ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത
ഇ-കോമേഴ്‌സ് വമ്പന്റെ പുതിയ നീക്കം ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗുണകരമായേക്കും
ഇ-കോമേഴ്‌സ് വമ്പന്മാരായ ആമസോണ്‍ ക്രിപ്‌റ്റോകറന്‍സി പേയ്‌മെന്റുകള്‍ സ്വീകരിക്കാനൊരുങ്ങുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ കറന്‍സി ആന്റ് ബ്ലോക്ക് ചെയ്ന്‍ പ്രൊഡക്ട് തലവനെ നിയമിക്കാനൊരുങ്ങുകയാണ് ആമസോണ്‍. ആമസോണിന്റെ ഡിജിറ്റല്‍ കറന്‍സി, ബ്ലോക്ക്ചെയിന്‍ സ്ട്രാറ്റജി, പ്രോഡക്ട് റോഡ് മാപ്പ് എന്നിവ വികസിപ്പിക്കുന്നതിന് പരിചയസമ്പന്നനായ മേധാവിയെ ആവശ്യമുണ്ടെന്ന് ആമസോണ്‍ അവരുടെ റിക്രൂട്ട്‌മെന്റ് പോസ്റ്റില്‍ പറയുന്നു. ക്രിപ്‌റ്റോകറന്‍സി പേയ്‌മെന്റ് സ്വീകരിക്കുന്നതിന്റെ മുന്നോടിയാണ് ഈ നിയമനമെന്നും ഉടന്‍ തന്നെ ഈ മാറ്റം കമ്പനി പ്രഖ്യാപിക്കുമെന്നതിനുള്ള സൂചനയാണ് ഇതെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
നിലവില്‍ ക്രിപ്റ്റോകറന്‍സികളെ ആമസോണ്‍ പേയ്മെന്റായി അംഗീകരിച്ചിട്ടില്ല. അതേസമയം, ക്രിപ്റ്റോകറന്‍സി രംഗത്ത് സംഭവിക്കുന്ന പുതുമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇത് ആമസോണില്‍ എങ്ങനെയായിരിക്കുമെന്ന് പര്യവേക്ഷണം ചെയ്യുമെന്ന് ഒരു കമ്പനി വ്യക്താവ് പറഞ്ഞതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സികള്‍ പേയ്‌മെന്റായി സ്വീകരിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ഈ രംഗത്തിന് പുത്തനുണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.