ആസാദ് മൂപ്പന്‍ കുടുംബം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങി
വലിയ സ്വകാര്യ നിക്ഷേപകനില്‍ നിന്ന് 4% ഓഹരികള്‍ 460 കോടി രൂപക്ക് വാങ്ങി
വിവിധ രാജ്യങ്ങളില്‍ അത്യാധുനിക ചികിത്സ സംവിധാനങ്ങള്‍ ഉള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ സ്ഥാപകരായ ഡോ. ആസാദ് മൂപ്പനും കുടുംബവും 4 ശതമാനം ഓഹരികള്‍ കരസ്ഥമാക്കി. വലിയ സ്വകാര്യ നിക്ഷേപകരില്‍ നിന്ന് 460 കോടി രൂപക്ക് ഓഹരികള്‍ വാങ്ങിയതോടെ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 41.88 ശതമാനമായി വര്‍ധിച്ചു.
കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ എന്നിങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സാന്നിധ്യമുണ്ട്.
വളര്‍ച്ചയില്‍ ഉള്ള വിശ്വാസ്യത
ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ആസ്റ്ററിന്റെ ബിസിനസ് മൂല്യം 140 കോടി ഡോളറാണ്. ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുക വഴി പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയുടെ ബിസിനസ് വളര്‍ച്ചയില്‍ ഉള്ള വിശ്വാസ്യതയും, രോഗികളോടും, ജീവനക്കാരോടും ഉളള പ്രതിബദ്ധതയും തെളിയുക്കുന്നതായി ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. കുടുംബം എന്ന നിലക്ക് ആസ്റ്റര്‍ ആശുപത്രിയുടെ ഇന്ത്യയിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും ബിസിനസില്‍ തുടര്‍ന്നും പങ്കാളിത്തം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെച്ചപ്പെട്ട വരുമാനം
2021-22 മൊത്തം വരുമാനം 10,253 കോടി രൂപ. 2022-23 ഡിസംബര്‍ പാദത്തില്‍ വരുമാനം 35 ശതമാനം വര്‍ധിച്ച് 398.64 കോടി രൂപയായി. അറ്റാദായം 80 ശതമാനം വര്‍ധിച്ച് 34.58 കോടി രൂപയായി. മാര്‍ച്ച് മാസം ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഈ മാസം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഇന്ത്യയുടെ സിഇഒയായി ഡോ നിതീഷ് ഷെട്ടി നിയമിതനായി. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലിഷാ മൂപ്പന്‍ ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ ഏറ്റവും ശക്തയായ വനിതയായി തിരഞ്ഞെടുക്കപെട്ടു.