സൗത്ത് ഇന്ത്യന്‍ ബാങ്കിനെ 'റീറ്റെയ്ല്‍ വായ്പാ പവര്‍ ഹൗസാക്കി' വി ജി മാത്യു പടിയിറങ്ങുന്നു

Update: 2020-06-08 10:56 GMT

സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി ജി മാത്യു സെപ്തംബറില്‍ സ്ഥാനമൊഴിയും. 2014ല്‍ എസ് ഐ ബിയുടെ സാരഥ്യത്തിലെത്തിയ വി ജി മാത്യു, നിരവധി ചുവടുവെപ്പുകളിലൂടെ ബാങ്കിനെ വേറിട്ട പാതകളിലൂടെ നയിച്ചതിനു ശേഷമാണ് പടിയിറക്കം.

2014 ജനുവരിയില്‍ എസ് ഐ ബിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ചുമതലയേറ്റ വി ജി മാത്യു ഒക്ടോബര്‍ ഒന്നിനാണ് മാനേജിംഗ് ഡയറക്റ്ററും സി ഇ ഒയുമായത്.

റീറ്റെയ്ല്‍ വായ്പാ രംഗത്ത് എസ് ഐ ബിയെ മുന്‍നിരയിലെത്തിക്കാന്‍ സുചിന്തിതമായ തീരുമാനങ്ങളാണ് വി ജി മാത്യു കൈകൊണ്ടത്. വായ്പകളില്‍ അതിവേഗം കൃത്യതയോടെ തീരുമാനമെടുക്കാന്‍ കേന്ദ്രീകൃത സംവിധാനം ഒരുക്കാനും ബാങ്കിന്റെ ഡിജിറ്റല്‍ വിഭാഗം ശക്തിപ്പെടുത്താനും വി ജി മാത്യു നിര്‍ണായക പങ്കുവഹിച്ചു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കൈകാര്യം ചെയ്യുന്നതിലും സവിശേഷ ശ്രദ്ധ നല്‍കിയ വി ജി മാത്യു, ബാങ്കിനെ രാജ്യത്തെ റീറ്റെയ്ല്‍ വായ്പാ രംഗത്തെ മുന്‍നിരക്കാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോയത്.

നിക്ഷേപം, വായ്പ, ഡിജിറ്റല്‍ ഇടപാടുകള്‍, പുതിയ നിയമനങ്ങള്‍ തുടങ്ങി എല്ലാ രംഗത്തും ഇക്കാലത്ത് വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിന് സാധിക്കുകയും ചെയ്തു.

മുംബൈയില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ജനറല്‍ മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്റ്) പദവിയില്‍ നിന്നാണ് വി ജി മാത്യു എസ് ഐ ബി സാരഥ്യത്തിലേക്ക വന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാരീസ് ഓഫീസിലുള്‍പ്പെടെ നിരവധി നിര്‍ണായക പദവികള്‍ വി ജി മാത്യു വഹിച്ചിട്ടുണ്ട്. കോട്ടയം തലയോലപ്പറമ്പ് വാരിയത്തുകാല കുടുംബാംഗമാണ്.

എസ് ഐ ബിയില്‍ ആദ്യം മുന്നുവര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീട് ഒരിക്കല്‍ കൂടി കാലാവധി നീട്ടുകയായിരുന്നു. ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്റ്റര്‍, സി ഇ ഒ പദവിയിലേക്കായി രണ്ടു പേരുകള്‍ ഡയറക്റ്റര്‍ ബോര്‍ഡ് റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News