നിങ്ങള്‍ ഇപ്പോള്‍ ഓഹരി വില്‍ക്കണോ?

ഇന്ത്യന്‍ ഓഹരി സൂചികകള്‍ സര്‍വകാലറെക്കോര്‍ഡില്‍ നില്‍ക്കുമ്പോള്‍ ഓഹരി വില്‍ക്കേണ്ട സമയമായോ? ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ ഇതിന് മറുപടി നല്‍കുന്നു.

Update:2021-09-19 14:00 IST

ഇന്ത്യന്‍ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. പല ഓഹരികളുടെ മൂല്യവും അത്യധികം കൂടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓഹരി ഇപ്പോള്‍ വില്‍ക്കണോ, അതോ വില്‍പ്പന തീരുമാനം നീട്ടിക്കൊണ്ടുപോകണോ? നിക്ഷേപകരെ കുഴപ്പിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ നല്‍കുന്ന മറുപടിയെന്താണെന്ന് നോക്കാം.

2020 മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന തലത്തില്‍ നിന്ന് നിഫ്റ്റി ഏതാണ്ട് 132 ശതമാനം ഇപ്പോള്‍ ഉയര്‍ന്നുകഴിഞ്ഞു. നിക്ഷേപകരില്‍ പലരും ഇപ്പോള്‍ നല്ല ലാഭം കൈവശപ്പെടുത്തി സന്തോഷിച്ചിരിക്കുകയാകും.

2020 മാര്‍ച്ചിലെ വിപണി തകര്‍ച്ചയ്ക്കുശേഷം ഓഹരിയില്‍ നിക്ഷേപിച്ചവരെ സംബന്ധിച്ചിടത്തോളം പലര്‍ക്കും വലിയ നേട്ടം തന്നെ ഇപ്പോള്‍ ലഭിച്ചിട്ടുണ്ടാകും.

അങ്ങനെ ഓഹരി വിപണിയില്‍ നിന്ന് നല്ല നേട്ടമൊക്കെ ഉണ്ടാക്കി ഇരിക്കുന്നവര്‍ ഇപ്പോള്‍ വിറ്റ് മാറണോ?

നിക്ഷേപത്തില്‍ നിന്ന് ലാഭമെടുക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷേ, ഒരു നിക്ഷേപകന്‍ എപ്പോള്‍ ഓഹരി വില്‍ക്കണം, കൈവശം വെയ്ക്കണം എന്നീ തീരുമാനം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതില്‍ പ്രധാനം നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ തന്നെയാണ്.
ആര് വില്‍ക്കണം, ആര് വാങ്ങണം?
സാമ്പത്തിക ലക്ഷ്യം അനുസരിച്ച് വേണം ഇപ്പോള്‍ ഓഹരി വില്‍പ്പനയെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞല്ലോ. എങ്ങനെയാണ് അതെടുക്കുക എന്ന് നോക്കാം.

ചിലര്‍ വീട് പണിയാനുള്ള കാശുണ്ടാക്കാനാകും ഓഹരിയില്‍ നിക്ഷേപിച്ചിട്ടുണ്ടാകുക. ചിലര്‍ അവരുടെ ഇഷ്ടകാര്‍ വാങ്ങാനാകും. അത്തരക്കാര്‍ ആ ലക്ഷ്യം നേടാനുള്ള പണം ഇപ്പോള്‍ ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇപ്പോള്‍ ഓഹരി വിറ്റ് ആ പണമെടുത്ത് സാമ്പത്തിക ലക്ഷ്യം നേടുക.

നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കാനാണ് സമ്പാദിക്കുന്നത്. ആ ആഗ്രഹങ്ങള്‍ ഇപ്പോള്‍ ലഭിച്ച നേട്ടം കൊണ്ട് സാധിക്കാന്‍ പറ്റുമെങ്കില്‍ അത് നടത്തുക.

മറ്റൊരു ഉദാഹരണം നോക്കാം.

