ഐ.പി.ഒ നടത്താന്‍ ഇസാഫ് ബാങ്കിന് സെബിയുടെ അനുമതി; സമാഹരിക്കുക ₹629 കോടി

മറ്റ് 4 കേരള കമ്പനികളും ഐ.പി.ഒയിലേക്ക്

Update:2023-10-18 11:38 IST

Image : Dhanam File

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് പ്രാരംഭ ഓഹരി വില്‍പന (IPO) നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) അനുമതി.

കഴിഞ്ഞ ജൂലൈയിലാണ് ഐ.പി.ഒയ്ക്കായി ഇസാഫ് ബാങ്ക് സെബിക്ക് അപേക്ഷ (DRHP) സമര്‍പ്പിച്ചത്. അതിന് മുമ്പ് രണ്ടുവട്ടം അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങള്‍ മൂലം ഐ.പി.ഒ നടത്തിയിരുന്നില്ല. അനുമതി ലഭിച്ചാല്‍ ഒരുവര്‍ഷത്തിനകം ഐ.പി.ഒ നടത്തിയില്ലെങ്കില്‍ അനുമതി അസാധുവാകും. ഈ പശ്ചാത്തലത്തിലാണ് മൂന്നാമതും അപേക്ഷിച്ചത്.
ഒരു വര്‍ഷത്തിനകം ഓഹരി വിപണിയിലേക്ക്
സെബിയുടെ അനുമതി ലഭിച്ചതിനാല്‍ അടുത്ത 12 മാസത്തിനകം ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് ആദ്യചുവട് വയ്ക്കാന്‍ ഇസാഫ് ബാങ്കിന് കഴിയും.
ആകെ 629 കോടി രൂപയാകും ഐ.പി.ഒയിലൂടെ ഇസാഫ് ബാങ്ക് സമാഹരിക്കുക. ഇതില്‍ 486.74 കോടി രൂപ പുതിയ ഓഹരികളായിരിക്കും (Fresh Issue). നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയിലിലൂടെ (OFS) 142.30 കോടി രൂപയും സമാഹരിക്കും.
ഇസാഫ് ബാങ്കില്‍ ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിനുള്ള 119.26 കോടി രൂപയുടെ ഓഹരികള്‍, പി.എന്‍.ബി മെറ്റ്‌ലൈഫ് ഇന്ത്യക്കുള്ള 12.67 കോടി രൂപയുടെ ഓഹരികള്‍, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സിനുള്ള 10.37 കോടി രൂപയുടെ ഓഹരികള്‍ എന്നിവയാണ് ഒ.എഫ്.
എസി
ലുണ്ടാവുക.
ഐ.പി.ഒയ്ക്ക് മുന്നോടിയായി പ്രൈവറ്റ് പ്ലേസ്‌മെന്റ് (Pre-IPO Placement) വഴി 97.33 കോടി രൂപ സമാഹരിക്കാന്‍ ഇസാഫ് ബാങ്ക് ആലോചിക്കുന്നുണ്ട്. ഇത് നടന്നാല്‍, ഐ.പി.ഒയിലെ പുതിയ ഓഹരികളുടെ എണ്ണം കുറച്ചേക്കും. ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങള്‍ക്കായാകും ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമായും പ്രയോജനപ്പെടുത്തുക.

ഇസാഫ് ബാങ്കില്‍ യൂസഫലിക്കും മുത്തൂറ്റ് ഫിനാന്‍സിനും ഓഹരി

ഇസാഫ് ബാങ്കില്‍ 74.43 ശതമാനം ഓഹരികളും പ്രൊമോട്ടര്‍മാരുടെ കൈവശമാണ്. ബാക്കി പൊതു ഓഹരി ഉടമകളുടെയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, മുത്തൂറ്റ് ഫിനാന്‍സ്, പി.എന്‍.ബി മെറ്റ്‌ലൈഫ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ബജാജ് അലയന്‍സ് ലൈഫ്, പി.ഐ വെഞ്ച്വേഴ്‌സ് തുടങ്ങിയവര്‍ പൊതു ഓഹരി ഉടമകളില്‍ ഉള്‍പ്പെടുന്നു.

എം.എ. യൂസഫലിക്കുള്ളത് 4.99 ശതമാനം ഓഹരികള്‍. യു.എ.ഇയിലെ എ.എസ്.ടി ഗ്രൂപ്പ് സി.ഇ.ഒ ജോര്‍ജ് ഇട്ടന്‍ മരംകണ്ടത്തിലിന് ഇസാഫ് ബാങ്കില്‍ 2.97 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

പി.എന്‍.ബി മെറ്റ്‌ലൈഫിന് 4.75 ശതമാനം, മുത്തൂറ്റ് ഫിനാന്‍സിന് 4.16 ശതമാനം, ബജാജ് അലയന്‍സിന് 3.89 ശതമാനം, പി.ഐ വെഞ്ച്വേഴ്‌സിന് 1.94 ശതമാനം, ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡിന് 1.39 ശതമാനം എന്നിങ്ങനെയും ഓഹരി പങ്കാളിത്തമുണ്ട്.

ഐ.പി.ഒയ്‌ക്കൊരുങ്ങി കൂടുതല്‍ കേരള കമ്പനികള്‍
ഇസാഫ് ബാങ്കിന് പുറമേ കേരളത്തില്‍ നിന്നുള്ള ഏതാനും കമ്പനികള്‍ കൂടി ഐ.പി.ഒയ്ക്ക് ഒരുങ്ങുകയാണ്. പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് സെബിക്ക് അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞു. പുതു ഓഹരികളിലൂടെ 250 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഫെഡ്ഫിന), മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ്, ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവയും ഐ.പി.ഒയ്ക്ക് സജ്ജമാവുകയാണ്.
1,400 കോടി രൂപയാണ് ഐ.പി.ഒയിലൂടെ ഫെഡ്ഫിനയുടെ ഉന്നം. ആശീര്‍വാദ് 1,500 കോടി രൂപയും മുത്തൂറ്റ് മൈക്രോഫിന്‍ 1,000 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.
Tags:    

Similar News