ബിസ്ലേരിയെ കുപ്പിയിലാക്കാന്‍ ടാറ്റ; 7,000 കോടി രൂപയുടെ ഇടപാട്
ബിസ്ലേരി രണ്ട് വര്‍ഷമായി ടാറ്റയുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (TCPL) ഇന്ത്യയിലെ ഏറ്റവും വലിയ പാക്കേജ്ഡ് വാട്ടര്‍ കമ്പനിയായ ബിസ്ലേരി ഇന്റര്‍നാഷണലിനെ ഏറ്റെടുക്കും. ഏകദേശം 6,000- 7,000 കോടി രൂപയുടേതാണ് ഈ ഇടപാട്. കരാറിന്റെ ഭാഗമായി ബിസ്ലേരിയുടെ നിലവിലെ മാനേജ്മെന്റ് രണ്ട് വര്‍ഷത്തേക്ക് തുടരും. ബിസ്ലേരി രണ്ട് വര്‍ഷമായി ടാറ്റയുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു.
ഇറ്റലിയില്‍ നിന്നും ഇന്ത്യയിലേക്ക്
1965 ല്‍ മുംബൈയില്‍ ഷോപ്പ് ആരംഭിച്ച ബിസ്ലേരി യഥാര്‍ത്ഥത്തില്‍ ഒരു ഇറ്റാലിയന്‍ ബ്രാന്‍ഡായിരുന്നു. 1969 ലാണ് ഇന്ത്യയിലെ പാര്‍ലെ കമ്പനിയുടെ ഉടമസ്ഥരായ ചൗഹാന്‍ ബ്രദേഴ്‌സ് ഇത് ഏറ്റെടുക്കുന്നത്. ബിസ്ലേരി വാട്ടര്‍ പ്ലാന്റ് ആരംഭിച്ച് 4 വര്‍ഷത്തിന് ശേഷം കമ്പനിയെ രമേഷ് ചൗഹാന്‍ സ്വന്തമാക്കിയത് വെറും 4 ലക്ഷം രൂപയ്ക്കാണ്. കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ രമേഷ് ചൗഹാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് ടാറ്റ ഗ്രൂപ്പിന് വില്‍ക്കുന്നത്.
ശീതളപാനീയ ബ്രാന്‍ഡുകളായ തംസ് അപ്പ്, ഗോള്‍ഡ് സ്‌പോട്ട്, ലിംക എന്നിവ കൊക്കകോളയ്ക്ക് വിറ്റഴിച്ച് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രമേഷ് ചൗഹാന്‍ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. ഹിമാലയന്‍ ബ്രാന്‍ഡിന് കീഴിലും ടാറ്റ കോപ്പര്‍ പ്ലസ് വാട്ടര്‍, ടാറ്റ ഗ്ലൂക്കോ എന്നീ ബ്രാന്‍ഡുകള്‍ക്കൊപ്പം ഹൈഡ്രേഷന്‍ സെഗ്മെന്റില്‍ പാക്കേജുചെയ്ത മിനറല്‍ വാട്ടറും ടിസിപിഎല്‍ വില്‍ക്കുന്നുണ്ട്. ഈ ഏറ്റെടുക്കലിലൂടെ ടിസിപിഎല്‍ പാക്കേജ്ഡ് വാട്ടര്‍ വ്യവസായത്തില്‍ മുന്നിലെത്തും.