അദാനി സിമന്റ് ബിസിനസിലേക്ക് എത്തുമ്പോള്‍ നിക്ഷേപകര്‍ക്ക് മെച്ചമാകുമോ?

1050 കോടി ഡോളര്‍ മുടക്കിയാണ് ഗൗതം അദാനി പുതിയ നീക്കം നടത്തുന്നത്. പ്രഖ്യാപനം പുറത്ത് വന്നപ്പോൾ ഓഹരികൾക്ക് ഉണർവ്.

Update:2022-05-16 12:36 IST

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ഗൗതം അദാനി സിമന്റ് മേഖലയില്‍ വമ്പനാകുന്നു. സ്വിസ് കമ്പനി ഹോള്‍സിമിന് ഇന്ത്യയിലുള്ള രണ്ടു സിമന്റ് കമ്പനികളും (എസിസി, അംബുജ) സ്വന്തമാക്കുകയാണ് അദാനി ഗ്രൂപ്പ് . ഓപ്പണ്‍ ഓഫറിനു വേണ്ടി വരുന്നതടക്കം 1050 കോടി ഡോളര്‍ മുടക്കിയാണ് ഇവ വാങ്ങുക.

അംബുജ സിമന്റ്സിലെ ഹോള്‍സിമിന്റെ 63.1 ശതമാനം ഓഹരികളാണ് സ്വന്തമാക്കുക. എസിസിയില്‍ അംബുജ സിമന്റ്‌സിന് 50.1 ശതമാനം ഓഹരികളാണ് സ്വന്തമായി ഉള്ളത്. ഇത് കൂടാതെ കമ്പനിയുടെ നേരിട്ടുള്ള 4.5 ശതമാനം ഓഹരികളും ഈ ഡീലിലൂടെ അദാനിഗ്രൂപ്പ് സ്വന്തമാക്കുന്നുണ്ട്. ഡീല്‍ സംബന്ധിച്ച് ഹോള്‍സിമുമായി ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

വിദേശത്തുള്ള ഒരു ഉപകമ്പനി വഴിയാകും അദാനി ഇവ വാങ്ങുക. ഇതു വഴി 700 ലക്ഷം ടണ്‍ സിമന്റ് ഉല്‍പാദനശേഷി അദാനി ഗ്രൂപ്പിന് ഉണ്ടാകും. കുമാര്‍ മംഗളം ബിര്‍ലയുടെ അള്‍ട്രാടെക്ക് 1114 ലക്ഷം ടണ്‍ ഉല്‍പാദന ശേഷി ഉള്ളതാണ്. സിമന്റ് മേഖലയിലെ പ്രവേശനത്തോടെ അദാനി ഗ്രൂപ്പ് വിപണി മൂല്യത്തില്‍ റിലയന്‍സ് ഗ്രൂപ്പിനെ മറികടന്നു ടാറ്റാ ഗ്രൂപ്പിനു തൊട്ടു പിന്നിലെത്തും.

ഓഹരി നിക്ഷേപകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?

അദാനി ഗ്രൂപ്പ്, സ്വിസ് സിമന്റ് കമ്പനിയായ ഹോള്‍സിമിന്റെ എല്ലാ ഇന്ത്യന്‍ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളിലെയും ഓഹരികള്‍ ഓപ്പണ്‍ ഓഫര്‍ ഉള്‍പ്പെടെ വാങ്ങുന്നതായി പ്രഖ്യാപനം വന്നതിനു പിന്നാലെ തിങ്കളാഴ്ചത്തെ ഇന്‍ട്രാ ഡേ ട്രേഡില്‍ അംബുജ സിമന്റ്, എസിസി എന്നിവയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 8 ശതമാനം വരെ ഉയര്‍ന്നു.

10.45 ന് സെന്‍സെക്‌സ് 1 ശതമാനം ഉയര്‍ന്നപ്പോള്‍ എസിസി 8 ശതമാനം ഉയര്‍ന്ന് 2,288 രൂപയായി. അംബുജ സിമന്റ്‌സ് 5 ശതമാനം ഉയര്‍ന്ന് 377 രൂപയിലുമെത്തി.

ആദിത്യ ബിര്‍ള ഗ്രൂപ്പുമായി കടുത്ത മത്സരമാകും സിമന്റ് ബിസിനസില്‍ അദാനിക്ക്. കോവിഡ് ലോക്ഡൗണുകള്‍ അവസാനിച്ചതോടെ ഇന്ത്യയിലെ നര്‍മാണരംഗം ഉണര്‍വിന്റെ പാതയിലാണ്. സിമന്റ് ഡിമാന്‍ഡ് വര്‍ധനവ് ബ്രാന്‍ഡിന് ഗുണകരമാകും. ഉല്‍പ്പാദനശേഷി 700 ലക്ഷം ടണ്ണിലേക്ക് ഉയരുമ്പോള്‍ അത് കമ്പനിയുടെ വരുമാനത്തിനും പുതിയ ദിശാബോധം നല്‍കിയേക്കാം.

Tags:    

Similar News