ്യപരമെന്നും വേര്‍തിരിക്കണം. ഉയര്‍ന്ന വേലിയേറ്റത്തില്‍ നിന്ന് ഓരോ കെട്ടിടത്തിന്റെയും ദൂരം അടയാളപ്പെടുത്തുകയും വേണം. കെട്ടിടങ്ങളുടെ നിര്‍മ്മാണ അളവുകളും നിര്‍ണ്ണയിക്കണം. നിര്‍മ്മാണ തീയതിയും അറിയണം.ഇതെല്ലാം ചേര്‍ന്ന സങ്കീര്‍ണ്ണ പ്രക്രിയയാണ് പട്ടിക നിര്‍മ്മാണത്തിനു പിന്നിലേത്. ഓരോ മേഖലയിലെയും ലംഘനങ്ങള്‍ പ്രത്യേകം തരംതിരിക്കേണ്ടതുണ്ട്.

തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റി (സിഡിസി)കളാണ് കരടു പട്ടിക തയാറാക്കിയത്. കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള അദാലത്തുകളിലൂടെ വരുന്ന പരാതികളില്‍ പുനഃപരിശോധന നടത്തിയശേഷം അന്തിമപട്ടികയ്ക്കു രൂപം നല്‍കണം. തീരദേശ പരിപാലന നിയമവും കെട്ടിടനിര്‍മാണച്ചട്ടവും ലംഘിച്ചവയുടെ പട്ടികയിലാണ് 26,330 കെട്ടിടങ്ങളുള്ളത്. ഇതില്‍ തീരദേശ പരിപാലന നിയമം മാത്രം ബന്ധപ്പെടുത്തി വിശദപരിശോധന നടത്തി അന്തിമപട്ടിക തയാറാക്കാനാണു സര്‍ക്കാര്‍ തുനിയുന്നത്. ഇതോടെ, കെട്ടിടങ്ങളുടെ എണ്ണം 20,000ല്‍ താഴെയാകും.ഇതില്‍ ഭൂരിഭാഗവും പാവപ്പെട്ടവരുടെ വീടുകളാണ്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2011ല്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ദൂരപരിധി അനുസരിച്ചുള്ള ചട്ടലംഘനങ്ങള്‍ തിരുവനന്തപുരം- 3535,കൊല്ലം -4868, ആലപ്പുഴ -4536, എറണാകുളം -4239,കോട്ടയം -147, തൃശൂര്‍- 852, മലപ്പുറം- 731, കോഴിക്കോട് -3848, കാസര്‍കോട് -1379, കണ്ണൂര്‍ -2195 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞവര്‍ഷം ദൂരപരിധി കുറച്ചു വിജ്ഞാപനം ഭേദഗതി ചെയ്തതനുസരിച്ച് തുരുത്തുകളില്‍ 20 മീറ്റര്‍ ദൂരെയും കായലുകള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയുടെ 50 മീറ്റര്‍ ദൂരെയും നിര്‍മാണം നടത്താം. പക്ഷേ, ഇതനുസരിച്ചുള്ള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാന്‍ തയാറാകാന്‍ ഏറെ സമയമെടുക്കും. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ തയാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള അംഗീകാരം വാങ്ങണം. ഇതു നിലവില്‍ വരുന്നതോടെ ഇപ്പോള്‍ ചട്ടലംഘനങ്ങളായി കണ്ടെത്തിയ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും നിയമപരിധിയിലാകുമെന്നാണു നിഗമനം. അതേസമയം, പുതിയ വിജ്ഞാപനത്തിനു മുന്‍കൂര്‍ പ്രാബല്യം ലഭിക്കുമോ എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News