ഓഹരി വിപണിയിലും വ്യാപാരം കൊഴുപ്പിക്കാന്‍ ഫ്‌ളിപ്പ്കാര്‍ട്ട്, കോളടിക്കുന്നത് വാള്‍മാര്‍ട്ടിന്

മൂന്ന് വര്‍ഷമായി കമ്പനി ഐ.പി.ഒയ്ക്കുള്ള തയാറെടുപ്പിലാണ്‌

Update:2024-12-09 12:27 IST

രാജ്യത്തെ മുന്‍നിര ഇകൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളികാര്‍ട്ട് അടുത്ത 12-15 മാസത്തിനുള്ളില്‍ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ് കാര്‍ട്ട് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നതായി കഴിഞ്ഞ മേയില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഒരു ഇ-കൊമേഴ്‌സ് കമ്പനി രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നായിരിക്കുമിതെന്നാണ് കരുതുന്നത്. കമ്പനിക്ക് 36 ബില്യണ്‍ ഡോളറാണ് മൂല്യം കണക്കാക്കുന്നത്.

വീണ്ടും പൊടി തട്ടി ഐ.പി.ഒ മോഹം 

ഐ.പി.ഒയുടെ ആദ്യപടിയായി കമ്പനിയുടെ സ്ഥിരം മേല്‍വിലാസം സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനായി ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ 2026 കലണ്ടര്‍ വര്‍ഷത്തന്റെ ആദ്യ പാദത്തിലോ ഐ.പി.ഒ നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
സൊമാറ്റോ, നൈക, സ്വിഗി അടക്കമുള്ള ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് വിപണിയില്‍ ലഭിച്ച സ്വീകാര്യതയുടെ ബലത്തിലാണ് ഫ്‌ളിപ്കാര്‍ട്ടും ഇന്ത്യയില്‍ ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്. 2021 മുതല്‍ ഐ.പി.ഒയ്ക്ക് പദ്ധതിയിടുന്നുണ്ടെങ്കിലും 2022-23 കാലയളവുകളില്‍ വിപണി അനുകൂലമല്ലാതിരുന്നതിനാല്‍ ഇതില്‍ നിന്ന് പിന്‍വലിഞ്ഞു. അടുത്തിടെ കണ്‍സ്യൂമര്‍ കമ്പനികള്‍ക്ക് ഐ.പി.ഒ വിപണിയില്‍ മികച്ച നേട്ടം കാഴ്ചവയ്ക്കാനായതാണ് വീണ്ടും ഇതേ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

സോഫ്റ്റ് ബാങ്കും ഗൂഗ്‌ളും അടക്കമുള്ള നിക്ഷേപകര്‍

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഭീമനായ വാള്‍മാര്‍ട്ടിന് ഫിളിപ്കാര്‍ട്ടില്‍ 81 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 19 ശതമാനം സോഫ്റ്റ് ബാങ്ക്, ഗൂഗ്ള്‍, ജി.ഐ.സി തുടങ്ങിയ മറ്റ് നിക്ഷേപകര്‍ക്കാണ്. 2018ലാണ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികള്‍ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കിയത്. 
ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ ബിന്നി ബന്‍സാലും മറ്റ് നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, ആക്‌സല്‍ എന്നിവരും അവരുടെ ഓഹരികള്‍ പൂര്‍ണമായും വാള്‍മാര്‍ട്ടിന് വിറ്റഴിക്കുകയായിരുന്നു. 
ഫ്‌ളിപ്കാര്‍ട്ടിന്റെ ലിസ്റ്റിംഗ് വാള്‍മാര്‍ട്ടിന്റെ കീശയില്‍ വന്‍ തുക എത്തിക്കും. ഏറ്റെടുക്കലിനു ശേഷം ഇതു വരെ 2 ബില്യണ്‍ ഡോളറോളം തുക പല തവണകളിലായി കമ്പനി നിക്ഷേപിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 600 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഈ വര്‍ഷം ഗൂഗ്‌ളില്‍ നിന്ന് 350 കോടി ഡോളറിന്റെ ഫണ്ടിംഗും ഫ്‌ളിപ്കാര്‍ട്ട് നേടിയിരുന്നു.
2024 സാമ്പത്തിക വര്‍ഷത്തില്‍ ഫ്‌ളിപ്കാര്‍ട്ട് 17,907.3 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം നേടിയെങ്കിലും നഷ്ടം 2,358 കോടി രൂപയാണ്. എന്നാല്‍ തൊട്ടു മുന്‍ വര്‍ഷങ്ങളിലെ നഷ്ടം കാര്യമായി കുറയ്ക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിന് സാധിച്ചിട്ടുണ്ട്. 
Tags:    

Similar News