ഇസാഫ് ബാങ്ക് ഐ.പി.ഒ: ഓഹരി പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു; വിശദാംശങ്ങള്‍
നവംബര്‍ മൂന്ന് മുതലാണ് ഇസാഫ് ബാങ്ക് ഐ.പി.ഒ ആരംഭിക്കുന്നത്
(Update - ഇസാഫ് ബാങ്ക് ഐ.പി.ഒ: ആദ്യ ദിനം തന്നെ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തു - (ഇസാഫ് ബാങ്ക് ഐ.പി.ഒ: ആദ്യ ദിനം തന്നെ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തു )
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നവംബര്‍ മൂന്നിന് ആരംഭിക്കുന്ന പ്രാരംഭ ഓഹരി വില്‍പനയുടെ (IPO) പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. ഓഹരിയൊന്നിന് 57-60 രൂപ നിരക്കിലായിരിക്കും വില്‍പന.
നവംബര്‍ ഏഴുവരെയാണ് ഐ.പി.ഒ. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്‌മെന്റ് നവംബര്‍ രണ്ടിന് നടക്കും. നിലവില്‍ 44.94 കോടി ഓഹരികളാണ് ഇസാഫ് ബാങ്കിനുള്ളത്. ഇതോടൊപ്പം 391 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂവുമുണ്ട്. ഓഹരി ഒന്നിന് 57 രൂപ വീതം കണക്കാക്കിയാല്‍ ഐ.പി.ഒയ്ക്ക് ശേഷം ബാങ്കിന്റെ വിപണിമൂല്യം 2,953 കോടി രൂപയാകും. ഓഹരി ഒന്നിന് ഉയര്‍ന്ന പ്രൈസ് ബാന്‍ഡായ 60 രൂപ കണക്കാക്കിയാല്‍ വിപണിമൂല്യം 3,088 കോടി രൂപയായിരിക്കും.
ലക്ഷ്യം 463 കോടി രൂപ
ഐ.പി.ഒയിലൂടെ 463 കോടി രൂപ സമാഹരിക്കാനാണ് ഇസാഫ് ബാങ്ക് ഉന്നമിടുന്നത്. ഇതില്‍ 390.7 കോടി രൂപയുടേത് പുതിയ ഓഹരികളാണ് (Fresh Issue). നിലവിലെ ഓഹരി ഉടമകള്‍ ഓഫര്‍-ഫോര്‍-സെയില്‍ (OFS) വഴി 72.3 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കും.
Also Read : കേരളത്തിലെ ഇസാഫ് ബാങ്കിന്റെ ഐ.പി.ഒ നവംബര്‍ 3ന് ആരംഭിക്കും, ലക്ഷ്യം 463 കോടി രൂപ
Also Read : കേരളത്തിലെ ഇസാഫ് ബാങ്കിന്റെ ഐ.പി.ഒ നവംബര്‍ 3ന് ആരംഭിക്കും, ലക്ഷ്യം 463 കോടി രൂപ
ഒ.എഫ്.എസില്‍ 49.26 കോടി രൂപയുടെ ഓഹരികള്‍ പ്രൊമോട്ടര്‍മാരായ ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റേതാണ്. മറ്റ് നിക്ഷേപകരായ പി.എന്‍.ബി മെറ്റ്‌ലൈഫ് ഇന്ത്യ ഇന്‍ഷ്വറന്‍സ് 12.67 കോടി രൂപയുടെയും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് 10.37 കോടി രൂപയുടെയും ഓഹരികളും വില്‍ക്കും.
പാതിയും നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്
ഐ.പി.ഒയിലൂടെ വിറ്റഴിക്കുന്ന ഓഹരികളില്‍ 12.5 കോടി രൂപയുടെ ഓഹരികൾ ബാങ്കിന്റെ ജീവനക്കാര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഓഹരി ഒന്നിന് 5 രൂപ വീതം ഡിസ്‌കൗണ്ടുണ്ട്.
ജീവനക്കാര്‍ക്കായി മാറ്റിവച്ചത് കിഴിച്ചുള്ള ബാക്കി ഓഹരികളില്‍ 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ളതാണ് (QIP). 15 ശതമാനം അതി സമ്പന്ന വ്യക്തികള്‍ക്കും (HNIs) ബാക്കി 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായാണ് വകയിരുത്തിയിരിക്കുന്നത്.
മിനിമം 15,000 രൂപ
ഏറ്റവും കുറഞ്ഞത് 250 ഇക്വിറ്റി ഓഹരികള്‍ക്കാണ് ഇസാഫ് ബാങ്കിന്റെ ഐ.പി.ഒയില്‍ അപേക്ഷിക്കാനാവുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞതുക 15,000 രൂപ. പരമാവധി 1.95 ലക്ഷം രൂപയും നിക്ഷേപിക്കാം (അതായത്, പരമാവധി 3,250 ഇക്വിറ്റി ഓഹരികള്‍). നവംബര്‍ 10ഓടെ അര്‍ഹരായ നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ വകയിരുത്തും. അര്‍ഹരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് നവംബര്‍ 15ഓടെ ഓഹരികള്‍ ലഭ്യമാക്കുകയും ചെയ്യും. നവംബര്‍ 16ന് ഇസാഫ് ബാങ്ക് ഓഹരികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. അതായത്, അന്നുമുതല്‍ ഓഹരി വിപണിയില്‍ ഇസാഫിന്റെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.