ആശങ്ക വിതച്ച് റിസര്‍വ് ബാങ്ക്, ധനകാര്യ ഓഹരികള്‍ വീണു; നിഫ്റ്റി 19,550ന് താഴെ

സെന്‌സെക്സ് 300 പോയിന്റിടിഞ്ഞു, സീ എന്റര്‍ടെയ്ന്‍മെന്റ് 20% കുതിച്ചു; സ്‌കൂബിഡേ 6.4% നേട്ടത്തില്‍

Update:2023-08-10 18:08 IST

പലിശനിരക്ക് നിലനിറുത്തിയിട്ടും ആശങ്ക വിതച്ച റിസര്‍വ് ബാങ്ക് നടപടിയെത്തുടര്‍ന്ന് നഷ്ടത്തിലേക്ക് വീണ് ഇന്ത്യ ഓഹരികള്‍. ഇന്ന് ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ് പ്രധാനമായും ഓഹരി സൂചികകളെ നഷ്ടത്തിലേക്ക് വീഴ്ത്തിയത്. വ്യാപാരത്തിന്റെ തുടക്കം മുതല്‍ തന്നെ നഷ്ടത്തിലായിരുന്നു സൂചികകള്‍. സെന്‍സെക്‌സ് 307.63 പോയിന്റ് (0.47%) നഷ്ടവുമായി 65,688.18ലും നിഫ്റ്റി 89.45 പോയിന്റ് (0.46%) താഴ്ന്ന് 19,543.10ലുമാണ് വ്യാപാരാന്ത്യമുള്ളത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


 ഇടിവിന് പിന്നില്‍

അടിസ്ഥാന പലിശനിരക്കായ റിപ്പോനിരക്ക് റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ മൂന്നാംതവണയും 6.50 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിറുത്തി. എന്നാല്‍, നടപ്പു വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷ നിലനിറുത്തിയതും പണപ്പെരുപ്പ അനുമാനം ഉയര്‍ത്തിയതും തിരിച്ചടിയായി. പുറമേ, ബാങ്കുകള്‍ക്കുമേല്‍ 10 ശതമാനം അധിക കരുതല്‍ ധന അനുപാതം (i-CRR) ഏര്‍പ്പെടുത്തിയതും നിക്ഷേപകരെ ആശങ്കപ്പെടുത്തി. പണപ്പെരുപ്പം കൂടുമെന്ന നിഗമനം, വരുംമാസങ്ങളില്‍ പലിശനിരക്ക് ഉയര്‍ത്തി പണനയം കടുപ്പിച്ചേക്കാമെന്ന സൂചനയാണ് നല്‍കുന്നത്.
സി.ആര്‍.ആര്‍ ഉയര്‍ത്തിയത് താത്കാലികമാണെങ്കിലും ഹ്രസ്വകാലത്തേക്ക് ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്. നിലവില്‍ നിക്ഷേപമായി എത്തുന്ന അധികപ്പണം (Surplus liquidity) 6.25 ശതമാനം പലിശ കിട്ടുന്ന സ്റ്റാഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് (SDFR) പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്.
ഇതിന് പകരം, 4.5 ശതമാനം മാത്രം പലിശയുള്ള സി.ആര്‍.ആറിലേക്ക് അധികപ്പണത്തിലെ 10 ശതമാനം മാറ്റുമ്പോള്‍ ബാങ്കുകളുടെ പ്രതീക്ഷിത വരുമാനത്തില്‍ ആനുപാതിക കുറവുണ്ടാകും.
തിരിച്ചടി നേരിട്ടവര്‍
റിസര്‍വ് ബാങ്കിന്റെ പണനയത്തിന് പിന്നാലെ ബാങ്കിംഗ്, ധനകാര്യ ഓഹരികളില്‍ കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായി. ബാങ്ക് നിഫ്റ്റി 0.76 ശതമാനം ഇടിഞ്ഞ് 44,451.80ലെത്തി. നിഫ്റ്റി ധനകാര്യ ഓഹരി സൂചിക 0.77 ശതമാനവും പി.എസ്.യു ബാങ്ക് 0.81 ശതമാനവും സ്വകാര്യബാങ്ക് 0.64 ശതമാനവും നഷ്ടത്തിലാണ്. ഫാര്‍മ സൂചിക 0.74 ശതമാനം ഇടിഞ്ഞു. 0.91 ശതമാനമാണ് എഫ്.എം.സി.ജി ഓഹരി സൂചികയുടെ വീഴ്ച. ഐ.ടി., റിയല്‍റ്റി, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരി സൂചികകളും നഷ്ടത്തിലാണുള്ളത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവ‌ർ

 

പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ബാറ്റ ഇന്ത്യ, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ബയോകോണ്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നിഫ്റ്റി 200ൽ ഏറ്റവുമധികം നഷ്ടം നേരിട്ടത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ എന്നിവയാണ് സെന്‍സെക്‌സില്‍ ഏറ്റവുമധികം ഇടിഞ്ഞത്.
നേട്ടത്തിലേറിയവര്‍
വിപണിയുടെ ട്രെന്‍ഡിന് വിരുദ്ധമായി നേട്ടം കുറിച്ചതില്‍ സെന്‍സെക്‌സില്‍ മുന്നിലുള്ള ഓഹരികള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടൈറ്റന്‍ എന്നിവയാണ്. സീ എന്റര്‍ടെയ്ന്‍മെന്റ് 16.18 ശതമാനം മുന്നേറി. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയുമായുള്ള സീയുടെ ലയനത്തിന് ഇന്ന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (NCLT) പച്ചക്കൊടി വീശിയത് കുതിപ്പിന് കളമൊരുക്കി. സീ ഓഹരി ഇന്നൊരുവേള 20 ശതമാനം വരെ കുതിച്ചു.
ഇന്ന് കൂടുതൽ നേട്ടം രേഖപ്പെടുത്തിയവർ

 

മാക്‌സ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ജെ.എസ്.ഡബ്ല്യു എനര്‍ജി എന്നിവയും ഏഴ് ശതമാനത്തിലധികം ഉയര്‍ന്ന് നിഫ്റ്റി 200ൽ മുന്നിട്ട് നിന്നു. നിലവില്‍ ആക്‌സിസ് ബാങ്കിനും ഉപസ്ഥാപനങ്ങള്‍ക്കും 12.99 ശതമാനം ഓഹരി പങ്കാളിത്തം മാക്‌സ് ഫൈനാന്‍ഷ്യലിലുണ്ട്. 1,612 കോടി രൂപ നിക്ഷേപത്തോടെ പങ്കാളിത്തം 19.99 ശതമാനമായി ഉയര്‍ത്തുമെന്ന ആക്‌സിസ് ബാങ്കിന്റെ പ്രഖ്യാപനമാണ് മാക്‌സ് ഫൈനാന്‍ഷ്യല്‍ ഓഹരികളില്‍ കുതിപ്പുണ്ടാക്കിയത്. ചില ബ്രോക്കറേജ് സ്ഥാപനങ്ങള്‍ 'വാങ്ങല്‍' (buy) സ്റ്റാറ്റസ് നല്‍കിയത് ജെ.എസ്.ഡബ്ല്യു എനർജി ഓഹരിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുകയായിരുന്നു.
വിപണിയുടെ ട്രെന്‍ഡ്
സെന്‍സെക്‌സില്‍ ഇന്ന് 1,613 ഓഹരികള്‍ നേട്ടത്തിലും 1,994 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികളുടെ വില മാറിയില്ല. അപ്പര്‍ സര്‍ക്യൂട്ടില്‍ കമ്പനികളൊന്നും ഉണ്ടായില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ മൂന്ന് കമ്പനികളുണ്ടായിരുന്നു. 28 കമ്പനികള്‍ 52-ആഴ്ചത്തെ താഴ്ചയിലും 248 എണ്ണം ഉയരത്തിലും ആയിരുന്നു.
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 306.29 ലക്ഷം കോടി രൂപയില്‍ നിന്ന് 86,086.69 കോടി രൂപ താഴ്ന്ന് 305.43 ലക്ഷം കോടി രൂപയായി.
സ്‌കൂബിഡേയുടെ ദിനം
കേരള ഓഹരികളില്‍ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് സ്‌കൂബിഡേയാണ്; 6.42 ശതമാനം. പാറ്റ്‌സ്പിന്‍ (4.24%), ടി.സി.എം (3.79%), മണപ്പുറം ഫൈനാന്‍സ് (2.63%), വെര്‍ട്ടെക്‌സ് (2.58%) എന്നിവയാണ് ഏറ്റവുമധികം നേട്ടം കുറിച്ച മറ്റ് കേരള ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

 

ജൂണ്‍പാദ പ്രവര്‍ത്തനഫലം മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ന് മണപ്പുറം ഓഹരി (click here) 52-ആഴ്ചത്തെ ഉയരവും തൊട്ടിരുന്നു.
ഏറ്റവുമധികം നഷ്ടം നേരിടുന്ന കേരള ഓഹരികളുടെ പട്ടികയില്‍ ഇന്നും സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഇടംപിടിച്ചു. 4.99 ശതമാനം ഇടിവുമായി നഷ്ടത്തില്‍ ഒന്നാമതാണ് സ്റ്റെല്‍. നിറ്റ ജെലാറ്റിന്‍ 4.01 ശതമാനം ഇടിഞ്ഞു. പി.ടി.എല്‍ എന്റര്‍പ്രൈസസ് (3.65%), പ്രൈമ അഗ്രോ (3.60%), സെല്ല സ്‌പേസ് (3.10%) എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 235.65 രൂപവരെ മുന്നേറിയ സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഓഹരി ഇന്നുള്ളത് 197.20 രൂപയിലാണ്.
രൂപയ്ക്ക് കരകയറ്റം
ഡോളറിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ രൂപ ഇന്ന് നേട്ടത്തിലേറി. ഇന്ന് ഇന്ത്യന്‍ സമയം രാത്രിവൈകി അമേരിക്കയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പ കണക്ക് പുറത്തുവരും. ഈ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഡോളര്‍ ദുര്‍ബലമായത് രൂപയ്ക്ക് ഗുണം ചെയ്തു. ഡോളറിനെതിരെ 15 പൈസ ഉയര്‍ന്ന് 82.70ലാണ് രൂപയുടെ മൂല്യമുള്ളത്.
Tags:    

Similar News