ഏകാന്തത അവസാനിച്ചു; 2 ട്രില്യണ്‍ ക്ലബ്ബില്‍ നിന്ന് ആപ്പിളും പുറത്തായി

മൈക്രോസോഫ്റ്റും എണ്ണക്കമ്പനി സൗദി അരാംകോയും കഴിഞ്ഞ വര്‍ഷം തന്നെ 2 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ നിന്ന് പുറത്തായിരുന്നു

Update:2023-01-04 11:45 IST

ഓഹരി വില തുടര്‍ച്ചയായി ഇടിയുന്ന ടെക്ക് കമ്പനികളില്‍ പ്രമുഖരാണ് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍(Apple). ഒരുവര്‍ഷം കൊണ്ട് ആപ്പിളിന്റെ ഓഹരികള്‍ 30 ശതമാനത്തോളം ആണ് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 170 ഡോളറിന് മുകളിലായിരുന്ന ഓഹരികള്‍ നിലവില്‍ 125.07 ഡോളറിലാണ് വ്യാപാരം.

ഡിസംബറില്‍ ഓഹരികള്‍ 15 ശതമാനം ഇടിഞ്ഞതോടെ 2 ട്രില്യണ്‍   വിപണി മൂല്യമുള്ള (Market Cap) ഏക കമ്പനി എന്ന സ്ഥാനവും ആപ്പിളിന് നഷ്ടമായി. ഉല്‍പ്പാദനത്തിലെ പ്രശ്‌നങ്ങളും പലിശ നിരക്ക് ഉയരുന്നതുമാണ് ആപ്പിള്‍ ഓഹരികള്‍ക്ക് തിരിച്ചടിയായത്. 1.99 ട്രില്യണ്‍ ഡോളറാണ് ആപ്പിളിന്റെ ഇപ്പോഴത്തെ വിപണി മൂല്യം. ടെക്ക് കമ്പനി മൈക്രോസോഫ്റ്റും എണ്ണക്കമ്പനി സൗദി അരാംകോയും കഴിഞ്ഞ വര്‍ഷം തന്നെ 2 ട്രില്യണ്‍ ക്ലബ്ബില്‍ നിന്ന് പുറത്തായിരുന്നു.

ഒരു വര്‍ഷത്തിനിടെ 27.18 ശതമാനം ഓഹരി ഇടിവ് നേരിട്ട മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 1.79 ട്രില്യണ്‍ ഡോളറാണ്. ആഗോള തലത്തില്‍ ടെക്ക് കമ്പനികളുടെ ഓഹരികള്‍ തിരിച്ചടി നേരിട്ട വര്‍ഷമായിരുന്നു 2022. ഗൂഗിള്‍ (-38.28 %), ഫേസ്ബുക്ക് (-62.93 %), ടിസിഎസ് (-15.13), ഇന്‍ഫോസിസ് (-20.70 %) ഉള്‍പ്പെടുള്ളവയുടെ ഓഹരികള്‍ ഒരു വര്‍ഷം കൊണ്ട് കുത്തനെ ഇടിയുകയാണ് ചെയ്തത്.

Tags:    

Similar News