ഒരാള്‍ തന്റെ റിട്ടയര്‍മെന്റ് കാലം മുന്നില്‍ കണ്ടാണ് മ്യൂച്വല്‍ ഫണ്ടില്‍ എസ് ഐ പി നിക്ഷേപം നടത്തുന്നതെന്ന് ചിന്തിക്കുക. ഇപ്പോള്‍ നല്ല നേട്ടം ഉണ്ടായിക്കാണും. പക്ഷേ അത് ഇപ്പോള്‍ പിന്‍വലിക്കേണ്ടതില്ല. ഒരു അഞ്ച് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ആവശ്യം വരുന്നതെങ്കില്‍ തിരക്കിട്ട് നിക്ഷേപം പിന്‍വലിക്കേണ്ട കാര്യമേയില്ല. അടുത്ത അഞ്ചുവര്‍ഷത്തിനിടെ വിപണിയില്‍ തിരുത്തലുണ്ടാകും. കുതിപ്പുമുണ്ടാകും. എന്നിരുന്നാലും ഇന്ന് ഓഹരി സൂചിക ഇപ്പോള്‍ നില്‍ക്കുന്ന തലത്തേക്കാള്‍ എന്തായാലും ഉയര്‍ന്ന തലത്തിലായിരിക്കും അടുത്ത അഞ്ചുവര്‍ഷം കഴിയുമ്പോള്‍.

അതുകൊണ്ട് സിസ്റ്റമാറ്റിക്കായി നിക്ഷേപം തുടരുക.
വിപണിയില്‍ നിന്ന് സമ്പത്ത് ആര്‍ജ്ജിക്കണോ? എങ്കില്‍ ഇങ്ങനെ ചെയ്യണം
ഓഹരി വിപണിയില്‍ നിന്ന് സമ്പത്ത് ആര്‍ജ്ജിക്കുകയാണ് ലക്ഷ്യമെങ്കില്‍ തുടര്‍ച്ചയായി നിക്ഷേപിച്ചുകൊണ്ടിരിക്കുക എന്ന തന്ത്രമാണ് സ്വീകരിക്കേണ്ടത്. സ്‌റ്റോക്ക് മാര്‍ക്കറ്റിലൂടെയാണ് ഏറ്റവും വലിയ സമ്പത്ത് ആര്‍ജ്ജിക്കാന്‍ സാധിക്കാനാവുക.

1979ല്‍ സെന്‍സെക്‌സ് 100 പോയ്ന്റിലായിരുന്നു. 42 വര്‍ഷം കൊണ്ട് 580 മടങ്ങ് സെന്‍സെക്‌സ് ഉയര്‍ന്നു. ഏതാണ്ടെല്ലാ അസറ്റ് ക്ലാസുകളെയും കവച്ചുവെയ്ക്കുന്ന പ്രകടനമാണ് ഇത് കാഴ്ചവെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മിന്നും പ്രകടനം വരും കാലത്തും തുടരും.

അതുകൊണ്ട് സമ്പത്ത് ആര്‍ജ്ജിക്കണമെന്നുണ്ടെങ്കില്‍ തുടര്‍ച്ചയായി, സിസ്റ്റമാറ്റിക്കായി നിക്ഷേപിച്ചുകൊണ്ടേയിരിക്കുക. സെന്‍സെക്‌സ് 56,000ത്തിലെത്തിയോ അതോ 58,000 തൊട്ടോ അതുമല്ലെങ്കില്‍ 60,000 മറികടന്നോ എന്നൊന്നും ഇത്തരക്കാര്‍ നോക്കേണ്ടതില്ല.

സമ്പത്ത് ആര്‍ജ്ജിക്കാനുള്ള ഏറ്റവും മികച്ച വഴി അച്ചടക്കത്തോടെയുള്ള സിസ്റ്റമാറ്റിക്കായ നിക്ഷേപം തന്നെയാണ്.


Tags:    

Similar News