ടൂറിസം മേഖല കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്നു; 1200 സഞ്ചാരികളുമായി ആഡംബര കപ്പല്‍ കൊച്ചിയിലെത്തി

21 മാസങ്ങള്‍ക്ക് ശേഷമാണ് കൊച്ചിയില്‍ ആദ്യമായി ക്രൂയിസ് കപ്പല്‍ എത്തുന്നത്. ഇതൊരു തുടക്കമാണ്. വിവിധ പദ്ധതികള്‍ നടപ്പിലാകുന്നതോടെ മേഖല സജീവമായേക്കും.

Update:2021-09-22 16:46 IST

രാജ്യത്തെ ടൂറിസം മേഖല കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുകയാണ്. ഒപ്പം കേരളവും ടൂറിസത്തിന് ഉണര്‍വേകുന്ന വിവിധ പദ്ധതികളുമായി മുന്നോട്ട്. ക്രൂയിസിങ് ടൂറിസത്തിനു ഒരിടവേളയ്ക്ക് ശേഷം ആരംഭമായി.  കൊച്ചിയില്‍ ആദ്യ ആഡംബരക്കപ്പല്‍ ബുധനാഴ്ച രാവിലെ  തീരമണഞ്ഞു. പൂര്‍ണമായും ആഭ്യന്തര ടൂറിസ്റ്റുകളുമായാണ് എം.വി എംപ്രസ് കപ്പല്‍ കൊച്ചിയില്‍ എത്തിയത്.

കൊച്ചിയിലെത്തിയ ആഡംബരക്കപ്പലിലെ യാത്രക്കാര്‍ക്ക് കേരള ടൂറിസം ഗംഭീരമായ സ്വീകരണം നല്‍കി. 1200 ഓളം പേരുള്ള കപ്പലിലെ 300 ഓളം യാത്രക്കാരാണ് കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടെയും സൗന്ദര്യം ആസ്വദിക്കാനിറങ്ങിയത്.

രാവിലെ എട്ട് മണിയോടെയാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്. ഒമ്പതരയോടെ വിവിധ സംഘങ്ങളിലായി സഞ്ചാരികള്‍ പുറത്തേക്കെത്തി. കേരള ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജി അഭിലാഷ്, തുറമുഖ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള സംഘമാണ് സഞ്ചാരികളെ വരവേറ്റത്.

മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്‍റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങള്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചു. കൊച്ചി കായലിലൂടെയുള്ള ബോട്ടുയാത്രയും ആസ്വദിച്ചാണ് സംഘം മടങ്ങിയത്.

കോര്‍ഡേലിയ ക്രൂയിസസിന്‍റെ ആഡംബര കപ്പല്‍ മുംബൈയില്‍ നിന്നാണ് കൊച്ചിയില്‍ എത്തിയത്. ഇവിടെ നിന്നും ലക്ഷദ്വീപിലേക്കാണ് കപ്പലിന്‍റെ യാത്ര. കൊച്ചിയിലിറങ്ങിയ യാത്രക്കാര്‍ക്കായി എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തയത്.

കേരളത്തിന്റെ ടൂറിസം മേഖല കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്നുവെന്ന സൂചനയാണ് സഞ്ചാരികളുമായുള്ള എംപ്രസ് കപ്പലിന്റെ വരവിലൂടെ ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ യാത്രികര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോബബിള്‍ സംവിധാനം ഫലപ്രദമാണെന്ന് ഇതിലൂടെ വെളിപ്പെടുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിലെ വിനോദസഞ്ചാര മേഖല അതിവേഗം തിരിച്ചു വരികയാണെന്ന് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി വേണു പറഞ്ഞു. സഞ്ചാരികളെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സജ്ജമാണെന്നും സജീവമായ ഒരു ടൂറിസം സീസണാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സഞ്ചാരികള്‍ എത്താന്‍ വൈകുന്നുണ്ടെങ്കിലും ആഭ്യന്തര വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നത് കോവിഡ് പ്രതിസന്ധി മറികടന്ന് മുന്നോട്ടുപോകാന്‍ കേരളത്തെ സഹായിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജയും വ്യക്തമാക്കി. അടുത്തിടെ കേരളം പ്രഖ്യാപിച്ച സമഗ്ര കാരവന്‍ ടൂറിസം നയം സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ കോവിഡ് കാലത്തും സഞ്ചാര സൗഹൃദമാക്കാനുള്ള വിവിധ പദ്ധതികളും ഉടന്‍ നടപ്പിലാക്കും.


Tags:    

Similar News