സബ്‌വേ ശൃംഖലയ്ക്ക് പുതിയ ഉടമകള്‍; വില ₹80,000 കോടി
കേരളത്തിലുള്‍പ്പെടെ സാന്നിധ്യമുള്ള ഭക്ഷണ ശൃംഖലയായ സബ്‌വേയ്ക്ക് 37,000 ഔട്ട്‌ലെറ്റുകളുണ്ട്
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ റോര്‍ക്ക് ക്യാപിറ്റല്‍ (Roark Capital) ഭക്ഷണശാലാ ശൃംഖലയായ സബ്‌വേയെ ഏറ്റെടുക്കുന്നു. 960 കോടി ഡോളറിനാണ് (ഏകദേശം 80,000 കോടി രൂപ) ഏറ്റെടുക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ബീസ്, ബഫല്ലോ വൈല്‍ഡ് വിംഗ്‌സ് തുടങ്ങിയ ഭക്ഷണശാലാ ശൃംഖലകളുടെ ഉടമകളാണ് റോര്‍ക്ക് ക്യാപിറ്റല്‍. ഈ ആഴ്ച തന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
100ലധികം നഗരങ്ങളിലായി 37,000 ഭക്ഷണ ശാലകളാണ് 1965 ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃഖലയായ സബ്‌വേയ്ക്ക് കീഴിലുള്ളത്. 17-ാം വയസില്‍ ഫ്രെഡ് ഡി ലൂക്ക കുടുംബ സുഹൃത്തായ പീറ്റര്‍ ബക്കുമായി ചേര്‍ന്ന് തുടങ്ങിയതാണ് സബ്‌വേ. അന്ന് മുതല്‍ കുടുബത്തിന്റെ ഉടമസ്ഥതയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. പെറ്റ്‌സ് സൂപ്പര്‍ സബ്മറൈന്‍സ് എന്ന പേരില്‍ യു.എസിലെ കണക്ടിക്യൂട്ടിലാണ് ആദ്യ ഔട്ട്‌ലറ്റ് തുടങ്ങിയത്. തുടക്കകാലത്തെ നിരവധി പേര് മാറ്റങ്ങള്‍ക്ക് ശേഷം 1972 ലാണ് സബ്‌വേ എന്ന പേര് സ്വീകരിച്ചത്. 1974 മുതല്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് മാറി,
2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സബ്‌വേ ഔട്ട്‌ലറ്റുകള്‍ വഴിയുള്ള വില്‍പ്പനയില്‍ 9.3% വര്‍ധനയുണ്ട്.