മൂന്ന് വര്‍ഷം കൊണ്ട് നമ്പര്‍ വണ്‍, ഐപിഒയ്ക്ക് ഒരുങ്ങി ഡ്യൂറോഫ്‌ലക്‌സ്

ആലപ്പുഴയില്‍ ഉള്‍പ്പടെ 6 ഫാക്ടറികളുള്ള കമ്പനിയുടെ വിപണി വിഹിതം 16-17 ശതമാനം ആണ്

Update:2022-09-20 18:15 IST

മൂന്ന് വര്‍ഷം കൊണ്ട് വിപണി വിഹിതത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഡ്യൂറോഫ്‌ലക്‌സ് (duroflex) എത്തുമെന്ന് സിഇഒ മോഹന്‍രാജ് ജഗന്നിവാസന്‍. കേരളം നിന്ന് പ്രവര്‍ത്തനം തുടങ്ങിയ പ്രമുഖ മെത്ത നിര്‍മാതാക്കളായ ഡ്യൂറോഫ്‌ലെക്‌സിന് നിലവില്‍ 16-17 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. 3-4 വര്‍ഷത്തിനുള്ളില്‍ പ്രാരംഭ ഓഹരി വില്‍പ്പന (IPO) നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

2025 ഓടെ 2,000 കോടി രൂപയുടെ വരുമാനത്തിലേക്ക് കമ്പനി എത്തുമെന്നും ഒരു ദേശീയ മാധ്യമത്തോട് ഡ്യൂറോഫ്‌ലക്‌സ് സിഇഒ വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷം 1,300 കോടിയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1000 കോടി രൂപയായിരുന്നു ഡ്യൂറോഫ്‌ലക്‌സിന്റെ വരുമാനം. 60 കോടിയുടെ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.യുകെ, ജര്‍മനി, ദക്ഷിണ കൊറിയ, മലേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളാണ് ഡ്യൂറോഫ്‌ലക്‌സിന്റെ പ്രധാന വിദേശ വിപണികള്‍.

ഡ്യൂറോഫ്‌ലക്‌സിന്റെ വരുമാനത്തില്‍ 70 ശതമാനവും റീട്ടെയില്‍ ഷോപ്പുകളിലൂടെയാണ് ലഭിക്കുന്നത്. ബാക്കിയുള്ള വില്‍പ്പന കമ്പനിയുടെ തന്നെ സ്റ്റോറുകളും വെബ്‌സൈറ്റുകളും ഉള്‍പ്പെട്ട ഡി2സി ചാനല്‍ വഴിയാണ് നടക്കുന്നത്. വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ വിപണി ലക്ഷ്യമിട്ട് അടുത്തിടെ ഇന്‍ഡോര്‍ ഫാക്ടറിയില്‍ കൂടുതല്‍ നിക്ഷേപം കമ്പനി നടത്തിയിരുന്നു. ആലപ്പുഴ, ഹൈദരാബാദ്, ഹോസുര്‍, ബിവന്ദി, ഗുര്‍ഗാവോണ്‍ എന്നിവടങ്ങളിലാണ് ഡ്യൂറോഫ്‌ലെക്‌സിന്റെ മറ്റ് ഫാക്ടറികള്‍.

Tags:    

Similar News