ജെറ്റിന്റെ 'ക്രാഷ് ലാൻഡിംഗ്' നമ്മെ പഠിപ്പിക്കുന്നത്!

Update: 2019-04-18 06:42 GMT

ജെറ്റ് എയർവേയ്സ് എന്ന മുൻനിര എയർലൈന്റെ തകർച്ച സംരംഭകർക്കെല്ലാം ഒരു പാഠമാണ്. ഒരു സ്ഥാപകനും കമ്പനിയേക്കാൾ വലുതല്ല എന്ന പാഠം.

ഒരിക്കൽ ജെറ്റ് എയർവേയ്സ്സിന്റെ ഏറ്റവും വലിയ സ്വത്തായിരുന്ന നരേഷ് ഗോയൽ തന്നെയാണ് ഒടുവിൽ കമ്പനിയുടെ ഏറ്റവും വലിയ ബാധ്യതയായിത്തീർന്നത്. സ്വന്തമായി പടുത്തുയർത്തിയ ഒരു മഹത്തായ ബിസിനസ് സാമ്രാജ്യം സ്വന്തം പിടിവാശികൊണ്ടുതന്നെ തകർത്ത ഒരു സംരംഭകൻ.

കഴിഞ്ഞ ദീപാവലിയുടെ സമയത്ത് എച്ച്ഡിഎഫ്‌സി മേധാവിയും സുഹൃത്തുമായ ദീപക് പരേഖിന്റെ മുംബൈയിലുള്ള വീട്ടിൽ ഗോയലും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരും സന്ദർശനം നടത്തിയിരുന്നു.

ജെറ്റിനെ എങ്ങനെ രക്ഷപ്പെടുത്താമെന്ന ഉപദേശം തേടുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം. ദീർഘവീക്ഷണമുള്ള പരേഖ് അന്ന് ഗോയലിന് ഒരു ഉപദേശം നൽകി. പുതിയ നിക്ഷേപകന് വഴിമാറിക്കൊടുക്കാനായിരുന്നു അന്ന് അദ്ദേഹം ഗോയലിനോട് പറഞ്ഞത്.

ഗോയലിന് ഇത്തരത്തിൽ വിളിപ്പുറത്തെത്തുന്ന നിരവധി സുഹൃത്തുക്കളുണ്ട്. അവരോടെല്ലാം അദ്ദേഹം ഉപദേശം ചോദിക്കും, അവ ശ്രദ്ധയോടെ കേൾക്കുകയും ചെയ്യും. എന്നാൽ ഗോയൽ ഒരാളെ മാത്രമേ അനുസരിക്കാറുള്ളൂ. തന്നെ മാത്രം.

അതുകൊണ്ടുതന്നെ, ജെറ്റിന്റെ മേധാവി സ്ഥാനം ഉപേക്ഷിക്കാൻ ഗോയൽ വിസമ്മതിച്ചു. എല്ലായ്‌പ്പോഴും പോലെ ഈ പ്രതിസന്ധിയും തനിക്ക് മറികടക്കാനാവുമെന്ന് ഗോയൽ വിശ്വസിച്ചു. പക്ഷെ ഇത്തവണ അത് നടന്നില്ല.

അദ്ദേഹത്തോട് കൂടുതൽ അടുപ്പമുള്ളവർ ഗോയലിന്റെ രീതികളെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെ:

സ്വന്തം ജീവനക്കാരുടെ മികവിലും കഴിവിലും വിശ്വാസം കുറവായിരുന്നു ഗോയലിന്. പല തീരുമാനങ്ങളും ഏകപക്ഷീയമായിരുന്നു. ടാറ്റ സൺസിൽ നിന്നുള്ള ഏറ്റെടുക്കൽ ഓഫർ നിരസിച്ചത് ഒരു ഉദാഹരണം.

പേഴ്‌സണൽ, പ്രൊഫഷണൽ എന്നിവ തമ്മിലുള്ള ദൂരം അദ്ദേഹം സൂക്ഷിച്ചിരുന്നില്ല. ജീവനക്കാരുടെ കാര്യത്തിൽ അദ്ദേഹം വളരെ ഇമോഷണൽ ആയിരുന്നു.

ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം എത്തുന്ന ഗോയലിന്റെ മീറ്റിംഗുകളെ ജീവനക്കാർ 'ദർബാർ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മണിക്കൂറുകളോളം നീളുള്ള മീറ്റിംഗുകളിൽ വകുപ്പ് മേധാവികളെ പരസ്യമായി ശകാരിക്കുമായിരുന്നു.

അദ്ദേഹത്തിന്റെ വലിയ വട്ടമേശയ്ക്കുമേൽ ഫോണുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കംപ്യൂട്ടറുകളില്ല. ഇമെയിൽ വരെ അദ്ദേഹം പ്രിന്റ്-ഔട്ട് എടുത്താണത്രേ വായിച്ചിരുന്നത്. ഫാക്സ് മെഷീനാണ് കൂടുതൽ പ്രിയം. വാട്സ് ആപ്പ് ഉപയോഗിച്ച് തുടങ്ങിയത് കഴിഞ്ഞ വർഷവും.

അദ്ദേഹത്തിന്റെ ഭാര്യ അനിതയും മീറ്റിംഗുകൾ വിളിക്കുമായിരുന്നു. എന്നാൽ കുറച്ചുകൂടി പ്രായോഗികമായ കാഴ്ചപ്പാടുകളായിരുന്നു അവരുടേത്. പല കാര്യങ്ങളിലും ഗോയലിനും അനിതയ്ക്കും ഭിന്നാഭിപ്രായമാണ് ഉണ്ടായിരുന്നത്. എന്നാൽ ഒരേയൊരു കാര്യത്തോട് ഇരുവരും യോജിച്ചിരുന്നു: പൂർണ അധികാരം.

എയർലൈൻ തകർച്ച തുടങ്ങിയപ്പോൾ ഡിസ്‌കൗണ്ടുകൾ വാരിക്കോരി നൽകുന്നതിനെ എയർലൈൻ സിഇഒ വിനയ് ദുബെ എതിർത്തിരുന്നു. എന്നാൽ ഇതിൽ ഇടപെടേണ്ടെന്ന് ദുബെയോട് നിർദേശിച്ചത് അനിതയായിരുന്നു.

അടിക്കടി മാനേജ്മെന്റ് തീരുമാനങ്ങൾ മാറ്റിമറിക്കുന്നതായിരുന്നു മറ്റൊരു രീതി. ഏതൊരു ജീവനക്കാരനും ഗോയലിനെ നേരിട്ടു വിളിച്ച് അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിക്കാനാവുമായിരുന്നു. ഗോയലിന്റെ മകൻ നിവാൻ ജെറ്റിന്റെ ഭാഗമായിരുന്നു. എന്നാൽ സുപ്രധാന തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ഗോയൽ അനുവദിച്ചിരുന്നില്ല.

കൂടുതൽ വായിക്കാം: ടിക്കറ്റ് ഏജന്റിൽനിന്ന് എയർലൈൻ മേധാവിയിലേക്ക്; ഒടുവിൽ നിർബന്ധിത പടിയിറക്കം

എല്ലാ മീറ്റിംഗിലും നിവാൻ പങ്കെടുക്കുമായിരുന്നെങ്കിലും, പ്രസക്തമായ ഒരു അഭിപ്രായവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ഗോയൽ ഹൃദയ സംബദ്ധമായ അസുഖം നേരിട്ടപ്പോൾ, തന്നെ കാര്യങ്ങൾ ഏൽപ്പിക്കാൻ നിവാൻ ആവശ്യപ്പെട്ടെങ്കിലും ഗോയൽ അതിനനുവദിച്ചില്ല എന്നാണ് കുടുംബത്തോട് അടുപ്പമുള്ളവർ പറയുന്നത്.

ജെറ്റിന്റെ തെറ്റായ പല തീരുമാനങ്ങളുടേയും പിന്നിൽ ഗോയലിന്റെ പിടിവാശി തന്നെയായിരുന്നുവെന്ന് മനസിലാക്കിയാണ് എത്തിഹാദും ബാങ്കുകളും ഇരുവരോടും സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത്. മഹത്തരമാകുമായിരുന്ന ഒരു സംരംഭക കഥയുടെ ദുഖകരമായ പരിസമാപ്തിയാണ് ജെറ്റിന്റെ തകർച്ച നമുക്ക് മുന്നിൽ തുറന്നുകാട്ടുന്നത്.

കടപ്പാട്: ഇക്കണോമിക് ടൈംസ്

Similar News