ചെല്‍സി ഫുഡ്‌ബോള്‍ ക്ലബ്ബ് വില്‍ക്കുമെന്ന് അബ്രോമോവിച്ച്, ലഭിക്കുന്ന തുക യുക്രെയിന്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അടുത്തയാളാണ് റോമന്‍ അബ്രോമോവിച്ച്

Update:2022-03-03 11:30 IST

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി എഫ്‌സിയെ വില്‍ക്കുമെന്ന് അറിയിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രോമോവിച്ച്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രെയ്നിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ഒരു ചാരിറ്റി ഫണ്ടും രൂപീകരിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ക്ലബ്ബിന്റെയും ആരാധകരുടെയും സ്‌പോണ്‍സര്‍മാരുടെയും താല്‍പ്പര്യവും ഇതുതന്നെ ആകുമെന്നും അബ്രോമോവിച്ച് പറഞ്ഞു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍  ഫെബ്രുവരി അവസാനം തന്നെ അബ്രോമോവിച്ച് ചെല്‍സിയുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞിരുന്നു. നിലവില്‍ ക്ലബ്ബിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് നടത്തിപ്പ് അവകാശം. 2003ല്‍ ആണ് ഏകദേശം 1500 കോടിക്ക് അബ്രോമോവിച്ച് ചെല്‍സിയെ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ആദ്യ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ 19 പ്രധാന ട്രോഫികള്‍ ചെല്‍സി നേടിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് അബുദാബിയില്‍ വെച്ച് ആദ്യമായി ചെല്‍സി ആദ്യ ക്ലബ്ബ് ലോകകപ്പ് നേടിയത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അടുത്തയാളാണ് അബ്രമോവിച്ച് എന്നാണ് പറയപ്പെടുന്നത്. നിലവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അബ്രോമോവിച്ചിനെതിരെ ഉപരോധത്തിന് ഉത്തരവിട്ടിട്ടില്ല. എന്നാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ക്ലബ്ബ് വില്‍ക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. സ്വിസ് ശതകോടീശ്വരനായ ഹാന്‍സ്‌ജോര്‍ഗ് വൈസും യുഎസ്എ നിക്ഷേപകനായ ടോഡ് ബോഹ്ലിയും സംയുക്ത ബിഡിങ്ങിലൂടെ ചെല്‍സിക്കായി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.



Tags:    

Similar News