'താജ് സിയാല്‍' 2024 ല്‍ പ്രവര്‍ത്തനമാരംഭിക്കും
സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നടത്തിപ്പ് താജ് ഗ്രൂപ്പിന്
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന്റെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പ്രവര്‍ത്തന ചുമതല ടാജ് ഗ്രൂപ്പിന്. ഇനി താജ് സിയാല്‍ എന്നാകും ഹോട്ടലിന്റെ പേര്. ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ(IHCL)ന്റെ ഉടമസ്ഥതയിലുള്ളതാണ് താജ്. 2024 ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഹോട്ടലില്‍ ഐ.എച്ച്.സി.എല്‍ 100 കോടി രൂപ നിക്ഷേപിക്കും.
കൈമാറ്റത്തിന് ധാരണയായി
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹോട്ടലിന്റെ പ്രവര്‍ത്തനമേല്‍പ്പിക്കാന്‍ പ്രാപ്തമായ പങ്കാളിയ്ക്കായി തിരച്ചില്‍ നടത്തി വരുകയാണ് സിയാല്‍. ഹോട്ടല്‍ കൈമാറ്റത്തിനുള്ള നിയമപരമായ നടപികള്‍ ഏകദേശം പൂര്‍ത്തിയായതായാണ് ലഭിക്കുന്ന സൂചനകള്‍. ധാരണ പ്രകാരം ഹോട്ടലിന്റെ പ്രവര്‍ത്തനത്തില്‍ നിന്നു ലഭിക്കുന്ന മൊത്ത വരുമാനത്തിന്റെ ഒരു വിഹിതം ഐ.എച്ച്.സി.എല്‍ സിയാലിനു നല്‍കും.
ഇന്റീരിയില്‍ ഐ.എച്ച്.സി.എല്‍ ഒരുക്കും
വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന്റെ സമീപത്തായാണ് ഹോട്ടലിന്റെ നിര്‍മാണം. എയര്‍പോര്‍ട്ട് ഭൂമി വിനിയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ വിഭാവനം ചെയ്തത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസസൗകര്യം യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹോട്ടലിന്റെ സിവില്‍ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്റീരിയിറും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി വൈകാതെ ഹോട്ടല്‍ എ.എച്ച്.സി.എല്ലിന് കൈമാറും.
ടൂറിസവും ഹോസ്പിറ്റാലിറ്റിയും ഏവിയേഷനും സംയോജിപ്പിച്ചുകൊണ്ടുള്ള സിയാലിന്റെ വികസന പദ്ധതിക്ക് ആക്കം കൂട്ടാന്‍ ഐ.എച്ച്.സി.എല്ലുമായുള്ള സഹകരണം സഹായകമാകുമെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
ആഡംബര സൗകര്യങ്ങള്‍
കേരളത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ പദ്ധതികളില്‍ ഒന്നായിരിക്കുമിതെന്ന് താജ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലെ താജിന്റെ അഞ്ചാമത്തെ പ്രോജക്ടും സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ പ്രോജക്ടുമായിരിക്കുമിത്.
നാല് ഏക്കറില്‍ 2.04 ലക്ഷം സ്വകയര്‍ ഫീറ്റിലാണ് ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്‌ളോറും കൂടാതെ ആറു നിലകള്‍ ഉണ്ടാകും. കൂടാതെ ടെറസില്‍ സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്, സര്‍വീസ് ബാര്‍ തുടങ്ങിയവയും സജ്ജീകരിക്കും. 440 ചതുരശ്രയടി വിസ്തീര്‍ണമുള്ള വിശാലമായ ഹാള്‍, രണ്ട് ബെഡ് റൂമുകള്‍, ടെറസ് ഡൈനിംഗ് ഏരിയ എന്നിവയാണ് ഇതിന്റെ സവിശേഷത.